ആലപ്പുഴ കടൽപാലം നിർമാണത്തിന് കിഫ്ബിയുടെ അനുമതി
text_fieldsആലപ്പുഴ: 160 വർഷത്തെ ചരിത്രപാരമ്പര്യമുള്ള ആലപ്പുഴ പഴയ കടൽപാലത്തിന്റെ സ്മരണകൾ നിലനിർത്തി പുതിയപാലം നിർമിക്കുന്നതിന് കിഫ്ബിയുടെ അംഗീകാരം. 21 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റിനാണ് അനുമതി ലഭിച്ചത്. തുക കുറവാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെയുള്ള ടെൻഡർ ഏറ്റെടുക്കാൻ ആരുമില്ലായിരുന്നു.
ഇതോടെ പദ്ധതി ഇരുളിലായ അവസ്ഥയിൽനിന്നാണ് റീടെൻഡറിന് വഴിതുറന്നത്. തുക കൂട്ടി അനുവദിക്കാൻ കിഫ്ബി അംഗീകാരം നൽകിയതോടെ റീടെൻഡർ വേഗത്തിലാക്കുമെന്ന് മുസ്രിസ് പ്രോജക്ട് എം.ഡി പി.എം. നൗഷാദ് 'മാധ്യമ'ത്തോട് പറഞ്ഞു. ആലപ്പുഴ നഗരവികസനത്തിന്റെ നെടുംതൂണായിനിന്ന കടൽപാലം പൈതൃകപദ്ധതിയുടെ ഭാഗമായാണ് പുനരുദ്ധരിക്കുന്നത്.
19 കോടി രൂപയാണ് പദ്ധതിക്ക് ആദ്യം അനുവദിച്ചത്. ഇതിന് ടെൻഡർ വിളിച്ചെങ്കിലും കരാറുകാർ എത്തിയില്ല. എൻജിനീയറിങ് പ്രൊക്യുയർമെന്റ് കോൺട്രാക്ട് (ഇ.പി.സി) പ്രകാരമായിരുന്നു ടെൻഡർ. കരാറുകാർതന്നെ ഡിസൈൻ സമർപ്പിച്ച് പ്രവൃത്തിചെയ്യുന്ന രീതിയാണിത്.
ഈ തുകക്ക് പ്രവൃത്തി ഏറ്റെടുക്കാൻ ആരും മുന്നോട്ടുവന്നില്ല. തുക കൂടുതൽ അനുവദിച്ചാൽ മാത്രമേ രണ്ടുംകൂടി ഏറ്റെടുക്കാൻ കഴിയൂവെന്നായിരുന്നു നിലപാട്. ഇതോടെയാണ് 21 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കി കിഫ്ബിക്ക് സമർപ്പിച്ചത്. ഇതിന് അംഗീകാരം നൽകിയതോടെയാണ് പദ്ധതിക്ക് ജീവൻവെച്ചത്. ടെൻഡർ പൂർത്തിയാക്കിയാൽ വേഗത്തിൽ നിർമാണം ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
തുരുമ്പെടുത്ത പഴയ പാലത്തിൽനിന്ന് 500 മീ. മാറി ലൈറ്റ് ഹൗസിൽനിന്ന് എത്തുന്ന വഴിയുടെ ഭാഗത്തെ കടൽതീരത്താണ് പുതിയപാലം നിർമിക്കുക. 400 മീ. നീളവും 45 മീ. വീതിയുമുണ്ട്. 2018ലാണ് പുതിയ പാലമെന്ന പ്രഖ്യാപനമുണ്ടായത്.
2020-21 സാമ്പത്തിക വർഷത്തിലാണ് പാലം നിർമാണത്തിന്റെ ടെൻഡർ നടപടി ആരംഭിച്ചത്. തുടക്കത്തിൽ 14.26 കോടി ചെലവഴിച്ച് പുതിയപാലം നിർമിക്കാനായിരുന്നു പദ്ധതി. പലതവണ ടെൻഡർ വിളിച്ചിട്ടും കരാറുകാർ എത്തിയില്ല. തുടർന്നാണ് നിർമാണ സാമഗ്രികളുടെ വിലക്കനുസരിച്ച് ചെലവ് കൂടുന്നതിനാൽ തുക വർധിപ്പിക്കാൻ തീരുമാനിച്ചത്.
വലിയ കപ്പലിന് പകരം പായ്ക്കപ്പൽ അടുപ്പിക്കുന്ന തരത്തിലേക്ക് ആലപ്പുഴ ബീച്ചിനെ മാറ്റാനാണ് തുറമുഖ വകുപ്പ് ലക്ഷ്യമിടുന്നത്. 1989 ഒക്ടോബർ 11നാണ് ആലപ്പുഴ തുറമുഖത്ത് അവസാന കപ്പൽ നങ്കൂരമിട്ടത്. പഴയ പ്രതാപത്തിലേക്ക് പിന്നീടൊരിക്കലും തിരിച്ചുവന്നിട്ടില്ല.
പൈതൃകപദ്ധതിയുടെ ഭാഗമായി എത്തിച്ച് കടപ്പുറത്തെ പ്രത്യേക പ്ലാറ്റ്ഫോമിൽ സ്ഥാപിച്ച നാവികസേനയുടെ 60 ടൺ ഭാരമുള്ള പഴയ യുദ്ധക്കപ്പല്‍ (ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (ഇന്‍ഫാക് ടി-81) അകത്തുകയറി കാണാനുള്ള അവസരം ഇനിയും ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.