കീഴാറ്റൂരിൽ മേൽപ്പാത ആവശ്യപ്പെട്ട് കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചു
text_fieldsതിരുവനന്തപുരം: കണ്ണൂർ കീഴാറ്റൂരില്‍ വയൽ നികത്തി ബൈപാസ് നിര്‍മിക്കുന്നതിനു പകരം മേൽപാലത്തിെൻറ സാധ്യത പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാറിന് സംസ്ഥാനം കത്തയച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്കും ദേശീയപാത അതോറിറ്റി ചെയര്മാന് ദീപക് കുമാറിനും പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് കത്തയച്ചത്. ഇതോടെ, കീഴാറ്റൂർ വിവാദം കേന്ദ്രത്തിെൻറ ചുമലിലായി. വയൽക്കിളി സമരത്തെ പിന്തുണക്കുന്ന ബി.ജെ.പിയെ വെട്ടിലാക്കുന്നതു കൂടിയാണ് സംസ്ഥാന നടപടി.
‘കേരളത്തില്‍ നിയമസഭാ സമ്മേളനം നടക്കുകയാണ്. തളിപ്പറമ്പ് ബൈപാസിെൻറ അലൈന്‍മെൻറ് കീഴാറ്റൂരിലെ നെല്‍പ്പാടത്തിലൂടെ കടന്നുപോകുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനപ്രതിനിധി ജയിംസ് മാത്യു എം.എൽ.എ നിയമസഭയിൽ സബ്മിഷന് അവതരിപ്പിച്ചു. പ്രദേശത്തെ പാടശേഖരവും ജലവും സംരക്ഷിക്കുന്നതിനു മേൽപ്പാത വേണമെന്നാണ് സബ്മിഷനിലൂടെ ആവശ്യപ്പെട്ടത്. ഇക്കാര്യം കേന്ദ്രസര്‍ക്കാറിെൻറ ശ്രദ്ധയില്‍പ്പെടുത്താമെന്ന് മന്ത്രിയെന്ന നിലക്ക് ഞാൻ നിയമസഭയിൽ ഉറപ്പും നല്കി. അതിനാൽ, ഇൗ വിഷയത്തിൽ ആവശ്യമായ നടപടിയെടുക്കണമെന്ന് അഭ്യർഥിക്കുന്നു’ -മന്ത്രി കത്തിൽ ആവശ്യപ്പെട്ടു. കേരളത്തിലെ ദേശീയപാത നാലുവരി വികസനത്തിൽ കേന്ദ്രസർക്കാറിെൻറ അകമഴിഞ്ഞ സഹകരണത്തെ പ്രകീർത്തിച്ചുെകാണ്ടാണ് കത്ത് തുടങ്ങുന്നത്.
കീഴാറ്റൂരിലെ സമരത്തെ മന്ത്രി ജി. സുധാകരന് ശക്തമായി വിമര്‍ശിച്ചതിനു പിന്നാലെയാണ് പുതിയ നീക്കം. സമരം ചെയ്യുന്ന ‘വയല്‍ക്കിളികളെ’ ‘വയല്ക്കഴുകൻ’ മാരെന്നും കൃഷി നശിപ്പിക്കുന്ന എരണ്ടകളെന്നുമാണ് കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം വിശേഷിപ്പിച്ചത്. മന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി വയൽക്കിളികൾ രംഗത്തുവരുകയും ചെയ്തു. സമരത്തെ എതിർത്ത് സി.പി.എമ്മും അനുകൂലിച്ച് പരിസ്ഥിതി പ്രവർത്തകരും കീഴാറ്റൂരിൽ പുതിയ തന്ത്രങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് സർക്കാറിെൻറ തന്ത്രപരമായ നീക്കം. ദേശീയപാത വിഷയത്തിൽ അവസാന വാക്ക് കേന്ദ്രസർക്കാറിനു കീഴിലെ ദേശീയപാത അതോറിറ്റിയുടേതാണ്. കേന്ദ്രം ഫണ്ട് നൽകുകയാണെങ്കിൽ മേൽപ്പാത നിർമിക്കാൻ തയാറാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരത്തേ വ്യക്തമാക്കിയിരുന്നു. കത്തിൽ കേന്ദ്രത്തിെൻറ മറുപടി ലഭിച്ചശേഷം ബാക്കി കാര്യങ്ങൾ പറയാമെന്നാണ് സർക്കാറിെൻറ നിലപാട്.
കത്തിെൻറ പൂർണ രൂപം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.