യുവാവിനെ തലയിൽ ബോംബുവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും
text_fieldsവിഴിഞ്ഞം: സഹോദരനെ കൊലപ്പെടുത്തിയെന്ന സംശയത്തിൽ മത്സ്യഷെഡിൽ ഉറങ്ങിക്കിടന്ന യുവാവിന്റെ തല ബോംബ് വെച്ച് തകർത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 10 ലക്ഷം രൂപ പിഴയും. വിഴിഞ്ഞം പള്ളിത്തുറ പുരയിടത്തിൽ എഡ്വിനെയാണ് (39) തിരുവനന്തപുരം അഡീഷനൽ ജില്ല സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നു വർഷംകൂടി കഠിനതടവ് അനുഭവിക്കണം. ഇതിനു പുറമേ, എക്സ്േപ്ലാസിവ് ആക്ട് പ്രകാരവും ശിക്ഷയുണ്ട്.
2013 ഏപ്രിൽ 24ന് രാത്രി രണ്ടോടെയായിരുന്നു നാടിനെ നടുക്കിയ അറുകൊല. എഡ്വിന്റെ സഹോദരൻ ആൽബിയെ സംഭവത്തിന് രണ്ടുദിവസം മുമ്പ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
ഒരു യുവതിയുമായി പ്രണയത്തിലായിരുന്ന ആൽബിയെ യുവതിയുടെ സഹോദരൻ ഷൈജുവും കൂട്ടാളികളും ചേർന്ന് വകവരുത്തിയെന്ന സംശയത്തിലാണ് വിഴിഞ്ഞം ഫിഷ് ലാൻഡിങ് സെന്ററിന് സമീപത്തെ ഷെഡിൽ ഉറങ്ങിക്കിടന്ന ഷൈജുവിന്റെ തലക്ക് സമീപം ബോംബ് വെച്ച് പൊട്ടിച്ചത്.
കൊലപാതകശേഷം മുങ്ങിയ എഡ്വിനെ സമീപത്തെ മത്സ്യ ത്തൊഴിലാളികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വിഴിഞ്ഞം സി.ഐ ആയിരുന്ന സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിക്ക് ബോംബ് നിർമിച്ച് നൽകിയ നേമം സ്വദേശി അപ്പാച്ചി ബൈജുവെന്ന വിനോദ് രാജിനെയും അറസ്റ്റ് ചെയ്തിരുന്നു. വിനോദ് രാജിനെ കോടതി വെറുതെ വിട്ടു.
നേരത്തേ ജാമ്യത്തിലിറങ്ങിയ എഡ്വിനെ നാലുമാസം മുമ്പ് ഒന്നര കിലോ കഞ്ചാവുമായി പിടികൂടിയിരുന്നതായും അടിപിടി ഉൾപ്പെടെ നിരവധി കേസുകൾ ഇയാൽക്കെതിരെ ഉള്ളതായും വിഴിഞ്ഞം പൊലീസ് അറിയിച്ചു. ശിക്ഷാവിധിക്കുശേഷം എഡ്വിനെ വിയ്യൂർ ജയിലിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.