വധിക്കാൻ പ്രേരണയായത് കെ.കെ. കൃഷ്ണന്റെ കൊലവിളി പ്രസംഗമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഗൂഢാലോചനക്ക് കൃത്യമായ തെളിവുകൾ നിരത്തിയാണ് ടി.പി ചന്ദശേഖരൻ വധക്കേസിലെ പത്തും 12ഉം പ്രതികളും സി.പി.എം നേതാക്കളുമായ കെ.കെ കൃഷ്ണനെയും ജ്യോതിബാബുവിനെയും കുറ്റക്കാരായി ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധിച്ചത്. കൊലപാതകത്തിലേക്ക് നയിച്ച ഗൂഢാലോചനകൾക്കും കൂടിക്കാഴ്ചകൾക്കും സംഘംചേരലുകൾക്കും തുടക്കം കുറിച്ചതുതന്നെ കെ.കെ കൃഷ്ണന്റെ ‘കൊലവിളി’ പ്രസംഗമാണെന്ന് കോടതി നിരീക്ഷിക്കുന്നു.
2012 ഫെബ്രുവരി 21ന് ബാലൻ എന്ന ആർ.എം.പി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ കെ.സി രാമചന്ദ്രൻ ജയിലിൽനിന്ന് പുറത്തു വന്നപ്പോൾ നൽകിയ സ്വീകരണ യോഗത്തിൽ ടി.പി ചന്ദ്രശേഖരനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി കൃഷ്ണൻ പ്രസംഗിച്ചതായി സാക്ഷിമൊഴിയുണ്ട്. ‘വെള്ളപുതപ്പിച്ച് കിടത്തും, തലച്ചോർ തെങ്ങിൻപൂക്കുല പോലെ റോഡിൽ തെറിക്കുന്നത് കാണേണ്ടിവരും’ തുടങ്ങിയ വാക്കുകളാണ് കൃഷ്ണൻ ഉപയോഗിച്ചത്. കെ.സി രാമചന്ദ്രൻ, കെ.കെ കൃഷ്ണൻ, പി. മോഹനൻ, സി.എച്ച് അശോകൻ എന്നിവരുടെ നേതൃത്വത്തിൽ തന്നെ വധിക്കാനിടയുണ്ടെന്ന് ചന്ദ്രശേഖരൻ പറഞ്ഞതായി ഭാര്യ കെ.കെ. രമയുടെ മൊഴിയുണ്ട്. വധിക്കാൻ നീക്കമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുമുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം കൃഷ്ണന്റെ പ്രസംഗത്തിന്റെ തുടർച്ചയായിരുന്നു. ടി.പി വധം ആസൂത്രണം ചെയ്യാൻ പര്യാപ്തമായ തുടർ നടപടികൾക്ക് പ്രേരണയാവുകയാണ് പ്രസംഗമെന്ന് വിധിയിൽ ചൂണ്ടിക്കാട്ടി.
പ്രതികളുമായി നിരന്തരം ഫോണിൽ സമ്പർക്കം പുലർത്തിയയാളാണ് ജ്യോതിബാബു. പ്രതികളുടെ കൂടിക്കാഴ്ചകളിലും പലപ്പോഴും ഇയാളുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്. ഇതിനെല്ലാം സാക്ഷിമൊഴികളും സാഹചര്യ തെളിവുകളുമുണ്ട്. 2012 ഏപ്രിൽ രണ്ടിനും 20നുമിടയിൽ പ്രതികളായ കെ.സി രാമചന്ദ്രൻ, മനോജൻ, കുഞ്ഞനന്തൻ എന്നിവരും ജ്യോതിബാബുവും പരസ്പരം 32 തവണയാണ് ഫോണിൽ ബന്ധപ്പെട്ടത്. ഏപ്രിൽ പത്തിന് സി.പി.എമ്മുകാരനല്ലാത്ത അനൂപ്, കൊടി സുനി, സി.പി.എമ്മുകാരായ പ്രതികളായ കെ.സി രാമചന്ദ്രൻ, മനോജൻ എന്നിവർക്കൊപ്പം ചൊക്ലി സമീറ ക്വാർട്ടേഴ്സിൽ കൂടിയവരിൽ ജ്യോതി ബാബുവുമുണ്ട്. 20ന് കുഞ്ഞനന്തന്റെ വീട്ടിൽ രാമചന്ദ്രൻ, മനോജൻ, കുഞ്ഞനന്തൻ എന്നിവർ കണ്ടുമുട്ടി. 20നും 24നുമിടയിൽ രാമചന്ദ്രനും മനോജനും കുഞ്ഞനന്തനും ജ്യോതിബാബുവും സി.പി.എമ്മുകാരല്ലാത്ത കിർമാണി മനോജും ഷാഫിയും തമ്മിൽ 16 തവണയാണ് ഫോണിൽ ബന്ധപ്പെട്ടത്. കിർമാണി മനോജ്, ഷാഫി, മനോജൻ, ജ്യോതിബാബു, കുഞ്ഞനന്തൻ, പി. മോഹനൻ എന്നിവർ തമ്മിൽ ഏപ്രിൽ 24 മുതൽ മെയ് ഒന്നു വരെ 11 കോളുകൾ ചെയ്തിട്ടുണ്ട്. മേയ് രണ്ട് മുതൽ മൂന്ന് വരെ മനോജനും ജ്യോതിബാബുവും തമ്മിൽ സംസാരിച്ചിട്ടുണ്ട്.
രാമചന്ദ്രൻ, മനോജൻ, കുഞ്ഞനന്തൻ എന്നിവരെ മാത്രം ഗൂഢാലോചനയിൽ കുറ്റക്കാരായി കണ്ട വിചാരണ കോടതി നിലപാട് ഹൈകോടതി തള്ളിയിട്ടുണ്ട്. കുഞ്ഞനന്തന്റെ വീട്ടിൽ കൂടിയ മൂന്ന് പേരെ മാത്രമാണ് ഗൂഢാലോചനയിൽ പ്രതികളാക്കിയത്. കൂടിക്കാഴ്ച നടന്നാൽ മാത്രമല്ല, നടപ്പാക്കാനുദ്ദേശിക്കുന്ന കുറ്റകൃത്യത്തിനെക്കുറിച്ച് ചർച്ച ചെയ്യാനോ കൃത്യത്തിലേക്ക് ആരെയെങ്കിലും ചേർക്കാനോ പ്രവൃത്തിയിലൂടെ മാത്രമല്ല, വാക്കിലൂടെയോ എഴുത്തിലൂടെയോ പദ്ധതി ആസൂത്രണം ചെയ്യുന്നതും കൃത്യം നടത്താൻ രൂപരേഖയുണ്ടാക്കുന്നതും ഇത് സംബന്ധിച്ച് ഒറ്റ മനസ്സോടെ ധാരണയാകുന്നതും ഗൂഢാലോചനയുടെ പരിധിയിൽ വരും. ഗൂഢാലോചന രഹസ്യ സ്വഭാവമുള്ളതായതിനാൽ നേരിട്ട് തെളിവ് ലഭിക്കണമെന്നില്ല. ഇത്തരം സന്ദർഭത്തിൽ സാഹചര്യത്തെളിവുകൾ സംബന്ധിച്ച ഗാഢമായ തത്വങ്ങളൊന്നും ബാധകമാക്കാനാവില്ലെന്ന് സുപ്രീംകോടതിതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളെയും വിചാരണ കോടതി ഗൂഢാലോചനയിൽ കുറ്റവാളിയാക്കിയിട്ടില്ല. 2012 മേയ് നാലിന് കൃത്യം നടക്കുന്നതുവരെ ഈ പ്രതികളും മറ്റ് പ്രതികളും തമ്മിൽ ഫോണിലൂടെയും അല്ലാതെയും ഗൂഢാലോചന നടന്നിട്ടുണ്ട്. ഇക്കാര്യങ്ങൾ കൂടി കണക്കിലെടുത്താണ് ഒന്നു മുതൽ ഏഴ് വരെ പ്രതികളിൽ ആറാം പ്രതി ഒഴികെയുള്ളവർക്കെതിരെയും ഹൈകോടതി ഗൂഢാലോചനക്കുറ്റം ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.