ആസിഫ് അലിക്ക് അഭിവാദ്യങ്ങളുമായി കെ.കെ. രമ; 'അവഹേളനം നേരിട്ട സന്ദർഭത്തിലും സമചിത്തത കൈവെടിയാതിരുന്നു'
text_fieldsപുരസ്കാര വേദിയിൽ നടൻ ആസിഫ് അലിയെ അപമാനിച്ച സംഭവത്തിൽ സംഗീത സംവിധായകൻ രമേശ് നാരായണനെ വിമർശിച്ചും സമചിത്തത കൈവെടിയാതിരുന്ന ആസിഫ് അലിയെ അഭിവാദ്യം ചെയ്തും കെ.കെ. രമ എം.എൽ.എ. കലയും സംസ്കാരവും സാഹിത്യവും എല്ലാം മനുഷ്യ നന്മകളുടെയും ഐക്യത്തിന്റെയും സ്നേഹത്തിന്റെയും ബാക്കിപത്രവും വിളംബരവുമാവേണ്ടതാണ്. എന്നാൽ അടിസ്ഥാനപരമായി ഫ്യൂഡലായ ആരാധനകളുടെയും അടിമമനോഭാവങ്ങളുടെയും ആഘോഷങ്ങൾ ഇപ്പോഴും കലാരംഗത്ത് കാണാം. അതിന്റെ തുടർച്ചയിലാണ് തനിക്ക് പോരാത്തവനാണ് ആസിഫ് അലി എന്ന് രമേഷ് നാരായണന് തോന്നിയിട്ടുണ്ടാവുക. അവഹേളനം നേരിട്ട സന്ദർഭത്തിലും സമചിത്തത കൈവെടിയാതിരുന്ന ആസിഫ് അഭിനന്ദനമർഹിക്കുന്നു -കെ.കെ. രമ പറഞ്ഞു.
കെ.കെ. രമയുടെ ഫേസ്ബുക് പോസ്റ്റ്
എം ടി വാസുദേവൻ നായരുടെ കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചിൽ പ്രസിദ്ധ സംഗീതജ്ഞൻ രമേഷ് നാരായണന് ഉപഹാരം നൽകാനായി എത്തിയ ചലച്ചിത്രതാരം ആസിഫ് അലിയോട് രമേഷ് കാണിച്ച പ്രതികരണം ഒരുകാരണവശാലും ഉണ്ടാകാൻ പാടില്ലാത്ത ഒന്നാണ്.
കലയും സംസ്കാരവും സാഹിത്യവും എല്ലാം മനുഷ്യ നന്മകളുടെയും ഐക്യത്തിന്റെയും സ്നേഹത്തിന്റെയും ബാക്കിപത്രവും വിളംബരവുമാവേണ്ടതാണ്. ചരിത്രത്തിന്റെ ദുർഘടസന്ധികളിൽ മനുഷ്യസങ്കടങ്ങളിൽ മരുന്നാവുകയും അതിജീവനത്തിൽ കരുത്താവുകയും ആനന്ദങ്ങളിൽ കൂട്ടിയിരിക്കുകയും ചെയ്തവയാണ് കലയും സാഹിത്യവുമെല്ലാം.
എന്നാൽ അടിസ്ഥാനപരമായി ഫ്യൂഡലായ ആരാധനകളുടെയും അടിമനോഭാവങ്ങളുടെയും ആഘോഷങ്ങൾ ഇപ്പോഴും കലാരംഗത്ത് കാണാം. അതിന്റെ തുടർച്ചയിലാണ് തനിക്ക് പോരാത്തവനാണ് ആസിഫ് അലി എന്ന് രമേഷ് നാരായാണന് തോന്നിയിട്ടുണ്ടാവുക. ആധുനിക ജനാധിപത്യമൂല്യങ്ങൾ കലയുടെ മണ്ഡലത്തിൽ കൂടി സമരം ചെയ്ത് സ്ഥാപിച്ചാലല്ലാതെ ഇത്തരം നീതികേടുകൾ അവസാനിക്കുകയില്ല.
ഈ വിഷയത്തിലെ പോസിറ്റീവായ ഒരു കാര്യം അത്തരം ഒരു സംവാദ സാധ്യത അത് തുറന്നു എന്നതാണ്. അതുകൊണ്ട് കൂടെയാണ് രമേഷ് നാരായണൻ ആസിഫിനോട് മാപ്പ് പറയാൻ തയ്യാറായത്.
ആ വേദിയിൽ താൻ നേരിട്ട അവഗണനയെക്കുറിച്ച് രമേഷും പറയുന്നത് കേട്ടു. അതും തിരുത്തപ്പെടേണ്ടതാണ്. പക്ഷേ അതിന്‍റെ ഇരയാവേണ്ടത് ആസിഫ് അലി എന്ന യുവനടനായിരുന്നില്ല എന്ന് രമേഷ് തിരിച്ചറിയണം. അവഹേളനം നേരിട്ട സന്ദർഭത്തിലും സമചിത്തത കൈവെടിയാതിരുന്ന ആസിഫ് അഭിനന്ദനമർഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.