വടകരയിൽ കെ.കെ രമ
text_fieldsകോഴിക്കോട്: വടകരയിൽ ആർ.എം.പി സ്ഥാനാർഥിയായി കെ.കെ രമ മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എൻ.വേണു അറിയിച്ചു. ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. യു.ഡി.എഫ് രമക്ക് പൂർണപിന്തുണ നൽകുമെന്ന് വേണു വ്യക്തമാക്കി.
ദിവസങ്ങളോളം നീണ്ട് നിന്ന അനിശ്ചിതത്വത്തിനും ആശയക്കുഴപ്പത്തിനുമൊടുവിലാണ് രമയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കപ്പെടുന്നത്. യു.ഡി.എഫ് നേതൃത്വത്തിലും വലിയ തോതിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. രമ മത്സരിക്കില്ലെന്നും വടകരയിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തുമെന്നാണ് ഇന്നലെ യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞത്. എന്നാൽ രമ മത്സരിക്കുമെന്നും യു.ഡി.എഫ് പിന്തുണക്കുമെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട്.
ഇതിനിടയിൽ രമക്ക് പകരം ആർ.എം.പി(ഐ) നേതാവ് എൻ. വേണു വടകരയിൽ മത്സരിക്കുമെന്നും വാർത്തകൾ ഉണ്ടായിരുന്നു. അങ്ങനെയാണെങ്കിൽ കോൺഗ്രസ് സ്വന്തം സ്ഥാനാർഥിയെ നിർത്തുന്നതിനെ കുറിച്ചും ആലോചിച്ചിരുന്നു. കെ.കെ. രമക്ക് വിജയ സാധ്യതയുള്ളതിനാലാണ് അവർ മത്സരിച്ചാൽ പിന്തുണക്കാമെന്ന് കോൺഗ്രസ് നിലപാട് സ്വീകരിച്ചത്.
2016ൽ വടകരയിൽ ഒറ്റക്ക് മത്സരിച്ച കെ.കെ. രമ 20,504 വോട്ട് നേടിയിരുന്നു. പതിനായിരത്തിൽ താഴെ വോട്ടിനാണ് അന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയായ ജെ.ഡി.എസ് നേതാവ് സി.കെ.നാണു വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.