നിപ: ഭയപ്പെടേണ്ട സാഹചര്യമില്ല -ആരോഗ്യ മന്ത്രി
text_fieldsതിരുവനന്തപുരം: എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപയെന്ന് സംശയിക്കുന്നുവെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ജാഗ്രതയാണ് വേണ്ടത്. നിപ വൈറസ് ബാധയാണെന്ന് പൂര്‍ണമായി ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ പുറത്ത് വരണം. പൂണെ വൈറോളജി ഇന്‍സ്റ്റിറ്റൂട്ടിലെ ഫലം കാത്തിരിക്കുകയാണ്.
ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് അടക്കമുള്ള സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. കോണ്ടാക്ട് ട്രെയിസിങ്ങിനുള്ള നടപടികളടക്കം ആരംഭിച്ചു കഴിഞ്ഞു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും കലക്ടറുടേയും നേതൃത്വത്തില്‍ എറണാകുളത്ത് വലിയ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.
നിപ വൈറസിനെപ്പറ്റി വ്യാജ പ്രചാരണങ്ങള്‍ നടത്താതിരിക്കുക. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും എല്ലാവര്‍ക്കും അവബോധം ഉണ്ടാകേണ്ടതാണ്. കഠിനമായ ചുമയും പനിയും ഉണ്ടെങ്കില്‍ ആരും മറച്ച് വയ്ക്കരുത്. എത്രയും പെട്ടന്ന് ചികിത്സ തേടണം.
കഴിഞ്ഞ വര്‍ഷം കോഴിക്കോട് നിപ വൈറസ് ബാധയുണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു. ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കുകയും നേരിയ രോഗലക്ഷണങ്ങളെങ്കിലും ഉണ്ടാകുമ്പോള്‍ രോഗിയെ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്ന രീതിയാണ് സ്വീകരിച്ചത്. തുടര്‍ന്നും നല്ല ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.