ടി.പി വധക്കേസിലെ അഞ്ച് കുറ്റവാളികൾക്ക് ഒന്നിച്ച് പരോൾ കൊടുത്തതിൽ അസ്വാഭാവികതയെന്ന് കെ.കെ രമ
text_fieldsകണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ അഞ്ച് കുറ്റവാളികൾക്ക് ഒന്നിച്ച് പരോൾ കൊടുത്തതിൽ അസ്വാഭാവികതയെന്ന് കെ.കെ. രമ എം.എൽ.എ. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കിർമാണി മനോജ്, ഷാഫി ഉൾപ്പെടെയുളളവർക്കാണ് പരോൾ അനുവദിച്ചത്. ടിപി കേസ് പ്രതികൾ എപ്പോഴും ജയിലിനു പുറത്താണ്.
10 പ്രതികളെ ഒന്നിച്ച് പുറത്തുവിടാൻ എന്താണ് കാരണമെന്നു രമ ചോദിച്ചു. ഒന്നിച്ച് പരോൾ നൽകുന്നത് ഗൗരവം കൂട്ടുന്നുണ്ട്. അത് പരിശോധിക്കപ്പെടണം. മറ്റ് കാര്യങ്ങൾ മനസ്സിലാക്കാൻ ഉദ്യോഗസ്ഥരുമായി സംസാരിക്കും. ടിപി കേസിലെ പ്രതികൾക്കു നൽകിയ പരോൾ സംബന്ധിച്ചു കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ചോദ്യം ഉന്നയിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ല. ഈ സഭാസമ്മേളനത്തിൽ അവകാശലംഘനത്തിന് നോട്ടിസ് നൽകുമെന്നും രമ പറഞ്ഞു.
ഇടത് സർക്കാർ വന്ന ശേഷം ടി.പി കേസിലെ കുറ്റവാളികൾക്ക് വാരിക്കോരി പരോൾ നൽകുന്നുവെന്ന് നേരത്തെ ആക്ഷേപമുയർന്നിരുന്നു. 2016 ന് ശേഷം കേസിലെ മുഴുവൻ കുറ്റവാളികൾക്കുമായി 2000 ൽ അധികം ദിവസം പരോൾ നൽകിയെന്ന് നിയമസഭയിൽ മുഖ്യമന്ത്രി മറുപടിയും നൽകി. കേസിലെ ആറ് പ്രതികളുടെ ശിക്ഷ ഹൈക്കോടതി കഴിഞ്ഞ ഫെബ്രുവരിയിൽ ഇരട്ട ജീവപര്യന്തമായി ഉയർത്തിയിരുന്നു. രണ്ട് പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി റദ്ദാക്കുകയും ചെയ്തു.
ടി.പി കേസിലെ രണ്ടാം പ്രതി കിർമാണി മനോജ്, നാലാം പ്രതി രജീഷ്, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി, ആറാം പ്രതി സിജിത്ത്, ഏഴാം പ്രതി സിനോജ് എന്നിവർ വെളളിയാഴ്ച പുറത്തിറങ്ങി. ജയിൽ ഉപദേശക സമിതി ഇവരുടെ അപേക്ഷ മാർച്ചിൽ അംഗീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പുറത്തിറങ്ങാനായില്ല. പെരുമാറ്റച്ചട്ടം പിൻവലിച്ചതോടെയാണ് പരോളിൽ ഇറങ്ങിയത്. കൊടി സുനി, എം സി അനൂപ് തുടങ്ങിയവർക്ക് പരോളില്ല. ജയിൽ ചട്ടങ്ങൾക്ക് അനുസരിച്ചാണ് അപേക്ഷ അംഗീകരിച്ചതെന്ന് ജയിൽ വകുപ്പ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.