കിഫ്ബി: 4,004 കോടിയുടെ പദ്ധതികള്‍
text_fieldsതിരുവനന്തപുരം: ‘കിഫ്ബി’ വഴി സമാഹരിക്കുന്ന പണം ഉപയോഗിച്ച് നടപ്പാക്കുന്ന 4004.86 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡിന്‍െറ പ്രഥമ യോഗമാണ് 48 പദ്ധതികള്‍ക്ക് അനുമതി നല്‍കിയത്. ആദ്യഗഡുവായി 1740.63 കോടി അനുവദിച്ചു. മുന്‍ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായിയെ കിഫ്ബിയുടെ ഫണ്ട് ട്രസ്റ്റിയും ഉപദേശക കമീഷന്‍ അധ്യക്ഷനുമായി നിയമിക്കാനും യോഗം തീരുമാനിച്ചു.
‘കിഫ്ബി’വഴി പണം സമാഹരിച്ച് വികസനത്തിന് നല്‍കുമെന്ന കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം യാഥാര്‍ഥ്യമാകുകയാണെന്ന് ബോര്‍ഡ് യോഗശേഷം മന്ത്രി ഡോ. തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കിഫ്ബി ദിവാസ്വപ്നം ആണെന്ന് പരിഹസിച്ചവര്‍ക്ക് പ്രവൃത്തിയിലൂടെ നല്‍കുന്ന മറുപടിയാണിത്. വനം വന്യജീവി വകുപ്പ്-100 കോടി, ആരോഗ്യം- 146 കോടി, വ്യവസായം- 1264 കോടി (പ്രധാനമായും ഫാക്ടിന്‍െറ ഭൂമി ഏറ്റെടുക്കല്‍), ഐ.ടി വകുപ്പ്- 351 കോടി, ശുദ്ധജല വിതരണം- 23 പദ്ധതികള്‍ക്ക് 1257 കോടി, മരാമത്ത് 16 പദ്ധതികള്‍ക്ക്- 611 കോടി, മൂന്ന് മേല്‍പാലങ്ങള്‍ക്ക്- 272 കോടി എന്നിവക്കാണ് അംഗീകാരം. ആദ്യഘട്ടത്തിലെ പദ്ധതികള്‍ക്കായി ജനറല്‍ ഓബ്ളിഗേഷന്‍ ബോണ്ട് വഴി 2000 കോടി സമാഹരിക്കും.
ഇതിന് എസ്.ബി.ഐ കാപ്സിനെ ചുമതലപ്പെടുത്തി. തുടര്‍ന്നുള്ള പദ്ധതികള്‍ക്കായി നബാര്‍ഡില്‍ നിന്ന് 4000 കോടി സമാഹരിക്കും. നിലവിലെ റോഡ്, യാത്രാസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമ്പോള്‍ ടോള്‍ ഏര്‍പ്പെടുത്തില്ളെന്ന് ധനമന്ത്രി പറഞ്ഞു. എന്നാല്‍, പുതിയ സംവിധാനം വരുമ്പോള്‍, ഉദാഹരണമായി തെക്കുവടക്ക് ഹൈവേ, ആകാശപാത എന്നിവ ടോള്‍ പിരിച്ചാലേ കഴിയൂവെങ്കില്‍ അത് വേണ്ടിവരും. മുഖ്യമന്ത്രി പിണറായി വിജയന്‍െറ അധ്യക്ഷതയിലാണ് തിങ്കളാഴ്ച യോഗം ചേര്‍ന്നത്.
പണം കണ്ടെത്താന്‍ പുതിയ കമ്പനി
തിരുവനന്തപുരം: ‘കിഫ്ബി’ യിലൂടെ പുതിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ പണം കണ്ടത്തൊന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് മാനേജ്മെന്‍റ് കോര്‍പറേഷന്‍ എന്ന പേരില്‍ കമ്പനി രൂപവത്കരിക്കും. ആള്‍ട്ടര്‍നേറ്റിവ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെറ്റ് ഫണ്ട്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ് എന്നിവ പുതിയ കമ്പനിക്ക് കീഴില്‍ രൂപവത്കരിക്കും. സെബി, റിസര്‍വ് ബാങ്ക് എന്നിവയുടെ അംഗീകാരമുള്ള ധനസമാഹരണമാര്‍ഗങ്ങളാണിത്. പുതിയ കമ്പനി വഴി നടപ്പാകുന്ന പദ്ധതികള്‍ വരുമാനാധിഷ്ഠിതമാകുമെന്ന് ധനകാര്യ സെക്രട്ടറി കെ.എം. എബ്രഹാം വ്യക്തമാക്കി. കമ്പനിയുടെ ഓഹരി സ്വകാര്യമേഖലയിലുള്ളവര്‍ക്കും എടുക്കാം.
ധനസമാഹരണത്തിന് കെ.എസ്.എഫ്.ഇയുമായി സഹകരിച്ച് എന്‍.ആര്‍.ഐ ചിട്ടി ആരംഭിക്കും. ഈ വര്‍ഷം 15000 കോടി ഇതിലൂടെ കണ്ടത്തൊനാകും. അധികം വരുന്ന തുക കിഫ്ബിയില്‍ നിക്ഷേപിക്കും. ഭൂമി ഏറ്റെടുക്കലിന് ലാന്‍ഡ് ബോണ്ടുകള്‍ പുറപ്പെടുവിക്കും. ഇവയുടെ വിശദാംശങ്ങള്‍ അടുത്ത ബോര്‍ഡ് യോഗത്തില്‍ സമര്‍പ്പിക്കും. ജനുവരിയില്‍ ബോര്‍ഡ് വീണ്ടും ചേരും.
കിഫ്ബി ഉപദേശകസമിതിയില്‍ വിനോദ് റായിക്ക് പുറമെ റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഉഷ തൊറാട്ട്, നബാര്‍ഡ് മുന്‍ ചെയര്‍മാന്‍ പ്രകാശ് ബക്ഷി എന്നിവരും അംഗങ്ങളായിരിക്കും. രണ്ടുവര്‍ഷമാണ് കാലാവധി. അഴിമതി, സ്വഭാവദൂഷ്യം എന്നിവയില്‍ ശിക്ഷിക്കപ്പെട്ടാലല്ലാതെ ഇവരെ നീക്കാനാകില്ല. കിഫ്ബി ഫണ്ട് ശരിയായി വിനിയോഗിക്കുന്നെന്ന് ഉറപ്പുവരുത്താനും നിക്ഷേപതാല്‍പര്യം സംരക്ഷിക്കാനും വേണ്ടിയുള്ള സ്വതന്ത്ര കമീഷനാകും ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.