ആക്കുളം-കൊല്ലം സാമ്പത്തിക മേഖലകള്‍ വികസിപ്പിക്കുന്നതിന് കിഫ്ബി ധനസഹായം
text_fieldsതിരുവനന്തപുരം: വെസ്റ്റ് കോസ്റ്റ് കനാലിന്റെ ആക്കുളം-കൊല്ലം ഭാഗത്ത് (റീച്ച് -2) സാമ്പത്തിക വികസന മേഖലകള്‍ വികസിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും കിഫ്ബി ധനസഹായം നൽകാൻ മന്ത്രിസഭാ തീരുമാനം. ഏകദേശം 70.7 ഏക്കര്‍ ഭൂമി 61.58 കോടി രൂപ ചെലവില്‍ ഏറ്റെടുക്കാന്‍ കിഫ്ബി ധനസഹായം ലഭ്യമാക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കി.
സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണ്ണയ അതോറിറ്റിയില്‍ 56500-118100 രൂപ ശമ്പള നിരക്കില്‍ ഒരു എന്‍വയോണ്‍മെന്റ് ഓഫീസറുടെയും 51400-110300 ശമ്പള നിരക്കില്‍ രണ്ട് അസിസ്റ്റന്റ് എന്‍വയോണ്‍മെന്റ് ഓഫീസര്‍മാരുടെയും തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
സംസ്ഥാന പട്ടിക ജാതി - വർഗ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറായി വി.പി. സുബ്രഹ്മണ്യനെ രണ്ടുവര്‍ഷത്തേക്ക് നിയമിക്കാന്‍ തീരുമാനിച്ചു. കോട്ടൂര്‍ ആന പുനരധിവാസകേന്ദ്രത്തിന്റെയും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെയും സ്‌പെഷ്യല്‍ ഓഫീസറുടെ നിയമന കാലാവധി മാർച്ച് 31വരെ ദീര്‍ഘിപ്പിക്കും. ഫോറസ്റ്റ് ഇന്റസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡിലെ തൊഴിലാളികളുടെ 1.07.2017 മുതല്‍ 30.06.2022 വരെയുള്ള ദീര്‍ഘകാല കരാര്‍ അംഗീകരിക്കാന്‍ തീരുമാനിച്ചു.
തൃശൂര്‍ പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ നെല്ലായി വില്ലേജില്‍ ഭൂരഹിത തൊഴിലാളികുടുംബങ്ങള്‍ക്ക് വീടുവയ്ക്കുന്നതിന് സ്ഥലം നല്‍കുന്ന പദ്ധതിയില്‍ 8 ഗുണഭോക്താക്കള്‍ക്ക് ഭൂമി രജിസ്റ്റര്‍ ചെയ്തു നല്‍കുന്നതിന് മുദ്രവിലയിനത്തില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചു. വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയ്ക്ക് താഴെയുള്ളവര്‍ക്കാണ് ഇളവ്. പരമാവധി 90,064 രൂപയാണ് ഇളവ് നല്‍കുക. രജിസ്‌ട്രേഷന്‍ ഫീസില്‍ പരമാവധി 22,516 രൂപ ഇളവ് നല്‍കും.
തൃശൂര്‍ വികസന അതോറിറ്റിയിലെ സാങ്കേതിക വിഭാഗം ജീവനക്കാരായ നാലുപേരെ തദ്ദേശ സ്വയംഭരണ എഞ്ചിനീയറിംഗ് സര്‍വീസിലേക്ക് ആഗിരണം ചെയ്യാന്‍ തീരുമാനിച്ചു. കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ബോണസിന് അര്‍ഹതയില്ലാത്ത ജീവനക്കാര്‍ക്ക് 2021-22 വര്‍ഷത്തെ എക്‌സ്‌ഗ്രേഷ്യ അനുവദിക്കാന്‍ തീരുമാനിച്ചു. 14600 രൂപയാണ് അനുവദിക്കാനും മന്ത്രിസഭ യോഗം തിരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.