ആംബുലന്‍സ് ഡ്രൈവറെ പിരിച്ചു വിട്ടു; സംഭവം വേദനാജനകം - കെ.കെ.ശൈലജ
text_fieldsതിരുവനന്തപുരം: പത്തനംതിട്ടയില്‍ കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവം അത്യന്തം വേദനാജനകമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സംഭവം അറിഞ്ഞയുടന്‍ പ്രശ്‌നത്തിലിടപെടുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പ്രതിയെ പിരിച്ചുവിടുന്നതിന് 108 ആംബുലന്‍സിൻെറ നടത്തിപ്പുകാരായ ജി.വി.കെ. ഇ.എം.ആര്‍.ഐയോട് ആവശ്യപ്പെട്ടു. പ്രതിയെ പിരിച്ചു വിട്ടതായി ജി.വി.കെ അറിയിച്ചിട്ടുണ്ട്. നല്ല പ്രവര്‍ത്തന പരിചയമുള്ള ആളുകളെയാണ് ആംബുലന്‍സില്‍ നിയോഗിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. 2014-2015ല്‍ ആലപ്പുഴ ജില്ലയില്‍ 108 ആംബുലന്‍സില്‍ ജോലി ചെയ്ത മുന്‍പരിചയത്തിൻെറ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ ജോലിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ജി.വി.കെ അറിയിച്ചിട്ടുള്ളത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്നവരാണ് കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. എങ്കിലും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ല. ഈ സംഭവത്തിൻെറ പശ്ചാത്തലത്തില്‍ കര്‍ശന നടപടി സ്വീകരിച്ചിരിക്കുകയാണ്. കനിവിൽ ജോലി ചെയ്യുന്ന ജീവനക്കാരില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരോട് ഉടന്‍ സമർപ്പിക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ആരോഗ്യ വകുപ്പും ഇതേപ്പറ്റി അന്വേഷണം നടത്തും. യുവതിക്ക് എല്ലാവിധ ചികിത്സയും സംരക്ഷണവും ഉറപ്പ് വരുത്തുന്നതാണെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.