കിഫ്ബി: മേൽനോട്ടത്തിന് കണ്‍സള്‍ട്ടന്‍സി 54,391 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം
text_fieldsതിരുവനന്തപുരം: 100 കോടിക്ക് മുകളിലെ കിഫ്ബി പദ്ധതികളുടെ മേല്‍നോട്ടത്തിനായി കണ്‍സള്‍ട്ടന്‍സി നിയമനം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പദ്ധതികളുടെ പ്രവർത്തനപുരോഗതി വിലയിരുത്തുകയായിരുന്നു മുഖ്യമന്ത്രി. വിശദ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച കിഫ്ബിയുടെ 474 പുതിയ പ്രധാന പദ്ധതികള്‍ വേഗം പൂര്‍ത്തീകരിക്കാന്‍ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതികള്‍ക്കാവശ്യമായ ഭൂമി ഏറ്റെടുക്കലിന് വേഗം കൂട്ടണം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട സെക്രട്ടറിമാരുമായി ആലോചിച്ച് നടപടി ത്വരിതപ്പെടുത്തും. റോഡ് വീതി കൂട്ടുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കാനാകണം. 50 കോടിക്ക് മുകളിലുള്ള പദ്ധതികള്‍ രണ്ടാഴ്ചയിലൊരിക്കല്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിതലത്തില്‍ റിവ്യൂ ചെയ്യും.
മാസത്തിലൊരിക്കല്‍ ചീഫ് സെക്രട്ടറിതല അവലോകനം നടത്തും. സെപ്റ്റംബറോടെ പൊതുമരാമത്ത് ജോലികള്‍ ആരംഭിക്കാനാകണം. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാൻ മുഖ്യമന്ത്രി നിര്‍ദേശിച്ചു. 54,391 കോടി രൂപയുടെ 679 പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. 125 പദ്ധതികള്‍ ഡിസംബറിനകം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശം.
കുണ്ടന്നൂർ, വൈറ്റില, എടപ്പാൾ ഫ്ലൈഓവറുകൾ ഉടൻ പൂർത്തിയാക്കും. 50 കോടിക്ക് മുകളിലുള്ള പദ്ധതികളാണ് അവലോകനം ചെയ്തത്. മന്ത്രിമാരായ ഡോ. തോമസ് ഐസക്, ജി. സുധാകരന്, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, കിഫ്ബി സി.ഇ.ഒ ഡോ. കെ.എം. അബ്രഹാം, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.