കിഫ്ബി മസാല ബോണ്ട്: വീണ്ടും നോട്ടീസയച്ച് ഇ.ഡി; വിരട്ടാൻ നോക്കേണ്ടെന്ന് തോമസ് ഐസക്
text_fieldsകൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ സി.പി.എം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക്കിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും നോട്ടീസ് അയച്ചു. തിങ്കളാഴ്ച കൊച്ചി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. എന്നാൽ, ഇ.ഡി വിരട്ടാൻ നോക്കേണ്ടെന്നും എല്ലാ വിവരങ്ങളും കിഫ്ബി ഉദ്യോഗസ്ഥർ നൽകിയിട്ടുണ്ടെന്നും തോമസ് ഐസക് ആവർത്തിച്ചു.
ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിലൂടെ ധനസമാഹരണത്തിന് കിഫ്ബി മസാല ബോണ്ട് ഇറക്കിയതിൽ ക്രമക്കേട് നടന്നെന്ന സി.എ.ജി റിപ്പോർട്ടിന് പിന്നാലെയാണ് ഇ.ഡി അന്വേഷണം തുടങ്ങിയത്. കിഫ്ബി സി.ഇ.ഒ, മുൻ ധനമന്ത്രികൂടിയായ തോമസ് ഐസക് എന്നിവരടക്കമുള്ളവർക്കെതിരെയാണ് അന്വേഷണം. വിദേശത്തുനിന്ന് സമാഹരിച്ച പണം ചട്ടം ലംഘിച്ച് റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ ഉപയോഗിച്ചെന്നാണ് ഇ.ഡി വാദം. കഴിഞ്ഞ 12ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് അയച്ചെങ്കിലും 21 വരെ നേരത്തേ നിശ്ചയിച്ച പരിപാടികളുള്ളതിനാൽ സാവകാശം വേണമെന്ന് ഐസക് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് 22ന് ഹാജരാകാൻ ആവശ്യപ്പെട്ടത്. ഇ.ഡി ആവശ്യപ്പെട്ട വിവരങ്ങളെല്ലാം കിഫ്ബി കോടതിയിൽ നൽകിയിട്ടുള്ളതിനാൽ താൻ ഹാജരാകുന്നത് സംബന്ധിച്ച് ആലോചിച്ച് തീരുമാനിക്കുമെന്ന് ഐസക് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇ.ഡി നോട്ടീസ് ചോദ്യം ചെയ്ത് കിഫ്ബി സി.ഇ.ഒ നൽകിയ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്. തോമസ് ഐസക്കും ഹൈകോടതിയെ വീണ്ടും സമീപിക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.