പരോക്ഷ നികുതി ആവശ്യങ്ങൾക്ക് ഇനി കൈറ്റിസ് സോഫ്റ്റ് വെയർ
text_fieldsകൊച്ചി: സംസ്ഥാന വാണിജ്യ നികുതി വകുപ്പിനുകീഴിലുള്ള കെവാറ്റിസ് സോഫ്റ്റ് വെയറിനുപകരം നികുതി സംബന്ധമായ ആവശ്യങ്ങൾക്കായി കൈറ്റിസ് എന്ന പേരിൽ പുതിയ സംവിധാനം വരുന്നു. 3.26 കോടി രൂപ ചെലവിട്ട് കേരള ഇൻഡയറക്ട് ടാക്സ് ഇൻഫർമേഷൻ സിസ്റ്റം എന്ന കൈറ്റിസ് സോഫ്റ്റ് വെയർ ഒരുക്കുന്നത് കേരള ഡിജിറ്റൽ സർവകലാശാലയാണ്.
ഇതിനുള്ള ഭരണാനുമതി കഴിഞ്ഞദിവസം സർക്കാർ നൽകി. 3.26 കോടി രൂപ കൂടാതെ 10 വർഷത്തേക്കുള്ള വാർഷിക മെയിൻറനൻസ് ചാർജും സർവകലാശാലക്ക് നൽകേണ്ടി വരും.
2009ലാണ് കെ-വാറ്റ്, കെ.ജി.എസ്.ടി, കെ.എം.എൽ (കേരള മണി ലെൻഡേഴ്സ്), ആഡംബര നികുതി, കാർഷിക വരുമാന നികുതി (എ.ഐ.ടി) തുടങ്ങിയ നിയമങ്ങളുടെ നിർവഹണത്തിന് കെവാറ്റിസ് സോഫ്റ്റ് വെയറിന് തുടക്കമായത്. നികുതി വകുപ്പിന്റെ നികുതി വരുമാനത്തിൽ പകുതിയും സമാഹരിക്കാൻ ഇതാണ് ഉപയോഗിച്ചിരുന്നത്.
എന്നാൽ, കാലപ്പഴക്കത്താൽ കെവാറ്റിസിന്റെ സാങ്കേതിക സഞ്ചയം ഉപയോഗശൂന്യമായത് ചൂണ്ടിക്കാട്ടിയാണ് പുതിയ സോഫ്റ്റ് വെയർ രൂപവത്കരിക്കാൻ വകുപ്പ് തീരുമാനിച്ചത്. ഇതോടൊപ്പം സുരക്ഷാ അപ്ഡേഷനുകൾ വരുത്തുന്നതിലെ പരിമിതികളും കെവാറ്റിസിന്റെ ഇ-പെയ്മെന്റ് സംവിധാനത്തെ കാര്യമായി ബാധിച്ചു.
നികുതി വകുപ്പിനുകീഴിൽ തടസ്സരഹിതമായ ഓൺലൈൻ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓപൺ സോഴ്സ് സാങ്കേതികവിദ്യ ഉപയോഗിച്ച് സോഫ്റ്റ് വെയർ പുനർവികസിപ്പിക്കുന്നത്. സോഫ്റ്റ് വെയർ വികസിപ്പിക്കാനായി 1.30 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്, കമീഷനിങ്ങിന് 1.95 കോടി രൂപയും. പദ്ധതിക്കായി ഭരണാനുമതി ലഭിച്ച 3.26 കോടിയിൽനിന്ന് ഈ വർഷം 1.30 കോടി രൂപ അനുവദിക്കും. ബാക്കി 1.95 കോടി അടുത്ത സാമ്പത്തിക വർഷത്തിലാണ് അനുവദിക്കുക.
പുതിയ സോഫ്റ്റ് വെയർ വഴി വാറ്റ് അടക്കം ഓൺലൈൻ നികുതി അടക്കൽ സംവിധാനം കൂടുതൽ കാര്യക്ഷമമാകുമെന്നാണ് വാണിജ്യ നികുതി വകുപ്പ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.