സജീവന്‍റെ ദാരുണാന്ത്യത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് കെ.കെ. രമ
text_fieldsകോഴിക്കോട്: വാഹനാപകടത്തെ തുടർന്ന് വടകര പൊലീസ് കസ്റ്റഡയിലെടുത്ത കല്ലേരി സ്വദേശി സജീവന്റെ ദാരുണാന്ത്യത്തെ കുറിച്ച് സമഗ്രവും സത്യസന്ധവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയാറാവണമെന്ന് കെ.കെ രമ എം.എൽ.എ. ഇത്തരം സംഭവങ്ങൾ കേരളത്തിൽ നിരന്തരം ആവർത്തിക്കുകയാണ്. ദിനംപ്രതി സമാനമായ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ് നമ്മൾ. സത്യസന്ധമായ അന്വേഷണവും നടപടികളും ഉണ്ടാവുന്നില്ല എന്നതാണ് ഇതാവർത്തിക്കാനുള്ള കാരണം. പൊലീസ് സ്റ്റേഷനുകളും പൊലീസ് സംവിധാനവും സാധാരണക്കാരന്റെ ജീവൻ സംരക്ഷിക്കുന്ന കേന്ദ്രങ്ങളാവുന്നതിനു പകരം ജീവനപഹരിക്കുന്ന ഇടങ്ങളായി മാറുന്നതിൽ ആഭ്യന്തര വകുപ്പ് മറുപടി പറയണമെന്നും കെ.കെ. രമ ആവശ്യപ്പെട്ടു.
മർദ്ദനത്തിനിരയായി അവശനായ സജീവൻ താൻ അസുഖബാധിതനാണെന്നും വയ്യായ്ക അനുഭവപ്പെടുന്നതിനാൽ തന്നെ ആശുപത്രിയിൽ എത്തിക്കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടിട്ടും കാര്യമാക്കിയില്ലെന്നാണ് ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും അറിയാൻ കഴിഞ്ഞത്. ഒടുവിൽ സ്റ്റേഷന് പുറത്തു കുഴഞ്ഞുവീണ സജീവൻ ഒരു ഓട്ടോ ഡ്രൈവറുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ആശുപത്രിയിലേക്ക് എത്തുകയും വൈകാതെ മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് മനസിലാക്കുന്നത്. ഒരുപക്ഷെ നേരത്തെ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ പൊലീസ് തയാറായിരുന്നെങ്കിൽ ഈ ചെറുപ്പക്കാരന്റെ ജീവൻ രക്ഷിക്കാമായിരുന്നു.
സംഭവത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും സജീവന്റെ കുടുംബത്തിന് നീതിയുറപ്പുവരുത്താനും സർക്കാർ തയാറാവണം. സജീവന്റെ ദാരുണമായ വിയോഗത്തിൽ അനുശോചനമറിയിക്കുന്നതോടൊപ്പം കുടുംബത്തിനും സുഹൃത്തുക്കൾക്കും ആ നാടിനുമുണ്ടായ തീരാദുഖത്തിൽ പങ്കുചേരുന്നതായും കെ.കെ. രമ വാർത്താകുറിപ്പിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.