Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2021 12:31 PM IST Updated On
date_range 24 Jun 2021 3:04 PM ISTസ്ത്രീകളെ മനസിലാക്കാത്ത വനിത കമീഷൻ അധ്യക്ഷയെ എന്തിന് സഹിക്കണമെന്ന് കെ.കെ രമ
text_fieldsbookmark_border
തിരുവനന്തപുരം: സ്ത്രീകളെ മനസിലാക്കാത്ത വനിത കമീഷൻ അധ്യക്ഷയെ എന്തിന് സഹിക്കണമെന്ന് എം.എൽ.എയും ആർ.എം.പി നേതാവുകമായ കെ.കെ രമ.ഒരു സ്ത്രീയെ അവഹേളിക്കുകയും അവരുടെ ദുരനുഭവങ്ങൾക്ക് മുന്നിൽ നിസാരമായി "അനുഭവിച്ചോ " എന്ന് ശാപം പോലെ പറയുകയും ചെയ്ത ജോസഫൈൻ ഇനി ഒരു നിമിഷം പോലും ആ സ്ഥാനത്തിരിക്കാൻ യോഗ്യയല്ല. എം.സി.ജോസഫൈനെ വനിതാ കമ്മീഷൻ അധ്യക്ഷ പദവിയിൽ നിന്നും നീക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും അവർ കെ.കെ രമ ആവശ്യപ്പെട്ടു.
പ്രസ്താവനയുടെ പൂർണരൂപം
"ഭർത്താവ് നിങ്ങളെ ഉപദ്രവിക്കാറുണ്ടോ ?"
"ഉണ്ട് . "
" അമ്മായിയമ്മ ? "
"ഭർത്താവും അമ്മായിയമ്മയും ചേർന്നാണ്..."
"എന്നിട്ട് നിങ്ങൾ എന്തുകൊണ്ട് പോലീസിൽ പരാതിപ്പെട്ടില്ല"
"ഞാൻ... ആരെയും അറിയിച്ചില്ലായിരുന്നു. "
"ആ... എന്നാ അനുഭവിച്ചോ "
ഗാർഹിക പീഡനത്തിന്റെ ദുരനുഭവം വിവരിക്കുന്ന ഒരു സ്ത്രീയോട് കേരളത്തിലെ ബഹുമാനപ്പെട്ട വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞ മറുപടിയാണിത്.
CPM നേതാവിനെതിരായ പീഡനാരോപണത്തിൽ പാർട്ടിക്ക് സമാന്തരമായി പോലീസും കോടതിയുമുണ്ടെന്ന് മുമ്പൊരിക്കൽ പറഞ്ഞ നേതാവാണ് ജോസഫൈൻ.
ഇരകളാക്കപ്പെടുന്ന മനുഷ്യർക്ക് ഒട്ടും ആശ്വാസമോ പിന്തുണയോ തോന്നാത്തത്ര ധാർഷ്ട്യവും നിർദ്ദയവുമായ ശബ്ദത്തിലാണ് തുടക്കം മുതൽ ജോസഫൈൻ സംസാരിക്കുന്നത്. അതിനും പുറമേയാണ് താനിരിക്കുന്ന പദവിയുടെ അന്തസ്സത്ത എന്ത് എന്ന് പോലുമറിയാത്ത ഇത്തരം തീർപ്പുകൾ. പോലീസും കോടതിയുമടക്കമുള്ള നീതി നിർവ്വഹണ സംവിധാനങ്ങൾ ഇവിടെയുള്ളപ്പോൾ തന്നെയാണ് വനിതാകമ്മീഷൻ രൂപവൽക്കരിച്ചത്.
നിരന്തരമായ അവഹേളനങ്ങൾക്കും ആക്രമണങ്ങൾക്കും വിധേയമാക്കപ്പെടുന്ന അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കും സമൂഹങ്ങൾക്കും നീതി ലഭിക്കാൻ നമ്മുടെ നീതി നിർവഹണ സംവിധാനങ്ങൾക്ക് പരിമിതികൾ ഉണ്ടെന്ന ബോധ്യത്തിൽ നിന്നാണ് പട്ടികജാതി/ പട്ടികവർഗ്ഗ കമ്മീഷനുകളും വനിതാകമ്മീഷനും മനുഷ്യാവകാശ കമ്മീഷനുമടക്കമുള്ള സംവിധാനങ്ങൾ നാം രൂപവൽക്കരിച്ചത്. നിയമക്കുരുക്കകളും നീതി നിർവ്വഹണത്തിലെ സാങ്കേതിക സമ്പ്രദായങ്ങളും കോടതി വ്യവഹാരങ്ങൾക്കാവശ്യമായ ഭാരിച്ച സാമ്പത്തിക ബാധ്യതയും ദുർബല ജനവിഭാഗങ്ങളിൽ ഭയവും ആത്മവിശ്വാസക്കുറവും സൃഷ്ടിക്കുന്നുണ്ട്. കുടുംബത്തിൽ നീതി നിഷേധിക്കപ്പെടുന്ന സ്ത്രീകളിൽ , തങ്ങളനുഭവിക്കുന്നത് ഒരു അനീതിയാണെന്ന് പോലും തിരിച്ചറിയാനാവാത്തവരുണ്ട്. അത്ര ശക്തമാണ് കുടുംബങ്ങൾക്കകത്തെ പുരുഷാധിപത്യ പൊതുബോധം. പരാതിപ്പെടാനും പൊരുതാനുമൊക്കെ ഒരു സാധാരണ സ്ത്രീക്ക് ആരെങ്കിലുമൊക്കെ ഒപ്പമുണ്ട് എന്ന ബോദ്ധ്യവും ആത്മവിശ്വാസവും പകർന്നു നൽകുക എന്നത് വനിതാ കമ്മീഷന്റെ ബാദ്ധ്യതയാണ്.
ഇതിനു വിരുദ്ധമായി ഒരു സ്ത്രീയെ അവഹേളിക്കുകയും അവരുടെ ദുരനുഭവങ്ങൾക്ക് മുന്നിൽ നിസ്സാരമായി "അനുഭവിച്ചോ " എന്ന് ശാപം പോലെ പറയുകയും ചെയ്ത ജോസഫൈൻ ഇനി ഒരു നിമിഷം പോലും ആ സ്ഥാനത്തിരിക്കാൻ യോഗ്യയല്ല. ശ്രീമതി എം.സി.ജോസഫൈനെ വനിതാ കമ്മീഷൻ അദ്ധ്യക്ഷ പദവിയിൽ നിന്നും നീക്കം ചെയ്യണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story