കിറ്റെക്സ് സംഘർഷം: ജയിലിലടക്കപ്പെട്ട ആദിവാസികൾക്ക് നീതി തേടി സഹോദരങ്ങൾ
text_fieldsകൊച്ചി: ബഡാ ഭായിയുടെ ജോലി സ്ഥലമായ കിഴക്കമ്പലത്തേക്ക് വീട് നിൽക്കുന്ന ജാർഖണ്ഡിലെ ധൂംക ജില്ലയിൽനിന്ന് 2460 കിലോമീറ്റർ ദൂരമുണ്ടെന്ന് നരേഷ് മറാണ്ടിയും വില്യം മുർമുവും അറിഞ്ഞത് കഴിഞ്ഞ ആഴ്ചയാണ്. ആദിവാസി സമൂഹമായ സന്താളി വിഭാഗത്തിൽപ്പെട്ട ഇരുവരും കടം വാങ്ങിയ പണം കൊണ്ട് ഈ ദൂരം താണ്ടിയത് നീതി തേടിയാണ്. കിറ്റെക്സിൽ പൊലീസുമായുണ്ടായ സംഘർഷത്തിന്റെ പേരിൽ പൊലീസ് ജയിലിലടച്ച 174 പേരിൽ ഇരുവരുടെയും സഹോദരങ്ങളും ബന്ധുവുമായ ചന്ദൻ മറാണ്ടി, പ്രദീപ് മുർമു, മാർട്ടിൻ ഹസ്ദ എന്നിവരുണ്ട്. ഇവരുൾപ്പെട്ട ആദിവാസി സമൂഹമായ സന്താളി വിഭാഗത്തിൽപെട്ട 71 പേരാണ് കിറ്റെക്സ്- പൊലീസ് സംഘർഷത്തെ തുടർന്ന് ജയിലിലുള്ളത്. ഒരു മാസമായി ജയിലിൽ അടക്കപ്പെട്ട അവരുടെ നീതിക്ക് വേണ്ടി ആരും ശബ്ദിച്ചില്ലെന്ന് ഇരുവരും കണ്ണീരോടെ പറയുന്നു.
നാട്ടിൽ എല്ലാവരും പേടിച്ചിരിക്കുകയാണ്. ബഡാ ഭായിയായ ചന്ദൻ മറാണ്ടി ജയിലിലായതോടെ രണ്ട് കുട്ടികളടങ്ങുന്ന അവരുടെ കുടുംബം വലിയ വെല്ലുവിളി നേരിടുകയാണ്. രക്ഷിതാക്കളും ആശങ്കയിലാണ്. ബഡാ ഭായിക്ക് കിട്ടുന്ന പതിനായിരം രൂപയായിരുന്നു കുടുംബത്തെ പട്ടിണിയിൽനിന്ന് കരകയറ്റിയതെന്ന് നരേഷ് മറാണ്ടി 'മാധ്യമ'ത്തോട് പറഞ്ഞു. ആദിവാസി വിഭാഗമായ ഞങ്ങൾക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല. സംഘർഷത്തിലൊന്നും പങ്കെടുത്തിരുന്നില്ല, ഉറങ്ങുന്നതിനിടയിലാണ് റൂമിൽനിന്ന് പിടിച്ചുകൊണ്ടു പോയതെന്നാണ് ചന്ദൻ പറഞ്ഞതെന്ന് നരേഷ് പറയുന്നു. അപ്പോൾ ഇട്ടിരുന്ന വേഷം മാത്രമായിരുന്നു ജയിലിലിടാൻ കഴിഞ്ഞ ആഴ്ച വരെ ഉണ്ടായിരുന്നത്. മാറിയിടാൻ പോലും ഒരു തുണിയില്ലായിരുന്നു. കുളിക്കാൻ സോപ്പോ, പേസ്റ്റോ, തോർത്തോ ഒന്നുമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ജയിലിൽ പോയി കണ്ടപ്പോഴാണ് ഇതൊക്കെ അറിയുന്നത്. തുടർന്ന് ഇവിടത്തെ സുഹൃത്തുക്കളിൽനിന്ന് ശേഖരിച്ച പഴയ വസ്ത്രങ്ങളൊക്കെ നൽകിയെന്നും നരേഷ് പറയുന്നു.
പലരും വക്കീൽ ഫീസ് നൽകാൻ സാമ്പത്തിക ശേഷിയുള്ളവർ അല്ല. ജയിലിലായ പലരുടെയും കുടുംബങ്ങൾ പട്ടിണിയിലായിക്കഴിഞ്ഞുവെന്ന് വില്യം മുർമു പറഞ്ഞു. സഹോദരങ്ങൾ ഉൾപ്പെടെ പലരും ജയിലിലായത് അറിഞ്ഞത് ദിവസങ്ങൾക്ക് ശേഷമാണ്. മിക്കവരുടെയും കുടുംബാംഗങ്ങൾക്ക് കേരളത്തിൽ വരാനുള്ള സാമ്പത്തിക ശേഷിയില്ല. ജോലി ചെയ്ത കമ്പനിപോലും തിരിഞ്ഞ് നോക്കാതെ വന്നതോടെ ഇവരുടെയെല്ലാം ജീവിതം ജയിലിനകത്താകുമോ എന്ന ആശങ്കയും ഇവർ പങ്കുവെക്കുന്നു. നിയമ സഹായം പ്രതീക്ഷിച്ചാണ് ഇരുവരും കേരളത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്ക് നീതി തേടി നിവേദനം നൽകി പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ഇരുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.