കിഫ്ബി അന്വേഷണം: തുടരെത്തുടരെ സമൻസ് എന്തിനെന്ന് ഇ.ഡിയോട് ഹൈകോടതി
text_fieldsകൊച്ചി: കിഫ്ബി പ്രവർത്തനവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) എന്തിനാണ് തുടരെത്തുടരെ സമൻസുകൾ അയക്കുന്നതെന്ന് ഹൈകോടതി. അതേസമയം, മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ട് സംശയങ്ങളുണ്ടെങ്കിൽ അക്കാര്യം അന്വേഷിക്കുന്നതിൽ തെറ്റെന്തെന്ന് ആരാഞ്ഞ കോടതി, അന്വേഷണം സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു. സമൻസുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കാമെന്ന് ഇ.ഡി അഭിഭാഷകൻ അറിയിച്ചു.
കേസിന്റെ വിശദമായ വസ്തുതകളും നിയമപരമായ സാധ്യതകളും വിശദീകരിക്കാൻ നിർദേശിച്ച കോടതി, ഹരജി വീണ്ടും സെപ്റ്റംബർ രണ്ടിന് പരിഗണിക്കാൻ മാറ്റി. കിഫ്ബി പ്രവർത്തനങ്ങളെക്കുറിച്ച ഇ.ഡിയുടെ അന്വേഷണം നിയമവിരുദ്ധമാണെന്നും ഉദ്യോഗസ്ഥർക്ക് ഇ.ഡി നൽകിയ സമൻസുകൾ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് സി.ഇ.ഒ കെ.എം. എബ്രഹാം, ജോയന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവർ നൽകിയ ഹരജിയാണ് ജസ്റ്റിസ് വി.ജി. അരുൺ പരിഗണിച്ചത്. റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ടുകൾ ഇറക്കിയതെന്നും നിയമലംഘനമുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെങ്കിൽതന്നെ അതിനുള്ള അധികാരം ഇ.ഡിക്കല്ല റിസർവ് ബാങ്കിനാണെന്നുമാണ് കിഫ്ബിയുടെ വാദം. സി.ഇ.ഒ അടക്കം ഉദ്യോഗസ്ഥർ പലതവണ ചോദ്യം ചെയ്യലിന് ഹാജരായതാണ്. കുടുംബാംഗങ്ങളുടെ വിവരങ്ങൾ ഉൾപ്പെടെ അന്വേഷിക്കുന്നത് അന്യായമാണ്.
കിഫ്ബിയുടെ വിശ്വാസ്യത തകർക്കാനാണ് ശ്രമം. തുടരെത്തുടരെ സമൻസ് നൽകി ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുകയാണ്. ഒരേ രേഖകളുമായി ഹാജരാകാൻ വനിത ഉദ്യോഗസ്ഥക്ക് പലതവണ സമൻസ് നൽകി. ദേശീയപാത അതോറിറ്റിയടക്കം വിദേശത്ത് മസാല ബോണ്ടുകൾ ഇറക്കിയിട്ടുണ്ട്. അന്വേഷണം സ്റ്റേ ചെയ്യണമെന്നും കിഫ്ബിക്ക് വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.