അക്രമം യാദൃച്ഛികം, ശ്രീനിജിൻ കമ്പനി പൂട്ടിക്കാൻ നടക്കുന്നു -കിറ്റെക്സ് ഉടമ സാബു ജേക്കബ്
text_fieldsകിഴക്കമ്പലം: ക്രിസ്മസ് രാത്രി കിഴക്കമ്പലത്ത് പൊലീസിനുനേരെ കിറ്റെക്സ് തൊഴിലാളികളുടെ നേതൃത്വത്തിൽ നടന്ന അക്രമസംഭവങ്ങൾ യാദൃശ്ചികമായി സംഭവിച്ചതാകാമെന്ന് കിറ്റെക്സ് കമ്പനി ഉടമ സാബു എം. ജേക്കബ്. ആഘോഷത്തിനിടെ ലഹരി വസ്തുക്കൾ തൊഴിലാളികൾക്ക് ലഭിച്ചിരിക്കാമെന്നും ഇതിനെ തുടർന്നാണ് അക്രമം അരങ്ങേറിയതെന്നാണ് തങ്ങളുടെ അഷന്വേഷണത്തിൽ വ്യക്തമായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'നാഗാലാൻഡ്, മണിപ്പൂർ ഭാഗത്തുനിന്നുള്ള തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ ക്രിസ്മസ് ആഘോഷിച്ചിരുന്നു. ഇതിനിടെ കരോൾ നടത്തിയതിനെചൊല്ലി അവർ തമ്മിൽ സംഘർഷമുണ്ടായി. അത് തടയാനെത്തിയ സെക്യൂരിറ്റിയെയും സൂപ്പർവൈസർമാരെയും ആക്രമിച്ചു. തുടർന്ന് ഞങ്ങൾ പൊലീസിനെ വിളിച്ചു. പൊലീസിനെയും ആക്രമിച്ചു. ആരെയും ആർക്കും നിയന്ത്രിക്കാൻ പറ്റാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങൾ മാറി. അല്ലാതെ അവർ ക്രിമിനലുകളാണെന്ന് തോന്നുന്നില്ല. നാഗാലാൻഡ്, മണിപ്പൂർ സ്വദേശികൾ ആത്മാർഥമായി ജോലി ചെയ്യുന്ന കഠിനാധ്വാനികളാണ്. 12 വർഷമായി അന്യസംസ്ഥാനക്കാർ കമ്പനിയിൽ ജോലി ചെയ്യുന്നു. ഞങ്ങളുടെ അനുഭവം അതാണ്. ഇത്ര കാലമായിട്ടും ഒരു അക്രമ സംഭവം ഉണ്ടായിട്ടില്ല. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം റിപ്പോർട്ട് ചെയ്തത്. അവിടെ ആരോ എന്തോ ലഹരി എത്തിച്ചിട്ടുണ്ട്. അറിഞ്ഞോ അറിയാതെയോ ആ ലഹരി കഴിച്ചതാവും ഇന്നലത്തെ ആക്രമണത്തിന് കാരണം. അവർ ചെയ്തതെന്താണെന്ന് ഇന്ന് ചോദിച്ചാൽ അവർക്ക് മനസ്സിലാകുമോ എന്ന കാര്യം സംശയമാണ്'' -സാബു ജേക്കബ് പറഞ്ഞു.
അക്രമസംഭവങ്ങളിൽ കമ്പനി ഉടമക്കെതിരെയും അന്വേഷണം നടത്തണമെന്ന പ്രസ്താവിച്ച പി.വി. ശ്രീനിജിൻ എം.എൽ.എയെ സാബു വിമർശിച്ചു. 'ശ്രീനിജിൻ എന്തുപറയുമെന്നും അദ്ദേഹവും ഞാനും തമ്മിലുള്ള ബന്ധമെന്നാണെന്നും എല്ലാവർക്കും അറിയാവുന്നതാണ്. ശ്രീനിജിൻ ജയിച്ച അന്നുമുതൽ ഈ കമ്പനി പൂട്ടിക്കാൻ മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയാണ്. ഇതിന് സമാനമായ അക്രമം മുമ്പും ഉണ്ടായിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് അന്ന് നടപടിയെടുത്തില്ല? ഇവിടെ കോൺഗ്രസും കമ്യൂണിസ്റ്റുമൊക്കെയല്ലേ ഭരിച്ചിരുന്നത്? ' -സാബു ജേക്കബ് പറഞ്ഞു.
ലഹരി ഉപയോഗിച്ച് നാട്ടുകാരെ മർദിക്കുന്നുവെന്നതടക്കം നിരവധി പരാതികൾ മുമ്പും ഉയർന്നിട്ടുണ്ടെന്ന് ശ്രീനിജിൻ എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ പരാതികളെ തുടർന്ന് മാസങ്ങൾക്ക് മുമ്പ് ലേബർ ഡിപ്പാർട്ടുമെന്‍റ് അന്വേഷിച്ചപ്പോൾ ഒട്ടനവധി ക്രമക്കേടുകൾ കണ്ടെത്തിയിരുന്നുവെന്നും എന്നാൽ, കേരളം വികസന വിരുദ്ധമെന്ന് ആരോപിച്ച് അന്വേഷണം വഴിതിരിച്ചുവിടാനാണ് കിറ്റെക്സ് കമ്പനി ഉടമ ശ്രമിച്ചതെന്നും എം.എൽ.എ ആരോപിച്ചു.
ശനിയാഴ്ച അർധരാത്രിയാണ് കിഴക്കമ്പലത്ത് കിറ്റെക്സ് കമ്പനിയിൽ ജോലി ചെയ്യുന്ന മണിപ്പൂർ, നാഗാലൻഡ് സ്വദേശികളായ തൊഴിലാളികൾ താമസസ്ഥലത്ത് ക്രിസ്മസ് ആഘോഷത്തിനിടെ ഏറ്റുമുട്ടിയത്. ക്രിസ്മസ് കരോൾ സംബന്ധിച്ച തൊഴിലാളികൾക്കിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതിനിടെ പ്രശ്നം പരിഹരിക്കാനെത്തിയ പൊലീസിന് നേരെ അക്രമികൾ തിരിയുകയായിരുന്നു. കുന്നത്തുനാട് സി.ഐ വി.ടി ഷാജൻ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ അക്രമികൾ മർദ്ദിച്ചു. പൊലീസുകാരെ പുറത്തിറങ്ങാൻ അനുവദിക്കാത്ത തൊഴിലാളികൾ വാഹനത്തിന് നേരെ കല്ലേറ് നടത്തി. കല്ലേറിൽ വാഹനത്തിന്‍റെ ഗ്ലാസുകൾ തകർന്നു.
ഇതിന് പിന്നാലെ പൊലീസ് കൺട്രോൾ റൂം വാഹനം തടഞ്ഞുവെച്ച് തീയിട്ടത്. അഗ്നിക്കിരയായ വാഹനത്തിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഇറങ്ങി ഒാടിയതിന് പിന്നാലെ വാഹനം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. കല്ലേറിലും ആൾക്കൂട്ട മർദനത്തിലും പരിക്കേറ്റ സി.ഐ അടക്കമുള്ളവർ കോലഞ്ചേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അക്രമത്തിന് ശേഷം താമസസ്ഥലത്തെ മുറികളിൽ കയറി ഒളിച്ചിരുന്ന തൊഴിലാളികളെ പുലർച്ചെ നാലുമണിയോടെ കൂടുതൽ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.