കിഫ്ബി: ഇ.ഡി അന്വേഷണം തുടരാമെന്ന ഉത്തരവിനെതിരെ തോമസ് ഐസക്കിന്റെ അപ്പീൽ
text_fieldsകൊച്ചി: കിഫ്ബി മസാലബോണ്ടുകളിറക്കിയതിൽ നിയമലംഘനമുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായി പുതിയ സമൻസ് അയക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് മുൻ മന്ത്രി തോമസ് ഐസക്കിന്റെ അപ്പീൽ. ഇതിൽ തീർപ്പുണ്ടാകുന്നതുവരെ തുടർ നടപടികൾ വിലക്കണമെന്നും തോമസ് ഐസക്കും കിഫ്ബി ഉദ്യോഗസ്ഥരും നൽകിയ അപ്പീൽ ഹരജിയിൽ പറയുന്നു. ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഇത് ബുധനാഴ്ച പരിഗണിക്കും.
തോമസ് ഐസക്കും ഉദ്യോഗസ്ഥരും നൽകിയ ഹരജിയിൽ ഇവർക്ക് സമൻസ് നൽകുന്നത് ഹൈകോടതി നേരത്തേ തടഞ്ഞിരുന്നു. ഈ ഉത്തരവിൽ ഭേദഗതി വരുത്തിയാണ് തോമസ് ഐസക്, കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം, ജോയന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് തുടങ്ങിയവർക്ക് പുതിയ സമൻസ് തയാറാക്കി അയക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നവംബർ 24ന് അനുമതി നൽകിയത്.
സമൻസ് തടഞ്ഞതോടെ അന്വേഷണം നിലച്ചെന്നും പുതിയത് നൽകാൻ അനുവദിക്കണമെന്നുമുള്ള ഇ.ഡിയുടെ വാദം കണക്കിലെടുത്തായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ഈ ഭേദഗതിയിലൂടെ ഫലത്തിൽ നിലവിലെ ഉത്തരവ് തന്നെ ഇല്ലാതായെന്ന് തോമസ് ഐസക്കിന്റെ അപ്പീലിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.