കിളികൊല്ലൂർ കസ്റ്റഡി മർദനം; സൈനിക ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തി
text_fieldsകിളികൊല്ലൂര്‍: സൈനികനായ വിഷ്ണുവും സഹോദരനും പൊലീസ് മര്‍ദനമേറ്റ സംഭവത്തില്‍ സൈനിക കേന്ദ്രത്തിൽനിന്ന് ഉദ്യോഗസ്ഥർ യുവാക്കളുടെ പേരൂരിലെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരം മദ്രാസ് റെജിമെന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ വീട്ടിലെത്തി വിഷ്ണുവിന്‍റെ സഹോദരൻ വിഘ്‌നേഷിന്റെയും മാതാവ് സലീലയുടെയും മൊഴിയെടുത്തത്.
വിഷ്ണു രാജസ്ഥാനില്‍ സൈനിക ക്യാമ്പിലാണ്. അടച്ചിട്ടമുറിയില്‍ നടന്ന മൊഴിയെടുപ്പ് രണ്ട് മണിക്കൂറോളം നീണ്ടു. കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ച സംഭവം വിഷ്ണു തന്റെ സൈനിക യൂനിറ്റില്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് അവിടെനിന്നും തിരുവനന്തപുരത്തെ യൂനിറ്റില്‍ നിന്നുള്ള റിപ്പോര്‍ട്ട് തേടിയിരുന്നു.
സംഭവം വിവാദമായതോടെയാണ് മദ്രാസ് റെജിമെന്റില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കാനെത്തിയത്. മേലധികാരികൾക്ക് റിപ്പോർട്ട് നൽകുന്നതിന്‍റെ ഭാഗമായാണ് മൊഴിയെടുത്തത്. വീട്ടിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെയും നാട്ടുകാരെയും പുറത്തിറക്കിയ ശേഷമായിരുന്നു മൊഴിയെടുപ്പ്.
സൈനികനായ വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത വിവരം സൈന്യത്തെ അറിയിക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയതായി കണ്ടെത്തിയിരുന്നു. ഇതുൾപ്പെടെ കാര്യങ്ങളും കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമങ്ങളും സൈന്യത്തിന്‍റെ അന്വേഷണത്തിൽ പരിഗണനയിൽവരും. സംഭവത്തിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് പരാതി കൊടുക്കാനുള്ള തയാറെടുപ്പിലാണ് കുടുംബം.
മദ്രാസ് റെജിമെന്റ് ഉദ്യോഗസ്ഥരെ കൂടാതെ പാങ്ങോട് സൈനിക ക്യാമ്പിലെ ഉന്നതോദ്യോഗസ്ഥരും കൊല്ലം സൈനിക ക്ഷേമ ബോര്‍ഡില്‍ നിന്നുള്ളവരും സൈനികരുമായി ബന്ധപ്പെട്ട സംഘടനകളിലെ പ്രവര്‍ത്തകരും വിഷ്ണുവിന്റെ വീട്ടിലെത്തി വിവരങ്ങൾ അന്വേഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.