'കെ.കെ. ശൈലജ എന്ന് കേട്ടപ്പോഴേ ബഹളമുണ്ടാക്കിയതാണ്, അല്ലാതെ ആ പുസ്തകത്തിൽ രാഷ്ട്രീയമില്ല'
text_fieldsകണ്ണൂർ: ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന പുസ്തകത്തിൽ കക്ഷിരാഷ്ട്രീയമൊന്നുമില്ലെന്നും തന്റെ പേര് കേട്ട് കലികയറി ബഹളമുണ്ടാക്കിയതാണെന്നും മുൻ മന്ത്രി കെ.കെ. ശൈലജ. സി.പി.എമ്മുമായി ബന്ധമില്ലാത്തവർ വരെ പുസ്തകത്തെ കുറിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും അവർ കണ്ണൂരിൽ പറഞ്ഞു. കണ്ണൂർ സർവകലാശാല എം.എ ഇംഗ്ലീഷ് ഇലക്ടിവ് കോഴ്സിൽ ഒന്നാം സെമസ്റ്റർ കോർ റീഡിങ് വിഭാഗത്തിൽ തന്‍റെ പുസ്തകം ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു കെ.കെ. ശൈലജ.
ആ പുസ്തകം ആത്മകഥയല്ല, ഓർമക്കുറിപ്പാണ്. കുട്ടിക്കാലത്ത് അമ്മയും അമ്മൂമ്മമാരും അമ്മാവൻമാരും പറഞ്ഞുകേട്ട, അവർ ഫ്യൂഡൽ കാലത്ത് അനുഭവിച്ച ജാതിഭ്രാന്തും അതിനെതിരെ നടത്തിയ പ്രതികരണങ്ങളുമൊക്കെയാണ് പുസ്തകത്തിലുള്ളത്. നിപയും കോവിഡും പ്രളയവുമൊക്കെ വന്നപ്പോഴുള്ള സംസ്ഥാന ആരോഗ്യമേഖലയെ കുറിച്ച് ആരോഗ്യമന്ത്രി എന്ന നിലക്കും പുസ്തകത്തിൽ ഓർക്കുന്നു. ആ കാലഘട്ടമൊക്കെ പുതിയ തലമുറകൂടി അറിയട്ടെ എന്ന നിലക്ക് ഓർമക്കുറിപ്പായി എഴുതിയതാണ്.
പുസ്തകം കണ്ണൂർ സർവകലാശാല പി.ജി സിലബസിൽ ഉൾപ്പെടുത്താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല. അതിനാൽ, പിൻവലിക്കാൻ പറയേണ്ട ആവശ്യവുമില്ല. പി.ജി ഇംഗ്ലീഷ് വിദ്യാർഥികൾക്ക് അധിക വായനക്ക് സി.കെ. ജാനുവിന്റെയും സിസ്റ്റർ ജെസ്മിയുടെയും പുസ്തകം തെരഞ്ഞെടുത്തു. അക്കൂട്ടത്തിൽ സ്ത്രീകൾ എഴുതിയതെന്ന നിലക്ക്, ഈ അടുത്ത് ഇറങ്ങിയ എന്റെ പുസ്തകവും ഉൾപ്പെടുത്തി. അത്രേയേ ഉണ്ടായിട്ടുള്ളൂവെന്നും കെ.കെ. ശൈലജ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.