നൂറിന്റെ നിറവിൽ കിളിമാനൂർ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം
text_fieldsകിളിമാനൂർ: കോവിഡിൽ തകർന്ന സാധാരണക്കാരന്റെ മാനസികോല്ലാസം വീണ്ടെടുക്കാനായി വിനോദയാത്രകൾ മാത്രം ലക്ഷ്യമിട്ട് കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ ആരംഭിച്ച ബജറ്റ് ടൂറിസം നൂറിന്റെ നിറവിൽ. നൂറാമത് യാത്രയുമായി ബന്ധപ്പെട്ട് ഞായറാഴ്ച കിളിമാനൂർ ഡിപ്പോ അങ്കണത്തിൽ ആഘോഷപരിപാടികൾ സംഘടിപ്പിക്കും. രാവിലെ 10ന് പരിപാടികളുടെ ഉദ്ഘാടനം ഒ.എസ്. അംബിക എം.എൽ.എ നിർവഹിക്കും. 2022 സെപ്റ്റംബർ 23ന് പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലേക്കാണ് ആദ്യയാത്ര നടത്തിയത്. 22 മാസങ്ങൾക്കിപ്പുറം 99 യാത്രകൾ പൂർത്തിയാക്കി 'സെഞ്ച്വറി'യിലേക്ക് കുതിക്കുകയാണ്. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും തുടർച്ചയായി യാത്ര സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു. മൂകാംബിക, മൂന്നാർ മാമലക്കണ്ടം, കാന്തല്ലൂർ, കൊട്ടിയൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് മൂന്നുദിവസം നീളുന്ന യാത്രകൾ നടത്തി. സംസ്ഥാനത്തിന് പുറത്ത് മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്ര വൻ വിജയമായിരുന്നു.
2022ൽ കോവിഡ് കാലത്തിനുശേഷമാണ് ഇങ്ങനെയൊരു ഉദ്യമത്തിന് തുടക്കംകുറിച്ചത്. ചെറിയ ആശങ്കയോടെ തുടങ്ങിയ ബജറ്റ് ടൂർ പ്രോഗ്രാമിന് ഗ്രാമ-നഗര വ്യത്യാസമില്ലാതെ വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് കിളിമാനൂരിലെ മുഖ്യ സംഘാടകനായ സുരേഷ് കുമാർ 'മാധ്യമ' ത്തോട് പറഞ്ഞു. ലഭ്യമായ സൗകര്യങ്ങൾ യുക്തിപൂർവം പ്രയോജനപ്പെടുത്തി യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാവാതെ, പരമാവധി സൗകര്യം നൽകുന്നതാണ് യാത്രകൾ. വാമനപുരം സർക്കാർ ആശുപത്രിയുമായി ബന്ധപ്പെട്ട് കല്ലറ, കാരേറ്റ്, വാമനപുരം മേഖലയിലെ കിടപ്പുരോഗികൾക്കായി തിരുവനന്തപുരം നഗരക്കാഴ്ചകൾ സംഘടിപ്പിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു. എ.സി ലോ ഫ്ലോർ ബസാണ് ഈ യാത്രക്കായി ഉപയോഗിച്ചത്.
വനിതദിനത്തിൽ അവർക്ക് മാത്രമായി ഒരുക്കിയ യാത്ര, ആറ് വയസ്സിൽ താഴെയുള്ള അംഗൻവാടികുട്ടികൾക്കായുള്ള യാത്ര, വായനശാലകൾക്കായി നടത്തിയ യാത്ര എന്നിവയൊക്കെ തികച്ചും ലാഭകരമായിരുന്നു. െറസിഡന്റ്സ് അസോസിയേഷനുകൾ, ക്ലബുകൾ, പൂർവവിദ്യാർഥി കൂട്ടായ്മകൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ അവർക്കായി മാത്രം യാത്ര സംഘടിപ്പിക്കണമെന്ന ആവശ്യവുമായി സമീപിക്കുന്നതായും സംഘാടകർ പറഞ്ഞു. ഞായറാഴ്ച നടക്കുന്ന സമ്മേളനത്തിൽ സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖകർ, വകുപ്പുമേധാവികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, സംഘടനഭാരവാഹികൾ എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.