വിസ്മയ കേസ്: കിരൺകുമാർ 65 പേജിൽ വിശദീകരണം എഴുതി ഹാജരാക്കി
text_fieldsകൊല്ലം: വിസ്മയ കേസിൽ പ്രോസിക്യൂഷൻ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയിൽനിന്ന് വിശദീകരണം തേടുന്ന ക്രിമിനൽ നടപടി നിയമം 313ാം വകുപ്പ് പ്രകാരമുള്ള നടപടിക്രമം പൂർത്തിയായി. കൊല്ലം ഒന്നാം അഡിഷനൽ സെഷൻസ് ജഡ്ജി കെ.എൻ. സുജിത് 100 പേജോളം വരുന്ന ചോദ്യങ്ങൾ ഉന്നയിച്ചാണ് വിശദീകരണം തേടിയത്. പ്രധാന ചോദ്യങ്ങൾക്കെല്ലാം വിശദീകരണം എഴുതി ഹാജരാക്കാം എന്ന മറുപടിയാണ് പ്രതി കിരൺകുമാർ നൽകിയത്. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി 65 പേജ് വരുന്ന വിശദീകരണം എഴുതി ഹാജരാക്കി.
വിസ്മയ മരിക്കുന്ന ദിവസം രാത്രിയോടെ ആർത്തവമുണ്ടായതോടെ ഇൗ മാസവും ഗർഭിണിയാകില്ല എന്ന വിഷമത്തിൽ വിസ്മയയുടെ പിതാവ് ശാപവാക്കുകൾ ഉന്നയിച്ച് മകൾക്ക് മെസേജ് അയച്ചിരുന്നുവെന്ന് പ്രതി എഴുതി ഹാജരാക്കിയ വിശദീകരണത്തിൽ പറഞ്ഞു. തുടർന്ന് രാത്രി പന്ത്രണ്ടോടെ ശുചിമുറിയിൽ കയറിയ വിസ്മയ ഇറങ്ങാത്തതിനാൽ കയറി നോക്കിയപ്പോൾ കഴുത്തിൽ കുരുക്കിട്ട നിലയിൽ കണ്ടു. പൊലീസ് സ്റ്റേഷനിൽ വിവരം പറയാൻ പിതാവ് പോയപ്പോൾ വിസ്മയയുടെ ആത്മഹത്യക്കുറിപ്പുകൂടി കൊണ്ടുപോയി.
പുലർച്ച 2.30 ഓടെ പൊലീസ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഇത് കൊലപാതകമാണെന്ന വിവരം കിട്ടി, അതുകൊണ്ട് ഇനിയുള്ള നടപടിക്രമങ്ങൾ പറയുന്നതനുസരിച്ചേ ചെയ്യാവൂ എന്ന് പറഞ്ഞ് എല്ലാവരുടെയും ഫോൺ വാങ്ങി. എല്ലാവരെയും കേസിൽ പ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കിരൺ വിശദീകരണത്തിൽ പറയുന്നു. പ്രതിഭാഗം സാക്ഷികളുണ്ട് എന്നു പറഞ്ഞ പ്രതി അഞ്ച് പേർ ഉൾപ്പെട്ട സാക്ഷിപ്പട്ടിക കോടതിയിൽ ഹാജരാക്കി. ശൂരനാട് സ്റ്റേഷൻ എസ്.എച്ച്.ഒ, ഓൺലൈൻ മാധ്യമത്തിന്‍റെ റിപ്പോർട്ടർ, ന്യൂസ് ചാനലിന്‍റെ റിപ്പോർട്ടറും ഡയറക്ടറും, പ്രതിയുടെ ബന്ധു എന്നിവരാണ് സാക്ഷിപ്പട്ടികയിൽ. പ്രതിഭാഗം സാക്ഷികളുടെ വിസ്താരം ഏപ്രിൽ നാലിന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.