കിൻഫ്ര മെഗാ ഫുഡ്പാർക്കിന് തറക്കല്ലിട്ടു
text_fieldsപാലക്കാട്: കഞ്ചിക്കോട് കിൻഫ്ര മെഗ ഫുഡ്പാർക്കിന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഭക്ഷ്യ സംസ്കരണ- വ്യവസായ മന്ത്രി ഹർസിമ്രത്ത് കൗർ ബാദലും തറക്കല്ലിട്ടു. കഞ്ചിക്കോട് കോഴിത്തറയിലാണ് ഫുഡ്പാർക്ക് സ്ഥാപിക്കുന്നത്.
കാർഷിക വ്യവസായത്തിൽ ഊന്നിയുള്ള വികസനമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് റബർ, കുരുമുളക് കാർഷകരുടെ സ്ഥിതി മോശമാണ്. സംസ്കരണ കേന്ദ്രങ്ങൾ കാർഷിക പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. തേങ്ങ, ചക്ക തുടങ്ങിയവ മൂല്യവർധിത ഉൽപന്നങ്ങളാക്കാൻ സംസ്കരണ കേന്ദ്രങ്ങൾ സ്ഥാപിക്കും.
ഭക്ഷ്യ സംസ്കരണ രംഗത്ത് സംസ്ഥാനം പിറകിലാണ്. തൊഴിലവസരം ലക്ഷ്യമിട്ടുള്ള പദ്ധികൾക്കാണ് മുൻഗണന നൽകുക. സംരംഭകർക്ക് സൗഹൃദാന്തരീക്ഷം ഒരുക്കും. ഫുഡ്പാർക്ക് 2018ൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2022ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി ഹർസിമ്രത്ത് കൗർ ബാദൽ പറഞ്ഞു. സുഗന്ധവ്യഞ്ജന ഉൽപാദകർക്ക് ഗുണകരമാകുന്ന 6000 കോടിയുടെ കാർഷിക പദ്ധതി ഉടൻ യാഥാർഥ്യമാകും. പദ്ധതി കേരളം പ്രയോജനപ്പെടുത്തണമെന്നും അടുത്ത വർഷം കേരളത്തിലെത്തുമ്പോൾ ഫുഡ്പാർക്ക് നിർമാണം പൂർത്തിയായി കാണുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
ശിലാസ്ഥാപന പരിപാടിയിൽ കേന്ദ്രമന്ത്രി അധ്യക്ഷത വഹിച്ചു. കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി ആദ്യ അലോട്ട്മെൻറ് കൈമാറി. വ്യവസായ മന്ത്രി എ.സി. മൊയ്തീൻ, എം.ബി. രാജേഷ് എം.പി, കെ. കൃഷ്ണൻകുട്ടി എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി തുടങ്ങിയവർ പങ്കെടുത്തു. പുതുശ്ശേരി-, എലപ്പുള്ളി വില്ലേജുകളിലായി 79.42 ഏക്കർ സ്ഥലത്താണ് പാർക്ക് സജ്ജീകരിക്കുന്നത്. 119.02 കോടിയാണ് ചെലവ്. പദ്ധതിയുടെ ഭാഗമായി വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ എന്നിവിടങ്ങളിലായി പ്രാഥമിക സംസ്കരണ കേന്ദ്രങ്ങളുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.