അംഗൻവാടി ജീവനക്കാരുടെ സമരം നിയമസഭയിൽ; അവതരണാനുമതി ലഭിച്ചില്ല; ഇറങ്ങിപ്പോയി പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: വേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് അംഗൻവാടി ജീവനക്കാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല രാപ്പകൽ സമരവും നിയമസഭയിൽ ഉയർത്തി പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. അംഗൻവാടി ജീവനക്കാര്‍ക്ക് മിനിമം കൂലിയുടെ പകുതിപോലും നല്‍കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
അഞ്ചു വർഷം കൊണ്ട് 550 രൂപയില്‍ നിന്ന് 10000 ആക്കിയത് യു.ഡി.എഫ് സർക്കാറിന്‍റെ കാലത്താണ്. ആശ വർക്കർമാരുടെയും അംഗൻവാടി ജീവനക്കാരുടെയും സമരത്തെ പുച്ഛിക്കുന്നവർ കമ്യൂണിസ്റ്റല്ലെന്നും മുതലാളിത്ത സർക്കാറാണെന്നും സതീശൻ കുറ്റപ്പെടുത്തി. കിട്ടുന്ന ഓണറേറിയം വീട്ടില്‍ കൊണ്ടുപോകാൻ പോലും കഴിയാത്ത അവസ്ഥയാണ്. സ്വന്തമായി കെട്ടിടമില്ലാത്ത അംഗൻവാടികളുടെ വാടകയും കറന്റ് ബില്ലും വാട്ടര്‍ ബില്ലും മുട്ടയും പച്ചക്കറിയും പാലും വാങ്ങാനുള്ള പണവും ഓണറേറിയത്തില്‍ നിന്ന് നല്‍കണം. പിന്നീട് എപ്പോഴെങ്കിലും അത് തിരിച്ചുനല്‍കും. കേരളത്തില്‍ ഏതെങ്കിലും തൊഴില്‍രംഗത്ത് ഈ ഗതികേടുണ്ടോയെന്നും സതീശൻ ചോദിച്ചു. ഒമ്പത് മാസമായി അംഗൻവാടി ജീവനക്കാർക്ക് പെൻഷൻ നൽകിയിട്ടില്ല. അംശാദായം നല്‍കുന്ന പെന്‍ഷനാണ് നല്‍കാതിരിക്കുന്നത്. അവര്‍ക്ക് കിട്ടേണ്ട നക്കാപ്പിച്ച പൈസയെങ്കിലും നല്‍കേണ്ടേയെന്നും സതീശൻ ചോദിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് കീഴിലാണ് അംഗൻവാടികളുടെ പ്രവർത്തനമെങ്കിലും വേതനത്തിന്റെ 80 ശതമാനവും കേരളമാണ് നല്‍കുന്നതെന്ന് മറുപടി പറഞ്ഞ മന്ത്രി പി. രാജീവ് വിശദീകരിച്ചു. വർക്കർക്ക് കേന്ദ്രം 2700 രൂപ നൽകുമ്പോൾ സംസ്ഥാന സർക്കാർ 10 വർഷം വരെയുള്ളവർക്ക് 12500 രൂപയും അതിന് മുകളിലുള്ളവർക്ക് 13000 രൂപയും നൽകുന്നു. ഹെൽപർക്ക് കേന്ദ്രം നൽകുന്നത് 1350 രൂപയാണെങ്കിൽ കേരളം 10 വർഷം വരെയുള്ളവർക്ക് 8500 രൂപയും അതിന് മുകളിലുള്ളവർക്ക് 9000 രൂപയും നൽകുന്നുണ്ട്.
വേതനം വർധിപ്പിക്കണമെന്നുതന്നെയാണ് സർക്കാർ നിലപാടെന്നും അതിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാറാണെന്നും മന്ത്രി പറഞ്ഞു. വേതനം പരമാവധി അഞ്ചാം തീയതിക്കു മുമ്പ് വിതരണം ചെയ്യും. നാലു മാസത്തെ പെൻഷൻ കുടിശ്ശികയുണ്ടെന്നും മന്ത്രി പറഞ്ഞു. ലോക സന്തോഷ ദിനത്തിലും ആശ വര്‍ക്കര്‍മാരെയും അംഗൻവാടി ജീവനക്കാരെയും സര്‍ക്കാര്‍ ക്രൂശിക്കുകയാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ നജീബ് കാന്തപുരം ആരോപിച്ചു. സര്‍ക്കാറിനിപ്പോള്‍ എല്ലുമുറിയെ പണിയെടുക്കുന്നവരെ വേണ്ട. പി.എസ്.സി അംഗങ്ങൾക്കും കെ.വി. തോമസിനും കൈയില്‍ നോട്ടുകെട്ട് വെച്ചുകൊടുക്കുന്ന തിരക്കിലാണ് സര്‍ക്കാറെന്നും നജീബ് പരിഹസിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.