‘ഇത് മോദിയുടെ സഭയോ?, അഴിമതിയെ കുറിച്ച് പറയുമ്പോൾ എന്തിനാണ് ഇത്ര അസഹിഷ്ണുത?’; സ്പീക്കർക്കെതിരെ കെ.കെ രമ
text_fieldsതിരുവനന്തപുരം: നിയമസഭ സ്പീക്കർ എ.എൻ ഷംസീറിനെതിരെ രൂക്ഷ വിമർശനവുമായി ആർ.എം.പി.ഐ നേതാവ് കെ.കെ രമ എം.എൽ.എ. ഈ നിയമസഭയിൽ ഇരിക്കുമ്പോൾ നരേന്ദ്ര മോദിയുടെ സഭയിൽ ആണോ ഇരിക്കുന്നതെന്ന് സംശയം തോന്നുന്നെന്ന് കെ.കെ രമ പറഞ്ഞു. അഴിമതിയെ കുറിച്ച് പറയുമ്പോൾ ഇത്ര അസഹിഷ്ണുത എന്തിനെന്നും കെ.കെ രമ സ്പീക്കർ എ.എൻ ഷംസീറിനോട് ചോദിച്ചു.
നിയമസഭയിൽ സഹകരണ ഭേദഗതി ബില്ലിൽ ചർച്ച നടക്കുന്നതിനിടെയായിരുന്നു രമയുടെ വിമർശനം. ചർച്ചക്കിടെ മാത്യു കുഴൽനാടൻ കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസാരിച്ചതിനെതിരെ സ്പീക്കർ രംഗത്തുവന്നു. വിഷയം കഴിഞ്ഞ ദിവസവും സഭയിൽ ഉന്നയിച്ചതാണെന്ന് സ്പീക്കർ പറഞ്ഞതോടെ ഇരുവരും തമ്മിൽ വാഗ്വാദമായി.
തർക്കത്തിനിടെ സ്പീക്കർ കുഴൽനാടന്‍റെ മൈക്ക് ഓഫ് ചെയ്തു. തുടർന്ന് സംസാരിക്കാനായി കെ.കെ രമ എഴുന്നേൽക്കുകയും കുഴൽനാടനെതിരായ നടപടിക്കെതിരെ പ്രതിഷേധമറിയിക്കുകയും വിമർശനം ഉന്നയിക്കുകയുമായിരുന്നു.
നരേന്ദ്ര മോദിയുടെ സഭയിൽ ആണോ ഇരിക്കുന്നത് എന്ന് തോന്നിപ്പോയി. ഒരു അംഗത്തിന് പറയാനുള്ളത് പറയാൻ കഴിയാത്ത സാഹചര്യം ഖേദകരമാണ്. സ്പീക്കർ ഇങ്ങനെ രൂക്ഷമായി സംസാരിച്ചത് ശരിയാണോ? വിഷയത്തോടും അംഗങ്ങളോടും ഇതാണോ സമീപനം -കെ.കെ രമ ചോദിച്ചു.
സ്പീക്കർ ഏകാധിപതിയെ പോലെ പെരുമാറുന്നു. അഴിമതിയെ കുറിച്ച് സംസാരിക്കുമ്പോൾ എതിർവാദങ്ങൾ ഉന്നയിക്കാം. അംഗത്തെ പറയാൻ അനുവദിക്കാത്തത് ഇത് ആദ്യ അനുഭവമല്ല. അഴിമതിയെ കുറിച്ച് സംസാരിക്കുമ്പോൾ നേരത്തെയും ഇങ്ങനെയാണെന്നും ഇത് നല്ല പ്രവണതയല്ലെന്നും കെ.കെ രമ ചൂണ്ടിക്കാട്ടി.
കരുവന്നൂർ ബാങ്കിൽ സി.പി.എം നേതാക്കൾ നടത്തിയ അഴിമതിയെക്കുറിച്ച് മാത്യു കുഴൽനാടന്റെ പ്രസംഗത്തിനെതിരെയാണ് നിയമസഭയിൽ ഭരണപക്ഷ ബഹളം വെച്ചത്. സ്പീക്കർ എ.എൻ. ഷംസീറും മാത്യു കുഴൽനാടനെതിരെ കർശന നിലപാട് സ്വീകരിച്ചു. ഒടുവിൽ കുഴൽനാടൻ സംസാരിച്ചു തീരും മുമ്പ് മൈക്കും ഓഫ് ചെയ്തു. വ്യാഴാഴ്ച വൈകി സഹകരണ നിയമഭേദഗതി ബില്ലിലുള്ള ചർച്ചയിക്കിടെയായിരുന്നു സംഭവം. കരുവന്നൂർ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്ത എ.സി. മൊയ്തീന്‍റെ സാന്നിധ്യത്തിലായിരുന്നു ഇത്.
കരുവന്നൂർ ബാങ്കിലെ നിക്ഷേപകരായ സാധാരണക്കാരുടെ 100 കോടി രൂപയാണ് പലരും ചേർന്നു തട്ടിയെടുത്തതെന്നു കുഴൽനാടൻ കുറ്റപ്പെടുത്തി. തുടർന്ന് ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ട് വായിച്ചപ്പോൾ ഭരണപക്ഷാംഗങ്ങൾ ബഹളം തുടങ്ങി. പക്ഷേ, കുഴൽനാടൻ വഴങ്ങിയില്ല. ഈ സഭയിലെ ഒരു അംഗവും ഒരു മുൻ എം.പിയും തട്ടിപ്പിൽ പങ്കാളിയാണെന്ന റിപ്പോർട്ടിലെ പരാമർശവും വായിച്ചു. റിമാൻഡ് റിപ്പോർട്ട് അന്തിമ വിധിയല്ലെന്ന് ഷംസീർ ചൂണ്ടിക്കാട്ടി. താങ്കൾ ഒരഭിഭാഷകനല്ലേ; റിമാൻഡ് ചെയ്തു എന്നു പറഞ്ഞ് ഒരാളും പ്രതിയാകുന്നില്ല. ഇവിടെ പലരും റിമാൻഡിൽ കിടന്നിട്ടുണ്ട്. ഒരു കേസിനെ സംബന്ധിച്ച് അന്തിമ വിധിയാണ് പ്രധാനമെന്നും സ്പീക്കർ ശബ്ദമുയർത്തി ഓർമിപ്പിച്ചു.
റിമാൻഡ് റിപ്പോർട്ട് സഭയിൽ വായിക്കുന്നതിൽ തെറ്റുണ്ടോയെന്ന് ചോദിച്ച കുഴൽനാടൻ, താൻ വായിച്ചതു സാക്ഷി മൊഴിയാണെന്നും പറഞ്ഞു. കരുവന്നൂർ വിഷയം ഇനിയും ഉന്നയിച്ചാൽ രേഖയിൽ നിന്ന് നീക്കം ചെയ്യുമെന്ന് സ്പീക്കർ പറഞ്ഞപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇടപെട്ടു. കുഴൽനാടന്‍റെ പരാമർശങ്ങൾ നീക്കുകയാണെങ്കിൽ മറ്റുള്ളവർ ബില്ലിന്റെ ചർച്ചക്കിടെ നടത്തിയ പരാമർശങ്ങളും നീക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ മാത്യു പ്രസംഗം തുടർന്നപ്പോഴും കരുവന്നൂർ വിഷയം തന്നെയാണ് വിശദീകരിച്ചത്. ഭരണപക്ഷത്ത് ബഹളം കനത്തു. അപ്പോഴാണ് സ്പീക്കർ മൈക്ക് ഓഫ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.