മുൻ മന്ത്രി കെ.ജെ ചാക്കോ നിര്യാതനായി
text_fieldsചങ്ങനാശ്ശേരി: കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവും മുന്‍മന്ത്രിയും ചങ്ങനാശ്ശേരി മുന്‍ എം.എല്‍.എയും മുനിസിപ്പല്‍ ചെയര്‍മാനുമായിരുന്ന കെ.ജെ. ചാക്കോ (91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ചെത്തിപ്പുഴ സെൻറ് തോമസ് ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയില്‍.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വിലാപയാത്രയായി ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയില്‍ എത്തിച്ച് 3.15നും 34 വര്‍ഷം പ്രസിഡൻറായിരുന്ന വാഴപ്പള്ളി സര്‍വിസ് കോഓപറേറ്റിവ് ബാങ്കില്‍ നാലിനും പൊതുദര്‍ശനത്തിന് വെക്കും. അഞ്ചിന് മൃതദേഹം വാഴപ്പള്ളിയിെല വസതിയില്‍ എത്തിക്കും. സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് ചങ്ങനാശ്ശേരി സെൻറ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി സെമിത്തേരിയില്‍ നടക്കും. 1962ല്‍ മുനിസിപ്പല്‍ കൗണ്‍സിലറും 1964ല്‍ മുനിസിപ്പല്‍ ചെയര്‍മാനുമായും തെരഞ്ഞെടുക്കപ്പെട്ടു. മുനിസിപ്പല്‍ ചെയര്‍മാനായിരിക്കെയാണ് കേരള കോണ്‍ഗ്രസ് പ്രതിനിധിയായി ആദ്യമായി ചങ്ങനാശ്ശേരി എം.എല്‍.എ ആയത്. 1965, 1970, 1977 വർഷങ്ങളില്‍ മൂന്നുതവണ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍നിന്ന് നിയമസഭാംഗമായി. 1979ലെ സി.എച്ച്. മുഹമ്മദ് കോയ മന്ത്രിസഭയില്‍ റവന്യൂ, എക്സൈസ്, ട്രാന്‍സ്പോര്‍ട്ട്, സഹകരണം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു. മില്‍മ ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു. മന്ത്രിയായിരിക്കെ അദ്ദേഹത്തിെൻറ ശ്രമഫലമായാണ് പെസഹ വ്യാഴം പൊതുഅവധിയായി പ്രഖ്യാപിച്ചത്.
1970ലെ തെരഞ്ഞെടുപ്പില്‍ നിയമസഭാംഗമായതിനെത്തുടർന്ന് എസ്റ്റിമേറ്റ് കമ്മിറ്റി, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, പെറ്റീഷന്‍സ് കമ്മിറ്റി, ഗവ. അഷ്വറന്‍സ് കമ്മിറ്റി എന്നിവയിലും അംഗമായി.
ഭാര്യ: ചേര്‍ത്തല തൈക്കാട്ടുേശ്ശരി പറമ്പത്തറ കുടുംബാംഗം ത്രേസ്യക്കുട്ടി (വാഴപ്പള്ളി സെൻറ് തേരേസാസ് ഹൈസ്കൂള്‍ റിട്ട. ടീച്ചര്‍). മക്കള്‍: ഡെയ്സി തോമസ്, ജോയി ചാക്കോ, ലിസി പയസ്, ആന്‍സി ടോണി. മരുമക്കള്‍: മാത്യു തോമസ് (ഷാജി, മൂങ്ങാമാക്കില്), ജൂബി ചാക്കോ (ശങ്കൂരിക്കല്‍), പയസ് ടി.എ (തളിയനേഴത്ത്), ടോണി ജോര്‍ജ് (കണ്ണന്താനം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.