ഹൈടെക് കായികമേള സഫലമാക്കി കൈറ്റ്
text_fieldsകൊച്ചി: ഒളിമ്പിക്സ് മാതൃകയില്‍ ആദ്യമായി നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയുടെ നടത്തിപ്പും കാഴ്ചയും ഹൈടെക്കാക്കാനുള്ള ദൗത്യം സഫലമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്). കൈറ്റിലെ എഴുപതോളം സാങ്കേതിക പ്രവര്‍ത്തകരുടേയും എറണാകുളം ജില്ലയിലെ 31 സ്കൂളുകളിലെ മുന്നൂറിലധികം വരുന്ന ലിറ്റില്‍കൈറ്റ്സ് കുട്ടികളുടേയും നിരന്തരമായ പരിശ്രമമാണ് വിജയം കണ്ടത്.
കൈറ്റ് വിക്ടേഴ്സ് ചാനലില്‍ മേള തുടങ്ങിയ നവംബര്‍ നാല് 10 വരെ 100 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഉള്ളടക്കമാണ് ലൈവായി നല്‍കിയത്. ഇത് എല്ലാക്കാലത്തേക്കും സൂക്ഷിക്കാനും പിന്നീട് കാണാനും കൈറ്റ് വിക്ടേഴ്സ് യുട്യൂബ് ചാനലില്‍ (www.youtube.com/itsvicters) ലഭ്യമാക്കി. ഓരോ ദിവസവും ശരാശരി പത്ത് വീതം കായികമേള സ്റ്റോറികളും റീല്‍സുകളും ചാനലിനു പുറമെ കൈറ്റിന്റെന്റെയും പൊതുവിദ്യാഭ്യാസ മന്ത്രിയുടെയും സോഷ്യൽ മീഡിയ പേജുകളിലും ലഭ്യമാക്കി.
സ്കൂള്‍വിക്കിയില്‍ (www.schoolwiki.in) കായികമേളയുടെ 5,000 ചിത്രങ്ങള്‍ ലിറ്റില്‍ കൈറ്റ്സ് കുട്ടികള്‍ വഴി അപ്‍ലോഡ് ചെയ്തുകഴിഞ്ഞു. 2016 മുതല്‍ കലോത്സവ ചിത്രങ്ങളും രചനകളും സ്കൂള്‍വിക്കിയില്‍ ലഭ്യമാക്കി വരുന്നുണ്ടെങ്കിലും ഇതാദ്യമായാണ് കായികമേള സ്കൂള്‍വിക്കിയില്‍ ലഭ്യമാക്കുന്നത്. കൈറ്റ് സ്കൂളുകള്‍ക്ക് നല്‍കിയിട്ടുള്ള ഡി.എസ്.എല്‍.ആര്‍ ക്യാമറ ഉപയോഗിച്ചാണ് പരിശീലനം ലഭിച്ച ലിറ്റില്‍കൈറ്റ്സ് കുട്ടികളുടെ ഡോക്യുമെന്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
കായിക മേളയുടെ മുഴുവന്‍ മത്സരങ്ങളുടേയും രജിസ്ട്രേഷന്‍ മുതല്‍ മത്സര ഫലങ്ങളും മത്സര പുരോഗതിയും മീറ്റ് റെക്കോര്‍ഡുകളുമെല്ലാം സമഗ്രമായി രേഖപ്പെടുത്തുന്നതും ഇവ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതും കൈറ്റ് തയ്യാറാക്കിയ സ്പോര്‍ട്സ് പോര്‍ട്ടല്‍ (www.sports.kite.kerala.gov.in) വഴിയാണ്. ഓരോ മത്സരം കഴിയുമ്പോഴും ഫോട്ടോ ഫിനിഷില്‍ ഉള്‍പ്പെടെ ഫലം നിശ്ചയിച്ച ശേഷം അവ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുകയും അനൗണ്‍സ് ചെയ്യുന്ന വിവരം തത്സമയം കൈറ്റ് വിക്ടേഴ്സിലും മഹാരാജാസ് സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിട്ടുള്ള വീഡിയോവാളുകളിലും പ്രസിദ്ധപ്പെടുത്തുന്നു. മത്സര ഫലങ്ങളുടെ പ്രദര്‍ശനത്തിനും വിശകലനത്തിനും ഒരു മാസം മുമ്പേ ഗ്രാഫിക്സ്, അനിമേഷന്‍ പ്രവര്‍ത്തനങ്ങള്‍ കൈറ്റ് പൂര്‍ത്തിയാക്കിയിരുന്നു.
പ്രധാന വേദിയായ മഹാരാജാസ് ഗ്രൗണ്ടില്‍ മാത്രം എട്ട് സ്റ്റെഡി ക്യാമും ജിമ്പലും ഹെലിക്യാമും ഉപയോഗിച്ചിരുന്നു. 17 വേദികളില്‍ നിന്നുമായി ഒരേ സമയം 16 ക്യാമറകളില്‍ നിന്നും ലഭിക്കുന്ന ദൃശ്യങ്ങള്‍ മാറി മാറി സംപ്രേഷണം ചെയ്യാന്‍ ചെന്നൈയില്‍ നിന്നാണ് വീഡിയോ മിക്സറും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കിയത്. കണ്ടെയ്നര്‍ റോഡില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ അതിവേഗം സഞ്ചരിക്കുന്ന സൈക്ലിംഗ് മത്സരാര്‍ത്ഥികള്‍ക്കൊപ്പം സഞ്ചരിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തല്‍ അസാധ്യമായതിനാല്‍ സൈക്ലിംഗ് ദൃശ്യങ്ങള്‍ ഹെലിക്യാം ഉപയോഗിച്ചാണ് പൂര്‍ണസമയം സംപ്രേഷണം ചെയ്തത്. ഇത് കേരളത്തിലെ തന്നെ ആദ്യ സംഭവമാണ്.
കേവലം ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനപ്പുറം ഓരോ കായിക ഇനങ്ങളെക്കുറിച്ചും, പ്രത്യേകിച്ചും ഇൻക്ലൂസിവ് സ്പോർട്സ് ഇനങ്ങൾ , വിജ്ഞാനപ്രദമായ വിവരങ്ങള്‍ കൂടി ലഭ്യമാക്കിയാണ് കായികമേള കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്തത്. നാലു പതിറ്റാണ്ടായി സ്പോര്‍ട്സ് കമന്ററി മേഖലയിലുള്ള ശ്രീകുമാരന്‍ നായര്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘമാണ് ഇത് സാധ്യമാക്കിയത്.
കൃത്യമായ ആസൂത്രണവും രാവിലെ അഞ്ച് മണി മുതല്‍ രാത്രി എട്ടരവരെ പൊരിവെയില്‍ അവഗണിച്ച് ക്യാമറ ടീം ഉള്‍പ്പെടെയുള്ളവരുടെ പ്രയത്നവും കൊണ്ടാണ് കോവിഡ് കാലത്തെ ഡിജിറ്റല്‍ ക്ലാസുകള്‍ക്കു ശേഷം ഏറെ വെല്ലുവിളി ഉയര്‍ത്തിയ ഒരു മിനി -ഒളിമ്പിക്സ് ദൗത്യം കൈറ്റ് വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന് കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.