കെ.കെ.രമയുടെ അപകീർത്തിക്കേസ്: ദേശാഭിമാനി പത്രാധിപർക്ക് ജാമ്യം
text_fieldsകോഴിക്കോട്: അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് കെ.കെ. രമ എം.എൽ.എ കൊടുത്ത കേസിൽ ദേശാഭിമാനി പത്രാധിപർക്ക് ജാമ്യം. സച്ചിൻ ദേവ് എം.എൽ.എക്കെതിരെ നൽകിയ കേസിൽ അദ്ദേഹത്തിനുവേണ്ടി അഭിഭാഷകൻ ഹാജരായി അവധിയപേക്ഷ നൽകി. വ്യാഴാഴ്ച ഔദ്യോഗിക തിരക്ക് കാരണം ഹാജരാകാനായില്ലെന്ന് കാണിച്ചാണ് അപേക്ഷ.
ദേശാഭിമാനിക്കെതിരായ കേസിൽ കുറ്റപത്രം വായിച്ച് കേൾപ്പിക്കാനും സച്ചിൻ ദേവിനെതിരായ കേസ് അദ്ദേഹം കോടതിയിൽ നേരിട്ട് ഹാജരാവാനും വേണ്ടി ഒക്ടോബർ 27ന് മാറ്റി. ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ, പ്രിന്റർ ആൻഡ് പബ്ലിഷർ കെ.ജെ. തോമസ് എന്നിവർക്കെതിരെ രമ, അഡ്വ.പി. കുമാരൻ കുട്ടി മുഖേന നൽകിയ രണ്ട് ഹരജികളിലാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വി.ജി. ബിജുവിന്റെ നടപടി. ദേശാഭിമാനിക്കും സച്ചിൻ ദേവിനും വേണ്ടി അഡ്വ. എൻ.കെ. ദിനേശൻ ഹാജരായി.
രണ്ട് കേസിലും രണ്ടുവീതം സാക്ഷികളുടെ മൊഴി കോടതി നേരത്തേ രേഖപ്പെടുത്തിയിരുന്നു. മാർച്ച് 15ന് നിയമസഭക്കകത്ത് പ്രതിപക്ഷ എം.എൽ.എമാർ പ്രതിഷേധിച്ചത് സുരക്ഷാ ഉദ്യോഗസ്ഥർ തടയുന്നതിനിടെ രമക്ക് പരിക്കേറ്റിരുന്നു. ഇതേപ്പറ്റി പിറ്റേന്ന് ദേശാഭിമാനിയിൽ രമയുടെ കൈയിലെ കെട്ട് നാടകം എന്ന രീതിയിൽ അപമാനകരമായ വാർത്ത കൊടുത്തുവെന്നാണ് പരാതി.
സച്ചിൻ ദേവ് മാർച്ച് 15ന് ഫേസ്ബുക്കിൽ അപമാനകരമായ പോസ്റ്റും ഇട്ടു. ‘സിനിമയിൽ ഇടതു കൈയിലുണ്ടായിരുന്ന തിരുമുറിവ് വലതു കൈയിലേക്ക് മാറിപ്പോകുന്ന സീനുമായി ഇന്ന് സഭയിൽ നടന്ന സംഭവങ്ങൾക്ക് സാദൃശ്യം തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം’ എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റും പത്രവാർത്തയും അപമാനകരമായെന്ന് കാണിച്ചാണ് കെ.കെ. രമയുടെ ഹരജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.