ദുരൂഹത നിറഞ്ഞ് കിൻഫ്ര കുടിവെള്ള പദ്ധതി
text_fieldsആലുവ: പെരിയാറിൽ തോട്ടുമുഖം ഭാഗത്ത് കിൻഫ്രയിലേക്ക് ഭൂഗർഭ പൈപ്പുവഴി കുടിവെള്ളം കൊണ്ടുപോകാനുള്ള പദ്ധതിയിൽ അടിമുടി ദുരൂഹത. പദ്ധതിയുടെ കരാർ അടക്കം വിശദാംശങ്ങൾ പരസ്യപ്പെടുത്താൻ അധികൃതർ തയാറാകാത്തതും നേരായ രീതിയിലല്ലാതെ ജലം ചില കേന്ദ്രങ്ങൾക്കായി ഉപയോഗിക്കാനാണെന്നും സംശയിക്കുന്നുണ്ട്. പദ്ധതിക്കെതിരെ നാട്ടുകാർ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്.
2022ൽ പദ്ധതിക്കായി ഗ്രാമീണ പ്രദേശങ്ങളിലടക്കം റോഡ് തകർത്ത് കൂറ്റൻ പൈപ്പിടുന്നതിൽ നാട്ടുകാർ രോഷത്തിലായിരുന്നു. തുടർന്ന് പദ്ധതി നിലച്ചെങ്കിലും അധികൃതർ പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതാണ് വിഷയം വീണ്ടും ചർച്ചയാക്കിയത്. കിൻഫ്ര കുടിവെള്ള പദ്ധതിക്ക് പിന്നിലെ ദുരൂഹത നീക്കണമെന്നും പദ്ധതിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്നും നാട്ടുകാർ നേരത്തെ ആവശ്യമുയർത്തിയിരുന്നു. പദ്ധതിയെ എന്തുവിലകൊടുത്തും ചെറുക്കുമെന്ന നിലപാടിലാണ് നാട്ടുകാർ.
ഇതിന്റെ ഭാഗമായാണ് തിങ്കളാഴ്ച പൈപ്പിടൽ പുനരാരംഭിക്കാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞത്. ഇടതു പാർട്ടികൾ ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളെല്ലാം പദ്ധതിക്ക് എതിരാണ്. പെരിയാറിൽ രൂക്ഷമായ ജലക്ഷാമത്തിന് ഇടയാക്കാൻ സാധ്യതയുള്ള പദ്ധതിയാണെന്ന് ആരോപിച്ച് എം.പി, എം.എൽ.എമാർ തുടങ്ങിയ ജനപ്രതിനിധികളും സമരരംഗത്തുണ്ട്. ഇതുവരെ പദ്ധതിയുടെ കരാർ വിശദാംശങ്ങൾ പരസ്യപ്പെടുത്താൻ അധികൃതർ തയാറായിട്ടില്ലെന്ന് സമര സമിതി നേതാക്കൾ കുറ്റപ്പെടുത്തുന്നു. ഒരു മന്ത്രിയുടെ താൽപര്യപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നതെന്നും ആക്ഷേപമുണ്ട്. പൈപ്പിടൽ ആരംഭിച്ച എടയപ്പുറം തുരുത്തി തോടിന് സമീപം പദ്ധതിക്ക് ചെലവഴിക്കുന്ന തുക, കാലാവധി, കരാറുകാരന്റെ പേര് ഉൾപ്പെടെ വിശാദാംങ്ങൾ പരസ്യപ്പെടുത്തണം.
ആലുവ ജലശുദ്ധീകരണ ശാലയെയും കുടിവെള്ള വിതരണത്തെയും ബാധിക്കുമെന്ന് ആശങ്ക
ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ ആലുവ ജലശുദ്ധീകരണ ശാലയെയും അവിടെനിന്നുള്ള കുടിവെള്ള വിതരണത്തെയും കിൻഫ്ര പദ്ധതി ബാധിക്കുമെന്നും നാട്ടുകാർക്ക് ആശങ്കയുണ്ട്. ശാസ്ത്രീയപഠനം നടത്താതെ വൻതോതിൽ ജലചൂഷണം നടത്തുന്നത് രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് കാരണമാകുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ജലശുചീകരണ ശാലയിലേക്ക് വെള്ളമെടുക്കുന്നതിന് സമീപം വലിയ കിണറുണ്ടാക്കിയാണ് കിൻഫ്രയിലേക്ക് വെള്ളം പമ്പ് ചെയ്യാൻ തീരുമാനിച്ചിട്ടുള്ളത്.
ഇതിനായി തോട്ടുമുഖം ഭാഗത്ത് പുഴയുടെ തീരത്ത് സ്വകാര്യ പുരയിടം വാങ്ങിയാണ് കിണർ നിർമിച്ചിട്ടുള്ളത്. ഗേറ്റ് അടച്ചിട്ട് പണി നടത്തിയതിനാൽ നാട്ടുകാർക്ക് ഇതേക്കുറിച്ച് നേരത്തെ അറിവ് ലഭിച്ചില്ല. വെള്ളം ഇവിടെനിന്ന് വലിയതോതിൽ പമ്പ് ചെയ്യുമ്പോൾ ജലശുദ്ധീകരണ ശാലയിലേക്ക് പമ്പ് ചെയ്യാൻ ആവശ്യത്തിന് വെള്ളം ലഭിക്കില്ല. നിലവിൽ വേനൽ കനക്കുമ്പോൾ ജലക്ഷാമം രൂക്ഷമാണ്.
കുടിവെള്ളത്തേക്കാൾ പ്രാധാന്യം നൽകുന്നു
പൊതുജനങ്ങളുടെ കുടിവെള്ള പ്രശ്നത്തേക്കാൾ പ്രാധാന്യമാണ് സർക്കാറും ഉദ്യോഗസ്ഥരും കിൻഫ്ര ജലവിതരണ പദ്ധതിക്ക് നൽകുന്നതെന്ന് നാട്ടുകാർ പറയുന്നു. ആലുവ ജലശുചീകരണ ശാലയിൽനിന്നുള്ള ജലവിതരണത്തിന് ഉപയോഗിക്കുന്ന പൈപ്പുകളെക്കാൾ വലിയ പൈപ്പുകളാണ് കിൻഫ്ര പദ്ധതിക്ക് ഉപയോഗിക്കുന്നത്. വിശാലകൊച്ചിയടക്കം ജില്ലയുടെ വലിയൊരു പ്രദേശത്തേക്ക് ആലുവയിൽനിന്ന് കുടിവെള്ളം വിതരണം ചെയ്യുന്നത് അരനൂറ്റാണ്ടിലധികം പഴക്കമുള്ള പൈപ്പുകളിലൂടെയാണ്. ഇത് അടിക്കടി പൈപ്പ് പൊട്ടുന്നതിനും ജലവിതരണം തടസ്സപ്പെടാനും ഇടയാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.