കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കില്ല
text_fieldsകൊച്ചി: കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ വിക്രംജിത് സിംഗ് ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് (ഇ.ഡി) മുന്നിൽ ഹാജരായേക്കില്ല. അതെ സമയം ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടേക്കാൻ സാധ്യത. മൊഴിയെടുക്കാനായി ഇന്ന് രാവിലെ പത്തിന് ഹാജരാകാനാണ് വിക്രം ജിത് സിങ്ങിന് ഇ.ഡി നോട്ടീസ് നൽകിയിരുന്നത്.
വിദേശ നാണയ പരിപാലന ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് കിഫ്‌ബി സി.ഇ.ഒ കെ.എം.എബ്രഹാം, ഡെപ്യൂട്ടി സി.ഇ.ഒ, ഡെപ്യൂട്ടി മാനേജർ വിക്രം ജിത്ത് സിങ്ങ് , കിഫ്ബിയുടെ ബാങ്കിങ്ങ് പാർട്ണറായ ആക്‌സിസ് ബാങ്ക് ഹോൾസെയിൽ മേധാവി ഉൾപ്പടെയുള്ളവരോട് മൊഴിനൽകാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നൽകിയത്. കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാമിനോട് നാളെ ഹാജരാകാനുമാണ് നിർദ്ദേശിച്ചിരിക്കുന്നത്.
അതെ സമയം ഇ.ഡിയുടെ നടപടിയെ സി.പി.എമ്മും സർക്കാറും രാഷ്ട്രീയ ആയുധമാക്കിക്കഴിഞ്ഞു. 50,000 കോടിയുടെ വികസന പ്രവർത്തനം തുരങ്കംവെക്കാനുള്ള കേന്ദ്ര ഏജൻസി ഇടപെടൽ, സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണന എന്നിവ ഉയർത്തി ഇ.ഡിയുടെ നടപടിയെ തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കിക്കഴിഞ്ഞു. സംസ്ഥാനത്തിന്‍റെ അടിസ്ഥാന വികസനം സ്തംഭിപ്പിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നാണ് ഇടതുപക്ഷം പറയുന്നത്.
രാഷ്ട്രീയപ്രേരിതവും പെരുമാറ്റച്ചട്ട ലംഘനവുമാണ് ഇ.ഡി നീക്കമെന്ന് കാണിച്ച് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചുകഴിഞ്ഞു. കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ കേരളത്തിലെത്തി കിഫ്ബിക്കെതിരെ നടത്തിയ വിമർശനത്തിൻറെ തുടർച്ചയാണ് ഇഡിയുടെ നീക്കത്തിന് പിന്നിലെന്നും പരാതിയിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.