കെ.കെ. രമ സത്യവാചകം ചൊല്ലിയത് ടി.പിയുടെ ചിത്രം ധരിച്ച്
text_fieldsതിരുവനന്തപുരം: വടകരയിൽ നിന്നും നിയമസഭയിലെത്തിയ ആർ.എം.പി അംഗം കെ.കെ. രമ സത്യപ്രതിജ്ഞ ചെയ്തത‍് പാർട്ടി സ്ഥാപകനും ഭർത്താവുമായ ടി.പി. ചന്ദ്രശേഖരന്‍റെ ചിത്രം പതിച്ച ബാഡ്ജുമായി. സാരിയിൽ ടി.പിയുടെ ചിത്രം പതിച്ച ബാഡ്ജ് ധരിച്ചാണ് രമ സഭയിലെത്തിയത്. പ്രോ ടെം സ്പീക്കർ അഡ്വ. പി.ടി.എ. റഹീം മുമ്പാകെ സഗൗരവ പ്രതിജ്ഞയാണ് കെ.കെ. രമ എടുത്തത്.
നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് ആർ.എം.പിയുടെ തീരുമാനം. ജനങ്ങളുടെ ശബ്ദമായി നിയമസഭയിൽ പ്രവർത്തിക്കുമെന്ന് കെ.കെ. രമ രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നത്. ദൗത്യം നീതിപൂർവം നിർവഹിക്കും. അംഗസംഖ്യയിലല്ല നിലപാടിലാണ് കാര്യമെന്നും രമ വ്യക്തമാക്കി.
നിയമസഭാ സാമാജികത്വം അഭിമാന മുഹൂർത്തമാണ്. ഇനിയുള്ള ജീവിതവും പോരാട്ടവും വടകരയിലെ ജനങ്ങൾക്ക് വേണ്ടിയാണ്. തെരുവിൽ വീണ ചോരയുടെ ശബ്ദം നിയമസഭയിൽ ഉയരും. ടി.പിയുടെ മരണശേഷം പിണറായി വിജയനെ നേരിൽ കണ്ടിട്ടില്ല. മുഖ്യമന്ത്രിസ്ഥാനത്തെ ബഹുമാനിക്കുന്നുവെന്നും കെ.കെ. രമ പറഞ്ഞു.
ആർ.എം.പി കേന്ദ്ര കമ്മിറ്റിയംഗമായ കെ.കെ. രമ, കന്നി വിജയം നേടിയാണ് 15ാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വാശിയേറിയ തെരഞ്ഞെടുപ്പിൽ ജനതാദളിലെ മനയത്ത് ചന്ദ്രനെ 7491 വോട്ടിനാണ് രമ പരാജയപ്പെടുത്തിയത്. കെ.കെ. രമക്ക് 65,093 വോട്ടും മനയത്ത് ചന്ദ്രന് 57,602 വോട്ടും ലഭിച്ചു.
ആർ.എം.പി രൂപീകരിച്ച ടി.പി. ചന്ദ്രശേഖരനെ 2012 മേയ് നാലിന് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സി.പി.എം നേതാക്കളടക്കം പ്രതികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.