വനം വകുപ്പ് മുൻ ഉദ്യോഗസ്ഥന്റെ കൊല; അസം സ്വദേശി അറസ്റ്റിൽ
text_fieldsചാലക്കുടി: വനം വകുപ്പ് മുൻ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. അസം ഗുവാഹത്തി സ്വദേശി ബാറുൾ ഇസ്ലാം (25) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ചയാണ് ആനമല ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റിന് സമീപം മെയിൻ റോഡിന് എതിർവശത്തെ ഒഴിഞ്ഞ കെട്ടിടത്തിൽ വനം വകുപ്പ് മുൻ ഉദ്യോഗസ്ഥൻ കല്ലേറ്റുംകര ഉള്ളിശ്ശേരി വീട്ടിൽ സെയ്തിനെ (68) മരിച്ച നിലയിൽ കണ്ടത്.
ശാസ്ത്രീയ അന്വേഷണങ്ങൾക്കൊടുവിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചും കല്ലുകൊണ്ട് തലക്കിടിച്ചും ആന്തരികാവയവങ്ങൾക്ക് ക്ഷതം ഏൽക്കത്തക്ക വിധം ശരീരത്തിൽ ചവിട്ടി പരിക്കേൽപിച്ചുമാണ് കൊലപ്പെടുത്തിയത്.
ചാലക്കുടി ഡിവൈ.എസ്.പി ടി.എസ്. സിനോജ്, എസ്.എച്ച്.ഒ കെ.എസ്. സന്ദീപ് എന്നിവരുടെ നേതൃത്വത്തിൽ റൂറൽ ജില്ല പൊലീസ് മേധാവി ഡോ. നവനീത് ശർമ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. കേസിൽ ദൃക്സാക്ഷികൾ ഉണ്ടായിരുന്നില്ല.
സംഭവ സ്ഥലത്തുനിന്ന് ലഭിച്ച ഒഴിഞ്ഞ മദ്യക്കുപ്പി കേന്ദ്രീകരിച്ച് ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളും സമീപ പ്രദേശങ്ങളിലെ മദ്യശാലകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. അതേ ബ്രാന്റിലുള്ള മദ്യം വാങ്ങിയ ആളുകളെക്കുറിച്ച് അന്വേഷിക്കുകയും സംശയമുള്ളവരെ ചോദ്യം ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ സംശയം ബാറുൾ ഇസ്ലാമിലേക്ക് നീങ്ങി. ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തപ്പോൾ കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് അറിയിച്ചു.
പൊലീസ് പറയുന്നത് ഇങ്ങനെ: സെയ്തുമായി മുൻപരിചയമുള്ള ബാറുൾ ഇസ്ലാം ഞായറാഴ്ച രാവിലെ ചാലക്കുടിയിൽ എത്തുകയും സെയ്തിനെ കണ്ട് സംസാരിച്ച് ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഒന്നിച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്തർക്കത്തെ തുടർന്ന് ശ്വാസം മുട്ടിച്ചും കല്ലുകൊണ്ട് ഇടിച്ചും കൊലപ്പെടുത്തി.
തുടർന്ന് ചാലക്കുടി സൗത്ത് ജങ്ഷനിലേക്ക് പോയ പ്രതി ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് കടന്നു. ഇയാൾ ലഹരിക്ക് അടിമയാണ്. കേരളത്തിൽ എത്തിയിട്ട് 10 വർഷത്തോളമായി. കോൺക്രീറ്റ് പണിയിൽ ഹെൽപറായി ജോലി ചെയ്ത് വരികയായിരുന്നു.
അന്വേഷണ സംഘത്തിൽ ചാലക്കുടി സബ് ഇൻസ്പെക്ടർമാരായ എം. അഫ്സൽ, എൻ.എസ്. റെജിമോൻ, കെ.ജെ. ജോൺസൺ, ക്രൈം സ്ക്വാഡ് അംഗങ്ങളായ വി.ജി. സ്റ്റീഫൻ, സി.എ. ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, സി.ബി. ഷെറിൽ, റനീഷ്, കെ.കെ. ബൈജു, സി.ആർ. സുരേഷ് എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.