കിറ്റ് വിതരണം: റേഷൻ കടയുടമകളുടെ കമീഷൻ മാർച്ച് 31നകം കൊടുത്തുതീർക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത വകയിൽ റേഷൻ കടയുടമകൾക്കുള്ള കമീഷൻ കുടിശ്ശിക മാർച്ച് 31നകം നൽകണമെന്ന് ഹൈകോടതി ഡിവിഷൻബെഞ്ച്. 11 മാസത്തെ കമീഷൻ കുടിശ്ശിക ഉടൻ നൽകണമെന്ന് നേരത്തേ കോടതി ഉത്തവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് സർക്കാറും സിവിൽ സപ്ലൈസ് കോർപറേഷനും നൽകിയ അപ്പീലുകൾ തള്ളിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
2020 ഏപ്രിൽ ആറിനാണ് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാൻ സർക്കാർ ഉത്തരവിറക്കിയത്. 2020 ജൂലൈ 23ന് ഒരു കിറ്റിന് അഞ്ചു രൂപ നിരക്കിൽ കടയുടമകൾക്ക് കമീഷൻ നൽകാനും തീരുമാനിച്ചു. പിന്നീട് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷന്‍റെ ആവശ്യം പരിഗണിച്ച് ഇത് ഏഴു രൂപയാക്കി.
എന്നാൽ, 2021 ഫെബ്രുവരി 19ന് വീണ്ടും അഞ്ചുരൂപയായി കുറച്ചു. 2020 ആഗസ്റ്റിൽ മാത്രമാണ് അഞ്ചു രൂപ നിരക്കിൽ കമീഷൻ നൽകിയത്. 11 മാസം കിറ്റ് വിതരണം ചെയ്തെങ്കിലും കമീഷൻ കിട്ടിയില്ലെന്ന് കാട്ടി അസോസിയേഷൻ വീണ്ടും ഹൈകോടതിയെ സമീപിച്ചു. തുടർന്നാണ് കുടിശ്ശിക എത്രയും വേഗം നൽകാൻ സിംഗിൾബെഞ്ച് ഉത്തരവിട്ടത്.
കോവിഡ് കാലത്ത് സേവനമെന്ന നിലക്ക് കിറ്റുകൾ വിതരണം ചെയ്തതിന് റേഷൻ കടയുടമകൾക്ക് കമീഷൻ ആവശ്യപ്പെടാൻ അവകാശമില്ലെന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ, ആദ്യ ഘട്ടത്തിൽ കമീഷൻ നിശ്ചയിച്ചശേഷം സർക്കാറിന് പിന്നീട് അതിൽനിന്ന് പിന്തിരിയാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇത്തരം സേവനങ്ങൾക്ക് പ്രതിഫലം നൽകണമെന്ന സുപ്രീംകോടതി ഉത്തരവും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.