കിഫ്ബി മസാല ബോണ്ട്: പുതിയ സമൻസ് അയക്കാനുള്ള ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി
text_fieldsകൊച്ചി: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് പുതിയ സമൻസ് അയക്കാൻ എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇ.ഡി) അനുമതി നൽകിയ സിംഗിൾ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ് ഹൈകോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. മുൻ മന്ത്രി തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കുമെതിരെ സമൻസ് അയക്കാൻ നിർദേശിച്ച് നവംബർ 24ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.
ഇടക്കാല ഉത്തരവും ഇ.ഡി തുടരെ സമൻസ് അയക്കുന്നതും ചോദ്യം ചെയ്ത് കിഫ്ബിയും തോമസ് ഐസക്കും നൽകിയ അപ്പീൽ ഹരജിയിലാണ് നടപടി. എന്നാൽ, ഹരജിയുടെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും സിംഗിൾ ബെഞ്ച് തന്നെ ഹരജി പരിഗണിക്കുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കുമെതിരെ സമൻസ് അയക്കുന്നത് വിലക്കി ജസ്റ്റിസ് വി.ജി. അരുൺ ആണ് 2022 ഒക്ടോബർ 10ന് ആദ്യ ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതിൽ ഭേദഗതി വരുത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പുതിയ സമൻസ് അയക്കാൻ അനുമതി നൽകിയത്. ഒരു സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് മതിയായ സാഹചര്യങ്ങളില്ലാതെ മറ്റൊരു സിംഗിൾ ബെഞ്ച് ഭേദഗതി വരുത്തിയത് ഉചിതമല്ലെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. ഭേദഗതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ആർക്കും പുതുതായി സമൻസ് അയച്ചിട്ടില്ലെന്ന് ഇ.ഡിക്ക് വേണ്ടി അസി. സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ അറിയിച്ചു. ഇ.ഡി വാദം രേഖപ്പെടുത്തിയ കോടതി ഇടക്കാല ഉത്തരവ് റദ്ദാക്കിയത് ഹരജിയിലെ അന്തിമ തീർപ്പിനെ ബാധിക്കില്ലെന്നും വ്യക്തമാക്കി.
സമൻസ് നൽകുന്നത് തടഞ്ഞ് നേരത്തേ പുറപ്പെടുവിച്ച ഉത്തരവ് ഭേദഗതിയിലൂടെ ഫലത്തിൽ ഇല്ലാതായെന്നായിരുന്നു തോമസ് ഐസക്കിന്‍റെയും കിഫ്ബിയുടടെയും വാദം. ഇരുഭാഗത്തെയും വിശദമായി കേട്ടായിരുന്നു വീണ്ടും സമൻസ് അയക്കുന്നത് വിലക്കി സിംഗിൾ ബെഞ്ച് ആദ്യ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കിഫ്ബിക്കുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.