കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന് കിഫ്‌ബിയുടെ സാമ്പത്തിക സഹായം
text_fieldsകൊച്ചി: കാൻസർ റിസർച്ച് സെന്ററിന് ഉപകരണങ്ങൾ വാങ്ങുന്നതിന് കിഫ്ബി ബോർഡ് 204 കോടി രൂപ അനുവദിച്ചു. നിർമാണത്തിനും അനുബന്ധ ആവശ്യങ്ങൾക്കും 2016 ൽ 230 കോടി രൂപ അനുവദിച്ചതുൾപ്പെടെ 431 കോടിയുടെ കിഫ്ബി സഹായമാണ് ഇതോടെ കാൻസർ സെന്ററിന് ലഭിക്കുന്നത്.
ആറുമാസ ഇടവേളകളിൽ 78.5 കോടി, 66.4 കോടി, 59.1 കോടി എന്നിങ്ങനെ മൂന്ന് തവണകളായാണ് തുക അനുവദിക്കുക. മൂന്ന് റേഡിയേഷൻ തെറാപ്പി മെഷീനുകൾ, എം.ആർ.ഐ, സി.ടി, പെറ്റ് സി.ടി. സ്കാനിംഗ് മെഷീനുകൾ, സി.ടി സിമുലേറ്റർ, ബ്രക്കി തെറാപ്പി, വെന്റിലേറ്ററുകൾ, ശീതീകരിച്ച ഫാർമസി മുറി, ഐ.സി.യു. ഉപകരണങ്ങൾ, മോണിറ്റർ, തുടങ്ങിയ ഉപകരണങ്ങളാണ് വാങ്ങുന്നത്.
രോഗ നിർണയം, ചികിത്സ എന്നീ ആവശ്യങ്ങൾക്കുള്ള നൂതന ഉപകരണങ്ങൾ വാങ്ങുന്നതിനു 2016 ൽ 143 കോടി രൂപയാണ് വകയിരുത്തിയത്. ഉപകരണ വില, ഡോളറിന്റെ വിനിമയ നിരക്ക്, ജി.എസ്.ടി, കസ്റ്റംസ് ഡ്യൂട്ടി എന്നിവ പരിഗണിച്ച് 61 കോടി രൂപകൂടി വർധിപ്പിച്ച് 204 കോടി രൂപ അനുവദിക്കണമെന്നായിരുന്നു കാൻസർ സെന്ററിന്റെ ആവശ്യം. കിഫ്ബി ബോർഡ് കാൻസർ സെന്ററിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു.
നേരത്തെ കാൻസർ സെന്റർ കെട്ടിട നിർമാണം, ലിഫ്റ്റ്, ഫർണിച്ചർ, വൈദ്യുതി, വെള്ളം, അനുബന്ധ സൗകര്യം എന്നിവയൊരുക്കുവാൻ 230 കോടി രൂപ കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ചിരുന്നു.
കെട്ടിട നിർമാണം അവസാന ഘട്ടത്തിലാണ്. 16 ലിഫ്റ്റുകളിൽ എട്ടെണ്ണവും റേഡിയേഷൻ ബങ്കറും സ്ഥാപിച്ചു. ഈ വർഷം അവസാനത്തോടെ സെന്ററിന്റെ ഉദ്ഘാടനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.