ഗാനാഭിഷേകം
text_fieldsഎൺപതുകളിലായിരുന്നു യേശുദാസിന്റെ ഏറ്റവും സജീവമായ കാലമെന്ന് പറയാം. ഹിന്ദി സിനിമാ പ്രവേശം അദ്ദേഹത്തിന്റെ പ്രശസ്തി വാനോളമുയർത്തി. ‘ചിത്ചോറി’ലൂടെ ദേശീയ പുരസ്കാരം നേടിയത് മലയാളത്തിന്റെയും അഭിമാനമായി
ദാരിദ്ര്യത്തിൽ ജീവിച്ച നാടകനടനും പാട്ടുകാരനുമായിരുന്നു അഗസ്റ്റിൻ ജോസഫ്. ഫോർട്ട് കൊച്ചിയായിരുന്നു താമസം. എറണാകുളത്ത് എവിടെ കച്ചേരിയുണ്ടെങ്കിലും മകനെ കൊണ്ടുപോയി കേൾപ്പിക്കും. അതായിരുന്നു യേശുദാസിന്റെ സംഗീതത്തിന്റെ അടിസ്ഥാനം. ചിട്ടയായിത്തന്നെ സംഗീതം പഠിച്ചുവളർന്നു. സ്കൂൾപഠനം കഴിഞ്ഞ് തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ സംഗീതം പഠിക്കാൻ ചേർന്നു. രാജ്യം സ്വതന്ത്രമാകുന്നത് യേശുദാസിന് ഏഴു വയസ്സുള്ളപ്പോൾ.
എട്ടാം വയസ്സിൽ സ്വാതന്ത്ര്യത്തിന്റെ ഒന്നാം വാർഷികം എറണാകുളം ടി.ഡി.എം സ്കൂളിൽ നടക്കുമ്പോൾ രാഷ്ട്രപിതാവിനെ പ്രകീർത്തിച്ചുകൊണ്ടുള്ള ‘വന്ദേമാതരം വാഴ്ത്തിയ മുനിയേ...’ എന്ന ഗാനം ആലപിച്ചത് യേശുദാസ് അന്നാണ്. ആദ്യമായി പാട്ടിന് സമ്മാനം വാങ്ങുന്നത്, ഒരു വെള്ളിയാഴ്ച. ആദ്യമായി റെക്കോഡ് ചെയ്യുന്നത് ഒരു വിപ്ലവഗാനം. സംഗീതം അർജുനൻ മാഷ്. യേശുദാസ് സംഗീതപഠനം കഴിഞ്ഞ സമയത്താണ് ഫോർട്ട് കൊച്ചിയിലെ ഇലഞ്ഞിക്കൽ തറവാട്ടിൽ അന്നത്തെ ഗ്രെൺഡിഗ് റെക്കോർഡറിലായിരുന്നു റെക്കോഡിങ്. എന്നാൽ ആ ഗാനം ഇന്ന് ലഭ്യമല്ല.
മാതൃക റഫി സാഹിബ്
അന്ന് ഇന്ത്യ മുഴുവൻ മുഴങ്ങിക്കേട്ട മുഹമ്മദ് റഫിയുടെ ആലാപനശൈലിയാണ് യേശുദാസിനെ രൂപപ്പെടുത്തിയത്. കുട്ടിക്കാലം മുതലേ ദാസ് റഫിയുടെ കടുത്ത ആരാധകനായിരുന്നു. അദ്ദേഹത്തിന്റെ ആലാപനശൈലി അപ്പാടെ പകർത്തി. മലയാളത്തിൽ അതുവരെ നിലവിലുണ്ടായിരുന്ന ശൈലിയായിരുന്നില്ല അത്. സ്വരസ്ഥാനങ്ങളും ക്ലാസിക്കൽ ശൈലിയും നന്നായി വഴങ്ങുന്ന യേശുദാസിന്റെ സ്വരമാധുരിക്ക് വികാരത്തിന് പ്രാധാന്യം കൊടുത്തുള്ള റഫിയുടെ ശൈലി ഏറെ പുതുമയായി.
ആദ്യകാല റെക്കോഡിങ്ങിൽതന്നെ യേശുദാസ് അത് പുറത്തെടുത്തതോടെ അതിന് വലിയ സ്വീകാര്യതയായി. പിന്നീട് യേശുദാസിന്റെ റേഞ്ചും ശൈലിയും ഉൾക്കൊള്ളുന്ന തരത്തിലായിരുന്നു ഓരോ സംഗീതസംവിധായകരും പാട്ടുകൾ ചെയ്തത്. സംഗീതപഠനം കഴിഞ്ഞ് ഗാനമേളകളിൽ സജീവമായ യേശുദാസ് അക്കാലത്ത് പ്രധാനമായും പാടിയിരുന്നത് മുഹമ്മദ് റഫിയുടെ ഗാനങ്ങളായിരുന്നു.
ഭാര്യയിലെ ‘ദയാപരനായ കർത്താവേ’ എന്ന ഗാനം ദേവരാജൻ മാഷിനും സംവിധായകൻ കുഞ്ചാക്കോക്കും ഇഷ്ടപ്പെട്ടതോടെ യേശുദാസിന് ഗാനങ്ങൾ നൽകാൻ അവർ തീരുമാനിക്കുകയായിരുന്നു. തുടർന്ന് വടക്കൻ കേരളത്തിലാണ് അല്ലിയാമ്പലും താമസമെന്തേ വരുവാനും ഹിറ്റായത്. പിന്നീടത് കേരളം മുഴുവൻ അലയടിച്ചു.
യേശുദാസ് സജീവ സാന്നിധ്യമാകാൻ പിന്നെ അധികകാലം വേണ്ടിവന്നില്ല. എ.എം. രാജ, കെ.പി. ഉദയഭാനു, കമുകറ പുരുഷോത്തമൻ, പി.ബി. ശ്രീനിവാസ് തുടങ്ങിയ ഗായകരൊക്കെ വേഗംതന്നെ അപ്രസക്തരായി. എഴുപതിന്റെ തുടക്കത്തിൽതന്നെ യേശുദാസ് ചോദ്യം ചെയ്യാനില്ലാത്ത സാന്നിധ്യമായി. ഇതിനിടെ ജയചന്ദ്രനും ബ്രഹ്മാനന്ദനുമൊക്കെ ശ്രദ്ധേയമായ ഗാനങ്ങൾ പാടി.
ഓരോ ദശകത്തിലും പുതിയ ഉയരങ്ങളിൽ എഴുപതുകൾ മലയാള സിനിമ ഗാനങ്ങളുടെ സുവർണ കാലം എന്ന് വിമർശകർ വിശേഷിപ്പിച്ചു. ആ സുവർണകാലം മുഴുവൻ യേശുദാസിന്റെ അലയൊലികളായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലേക്കും തെലുങ്കിലേക്കും യേശുദാസ് പ്രവേശിച്ചു. ആന്ധ്ര സർക്കാറിന്റെ പുരസ്കാരം നാലു തവണയും തമിഴ്നാട് ഗവൺമെന്റിന്റെ പുരസ്കാരം അഞ്ചു തവണയും നേടി.
എൺപതുകളിലായിരുന്നു ഏറ്റവും സജീവമായ കാലമെന്ന് പറയാം. ഹിന്ദി സിനിമയിലെ പ്രവേശം അദ്ദേഹത്തിന്റെ പ്രശസ്തി വാനോളമുയർത്തി. ചിത്ചോറിലൂടെ ദേശീയ പുരസ്കാരം നേടിയതോടെ മലയാളത്തിന്റെ അത്യഭിമാനമായി അത് വളർന്നു. എട്ടുതവണയാണ് വിവിധ ഭാഷകളിലായി ദേശീയ പുരസ്കാരം അദ്ദേഹം നേടിയത്. ഹിന്ദിയിൽ അക്കാലത്തെ ലോബിയിങ്ങിന് ഇരയായി യേശുദാസിന് അർഹമായ ഉയരം നഷ്ടപ്പെട്ടുവെന്നുപറയാം.
എന്നാൽ, തമിഴിൽ എസ്.പി. ബാലസുബ്രഹ്മണ്യം മുൻപന്തിയിൽ നിൽക്കുമ്പോഴും മുൻനിരയിൽതന്നെ നിലയുറപ്പിച്ചു യേശുദാസ്. ഇളയരാജ തന്റെ കാമ്പുള്ളതും ക്ലാസിക്കൽ ബേസുള്ളതുമായ ഗാനങ്ങൾ യേശുദാസിനു തന്നെ നൽകി. 79ൽ തരംഗിണി സ്റ്റുഡിയോ തുടങ്ങിയതോടെ യേശുദാസിന്റെ ഗാനസാമ്രാജ്യം പിന്നെയും വളർന്നു. സ്റ്റീരിയോ റെക്കോഡിങ്ങിന്റെ കാലം ശബ്ദത്തിന് കൂടുതൽ മിഴിവേറ്റി. ഓണപ്പാട്ടുകൾ, സിനിമേതര ഗാനങ്ങൾ, ഭക്തിഗാനങ്ങൾ, നാടൻപാട്ടുകൾ അങ്ങനെ പാട്ടിന്റെ എല്ലാ വൈവിധ്യവും സിനിമ ഗാനങ്ങൾക്കൊപ്പം മലയാളത്തിൽ പുറത്തിറങ്ങി.
ക്ലാസിക്കൽ സംഗീതം വിടാതെ
തിരക്കുള്ള ഗായകനായിരിക്കുമ്പോഴും ഗാനമേളകളിലും ക്ലാസിക്കൽ സംഗീതത്തിലും അദ്ദേഹം സജീവമായി. നിരന്തരമായി കച്ചേരികൾ.. ഇതിന്റെയൊക്കെ കാസറ്റുകളും പുറത്തിറങ്ങി. പരമ്പരാഗത ശൈലിയിൽനിന്ന് വ്യത്യസ്തമായി അക്ഷരസ്ഫുടതക്കും ആലാപനത്തിലെ കൃത്യതക്കും പ്രാധാന്യം നൽകിയ യേശുദാസിന്റെ കർണാടക സംഗീതാലാപനം നവ്യാനുഭവമായി. കർണാടക സംഗീതം എന്താണെന്നറിയാത്ത സാധാരണക്കാരെ സംഗീതത്തിലേക്കടുപ്പിക്കാൻ യേശുദാസിന് കഴിഞ്ഞു.
ഭക്തിഗാനങ്ങൾക്ക് കൂടുതൽ മൂർത്തത നൽകി യേശുദാസ് ഗാനങ്ങൾ ധാരാളം ക്ഷേത്രങ്ങളുടെ പ്രശസ്തി വർധിക്കുന്നതിൽ പങ്കുവഹിച്ചു.
സംഗീത സംവിധായകരുടെയും നല്ല കാലങ്ങൾ
എൺപതുകളിൽ ഏറ്റവും നല്ല ഗാനങ്ങൾ സൃഷ്ടിച്ചത് ജോൺസൺ മാഷും രവീന്ദ്രൻ മാഷുമായിരുന്നു. യേശുദാസിന്റെ ശബ്ദത്തിന്റെ അനന്തസാധ്യതകളെ കണ്ടെത്തി അത്തരത്തിൽ പാട്ടുകൾ ചെയ്തു എന്നതാണ് രവീന്ദ്രന്റെ ക്രെഡിറ്റ്. അതുപോലെ ജോൺസൺ മെലഡികൾ പുതുകാലത്ത് വേറിട്ട അധ്യായമാകുന്നു. തൊണ്ണൂറുകളിലും ഇവർ സജീവമായി.
ഔസേപ്പച്ചനും ജെറി അമൽദേവുമൊക്കെ ശ്രദ്ധേയമായ ഗാനങ്ങൾ സൃഷ്ടിച്ചു. സലിൽ ചൗധരിയുടെയും എം.ബി. ശ്രീനിവാസന്റെയും ശ്യാമിന്റെയുമൊക്കെ പാട്ടുകൾ അതിന്റെ വൈവിധ്യത്തോടെ വികാരതീവ്രതയോടെ ഈ വേഴ്സ്റ്റൈൽ ഗായകൻ ആലപിച്ചപ്പോൾ പകരം വെക്കാനില്ലാത്ത കാലഘട്ടമാണ് സൃഷ്ടിക്കപ്പെട്ടത്.
മറുനാട്ടിലാണെങ്കിലും
ഏതാണ്ട് രണ്ടു ദശാബ്ദമായി അമേരിക്കയിൽ കഴിയുന്ന യേശുദാസ് ഇവിടെയില്ല എന്ന് നമുക്ക് ചിന്തിക്കാനാവില്ല. അത്രമേൽ നിരന്തര സാന്നിധ്യമാണ് യേശുദാസ് ഗാനങ്ങൾ മലയാളിക്ക്. വർഷങ്ങളായി ട്യൂൺ അയച്ചുകൊടുത്ത് അവിടെ സ്റ്റുഡിയോയിൽ ഇരുന്നാണ് അദ്ദേഹം പാടുന്നത്. എന്നാൽ, അത് അലയടിക്കുന്നത് നമ്മുടെ ഹൃദയങ്ങളിൽ.
ശബരിമലയിൽ അയ്യപ്പന്റെ ഉറക്കുപാട്ട്, കേരളമെങ്ങുമുള്ള ക്ഷേത്രങ്ങളിൽ എന്നും ഉയർന്നുകേൾക്കുന്ന ഗാനധാര. ഗുരുവായൂരിലെയും പത്മനാഭസ്വാമി ക്ഷേത്രത്തിലെയും അദ്ദേഹത്തിന്റെ പ്രവേശം ഇന്നും സജീവമായ ചർച്ച. മുടങ്ങാതെ മൂകാംബികയിൽ, പിതാവിന്റെ ജന്മദിനത്തിന് മുടങ്ങാതെ ഫോർട്ട്കൊച്ചിയിലെ പള്ളിയിൽ. ഇങ്ങനെ വന്നും വരാതെയും മലയാളിയുടെ നിത്യസാന്നിധ്യം തന്നെയാണ് നിലക്കാത്ത സംഗീതമായി യേശുദാസ്.
ആദ്യ ഗുരുദക്ഷിണ; അനശ്വര സമ്മാനങ്ങൾ
യേശുദാസ് ആദ്യമായി ഗുരുദക്ഷിണ നൽകിയത് കുഞ്ഞൻവേലു ആശാനാണ്. പിന്നീടാണ് പി.എക്സ്. ജോസഫ്, രാമൻകുട്ടി ഭാഗവതർ, ശിവരാമൻ നായർ, ചെമ്പൈ എന്നിവർക്ക് നൽകിയത്. പാട്ടുപാടിയതിന് ആദ്യ സമ്മാനം കിട്ടിയത് കൊച്ചി ടി.ഡി.എം ഹാളിൽവെച്ചാണ്. ‘വന്ദേമാതരം വാഴ്ത്തിയ മുനിയെ’ പാടിയതിന് വെള്ളിക്കപ്പ്. ആഹ്ലാദകരമായ മുഹൂർത്തമായി യേശുദാസ് ഓർക്കുന്നത് ഗുരുനാഥൻ ചെമ്പൈ ഒരു സ്വീകരണ പരിപാടിയിൽ അദ്ദേഹത്തിന് ലഭിച്ച പൊന്നാട അവിടെ വെച്ചുതന്നെ തന്നെ അണിയിച്ചതാണ്.
ഭാഷാ വൈവിധ്യം
ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും യേശുദാസ് പാടി തെളിയിച്ചിട്ടുണ്ട്. കൂടാതെ അറബിക്, ഇംഗ്ലീഷ്, റഷ്യൻ, മറ്റു ലാറ്റിൻ ഭാഷകളിലും ഗാനമാലപിച്ചിട്ടുണ്ട്.
പ്രധാന രണ്ടു നഷ്ടങ്ങൾ പിന്നെ ബാബരി ധ്വംസനവും
യേശുദാസിന്റെ ജീവിതത്തിലെ പ്രധാന രണ്ടു നഷ്ടങ്ങളായി പറയുന്നത് ഒരു ഫോട്ടോ കാണാതായതിന്റെയും ഒരു ഓട്ടോഗ്രാഫ് നഷ്ടപ്പെട്ടതിന്റേതുമാണ്. ആദ്യമായി അവാർഡ് കിട്ടിയ നേരത്ത് ചടങ്ങിൽ അടുത്തിരുന്ന പങ്കജ് മല്ലിക്കിന്റെ കൂടെയെടുത്ത പടം കാണാതായി. രണ്ടാമത്തെ നഷ്ടം വിമാനയാത്രക്കിടെ മദർതെരേസ നൽകിയ ‘God is love’ എന്നെഴുതിയ ഓട്ടോഗ്രാഫ് കളഞ്ഞുപോയതാണ്. ആ നഷ്ടം നികത്താൻ അദ്ദേഹംതന്നെ ഒരു വഴി കണ്ടെത്തി. പിന്നീട് നൽകിയ ഓട്ടോഗ്രാഫുകളിലെല്ലാം ‘God is love’ എന്നു ചേർത്തു. ബാബരി ധ്വംസനമാണ് ജീവിതത്തിൽ ഏറ്റവും സന്തപിച്ച കാര്യമായി അദ്ദേഹം ഒരിക്കൽ പറഞ്ഞത്.
ഇതരഭാഷ സിനിമയിലെ അരങ്ങേറ്റ ഗാനങ്ങൾ
യേശുദാസിന്റെ മലയാളഗാന ശൃംഖലയിലെ അടയാളപ്പെടുത്തലുകൾ കാൽപ്പാടുകൾ എന്ന സിനിയിലൂടെ ആണെന്ന് ഒട്ടുമിക്ക പേർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ, ഇതര ഭാഷയിലെ അരങ്ങേറ്റ ഗാനങ്ങൾ ഏതെല്ലാമെന്ന് അറിയുന്നവർ ചുരുക്കമാകും. തെലുങ്കിൽ ‘ഓനിന്റു ചന്ദമാമ’ (സംഗീതം- കോദണ്ഡപണി), തമിഴിൽ ‘നാനും ബൊമ്മെ’ (സംഗീതം- എസ് . ബാലചന്ദർ), കന്നടയിൽ ‘ഡു ഡു ഡു ബേഡമാ’ (സംഗീതം- സുദർശനം), ഹിന്ദിയിൽ ‘നിസഗമപ’ (സംഗീതം-സലിൽ ചൗധരി) എന്നിവയാണ്.
സായിപ്പിന് കിട്ടിയ തല്ല്
ദാസേട്ടന്റെ ജീവിതത്തിൽ സായിപ്പിനെ തല്ലിയ ഒരു കഥയുണ്ട്. ഫോർട്ട് കൊച്ചിയിലെ ബ്രിട്ടോ സ്കൂളിലെ പഠനകാലത്താണ്, അപ്പന്റെ സമ്മാനമായി കിട്ടിയ മരത്തിന്റെ സ്കെയിൽ അന്ന് കൂടെ പഠിച്ചിരുന്ന സായിപ്പിന്റെ മകനെടുത്ത് പൊട്ടിച്ചു. അപ്പൻ വാങ്ങിച്ചുതന്ന അത്രമേൽ പ്രിയപ്പെട്ട സ്കെയിൽ പൊട്ടിച്ച സായിപ്പിനെ ദാസേട്ടൻ ഇടിച്ചു. അന്നവന്റെ മൂക്കീന്ന് ചോര വന്ന അവസ്ഥയായിരുന്നു.
പ്രേംനസീർ അനശ്വമാക്കിയ ശബ്ദം
തന്റെ ശബ്ദം പ്രേംനസീറാണ് അനശ്വരമാക്കിയതെന്ന് പറഞ്ഞാൽ തെറ്റില്ലെന്ന് യേശുദാസ് പലപ്പോഴും പറയാറുണ്ട്. പലരും ആ ശബ്ദത്തിന്റെ മനുഷ്യരൂപമായി പ്രേംനസീറിനെ കണ്ടിരുന്നു. നസീർ അഭിനയിച്ച ഗാനരംഗങ്ങൾക്ക് യേശുദാസിന്റെ ശബ്ദമായിരുന്നു അക്കാലത്ത് അനുയോജ്യമായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.