ചരിത്രകാരൻ കെ.കെ. അസൈനാർ മാസ്റ്റർ അന്തരിച്ചു
text_fieldsപയ്യന്നൂർ: മുതിർന്ന മാധ്യമ പ്രവർത്തകനും ചരിത്രകാരനുമായ രാമന്തളിയിലെ കെ.കെ അസൈനാർ മാസ്റ്റർ (82) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തായിനേരി എസ്.എ.ബി.ടി.എം ഹൈസ്കൂൾ റിട്ട. അധ്യാപകനാണ്.
നിരവധി യാത്രാ വിവരണങ്ങളും ചരിത്ര ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ചരിത്രം തമസ്കരിച്ച പോരാട്ടം, ദക്ഷിണേന്ത്യയിലെ മുസ്‌ലിം തീർത്ഥാടന കേന്ദ്രങ്ങൾ, അഗ്ര - ഡൽഹി - അജ്മീർ, ലക്ഷദ്വീപ് മുതൽ അന്തമാൻ- നിക്കോബാർ ദ്വീപ് വരെ, സ്മൃതിപഥം, ചരിത്രം പൂവിട്ട മൺതരികളിലൂടെ, മദ്റസ അധ്യാപ ഗൈഡ്, ഉലമാ ജ്ഞാനവീഥികളിലെ പാദമുദ്രകൾ, രാമന്തളി -ഏഴിമല: ചരിത്രം സംസ്കാരം, ഏഴിമല ദേശം - ചരിത്രം, ഏഴിമല തങ്ങൾ കുടുംബം ചരിത്രം തുടങ്ങിയവയാണ് ഗ്രന്ഥങ്ങൾ.
മുസ്‌ലിം ലീഗ് സംസ്ഥന കൗൺസിലർ, മണ്ഡലം ജനറൽ സെക്രട്ടറി, രാമന്തളി ഗ്രാമപഞ്ചായത്ത് അംഗം, രാമന്തളി മുസ് ലിം ജമാഅത്ത് പ്രസിഡന്റ്, സെക്രട്ടറി, സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ, ജംഇയ്യത്തുൽ മുഅല്ലിമീൻ പയ്യന്നൂർ റെയിഞ്ച് സെക്രട്ടറി, പയ്യന്നൂർ പ്രസ് ഫോറം പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം ചന്ദ്രിക ദിനപത്രത്തിന്‍റെ പയ്യന്നൂർ ലേഖകനായിരുന്നു. അന്തമാൻ നിക്കോബാർ ദ്വീപ്, ലക്ഷദ്വീപ് ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും സിംഗപ്പൂർ, ഇന്തോനേഷ്യ, മലേഷ്യ, സൗദി, യു.എ.ഇ, ഈജിപ്ത്, ജോർഡൻ, ഇസ്രായേൽ, ഫലസ്തീൻ, ശ്രീലങ്ക തുടങ്ങിയ വിദേശ രാഷ്ട്രങ്ങളും സന്ദർശിച്ചിട്ടുണ്ട്.
ഭാര്യ: ഇറയത്ത് കുഞ്ഞാമിന. മക്കൾ: ശരീഫ (പുഞ്ചക്കാട്), ജമാൽ (മലേഷ്യ), ഷംസുദ്ധീൻ (യു.എ.ഇ), നസീമ (പുഞ്ചക്കാട്). മരുമക്കൾ: അബ്ദുൽ റഷീദ് (തായിനേരി), കെ.കെ. മുഹമ്മദ് കുഞ്ഞി (റിട്ട. പഞ്ചാബ് നാഷണൽ ബാങ്ക്, പുഞ്ചക്കാട് മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ്), സഫൂറ (ചൂട്ടാട്), ശഫാന (രാമന്തളി). സഹോദരങ്ങൾ: സൈനബ, പരേതരായ അബൂബക്കർ, ഖദീജ, കുഞ്ഞാമിന, പാത്തുമ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.