ഹോമിയോ മരുന്ന് ശാസ്ത്രീയമായി പരിശോധിച്ച് തെളിയിക്കപ്പെട്ടെന്ന് പറഞ്ഞിട്ടില്ല -ആരോഗ്യ മന്ത്രി
text_fieldsതിരുവനന്തപുരം: കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളജിന്‍റെ കെട്ടിട ഉദ്ഘാടനവേളയിൽ നടത്തിയ പ്രസംഗത്തിൽ വിശദീകരണവുമായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഹോമിയോ വിഭാഗം വിതരണം ചെയ്ത രോഗ പ്രതിരോധ മരുന്ന് ശാസ്ത്രീയമായി പരിശോധിച്ച് തെളിയിക്കപ്പെട്ടതാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മന്ത്രി ശൈലജ പറഞ്ഞു. രോഗ പ്രതിരോധ ശേഷി ഉണ്ടാക്കുന്നതിനുള്ള നടപടികൾക്ക് ആയുർവേദ, ഹോമിയോ വിഭാഗങ്ങൾ തയാറായിട്ടുണ്ടെന്നാണ് താൻ പറഞ്ഞത്. നിരവധി പഠനങ്ങൾ നടത്തിയതിന്‍റെ റിപ്പോർട്ടുകൾ ഇരുവിഭാഗങ്ങൾ കൈമാറിയിട്ടുണ്ട്. ആ റിപ്പോർട്ടുകൾ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ അവസാന വാക്കായി പറയുകയല്ല ചെയ്തതെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഹോമിയോ മെഡിക്കൽ കോളജിന്‍റെ പരിപാടിയിൽ ആയതു കൊണ്ടാണ് അക്കാര്യം പറഞ്ഞത്. ഹോമിയോ വിഭാഗത്തിന്‍റെ കണ്ടെത്തൽ കൂടുതൽ പഠനത്തിന് വിധേയമാക്കാം. അല്ലാതെ അവരുടെ പഠനം ശരിയോ തെറ്റോ എന്ന് പറയാൻ താൻ ആളല്ല. തങ്ങൾ കൊടുത്ത പ്രതിരോധ മരുന്നു കൊണ്ട് കോവിഡ് രോഗം വരുന്നത് കുറവാണെന്നും അഥവ വന്നാൽ തന്നെ രോഗം വേഗം സുഖമായെന്നും ഹോമിയോ വിഭാഗം പറയുന്നു. ഹോമിയോയുടെ പഠനം ശാസ്ത്രീയമായി പരിശോധിക്കാമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
പുതിയ മരുന്ന് കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ ആയുർവേദ, ഹോമിയോ മരുന്നുകൾ നൽകി ചികിത്സിക്കാൻ സാധിക്കില്ലെന്നാണ് അവരോട് പറഞ്ഞത്. കോവിഡ് രോഗം വരാതിരിക്കാൻ ശരീരത്തിന്‍റെ പ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ആയുർവേദ, ഹോമിയോ രംഗത്തെ വിദഗ്ധർ വ്യക്തമാക്കിയത്. ആയുർവേദ, ഹോമിയോ മരുന്നുകൾ ശരീരത്തെ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്ന് ചിലർ വിശ്വസിക്കുന്നു.
കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ കോവിഡ് പോസിറ്റീവായ രോഗികളെയോ ക്വാറന്‍റീനിൽ കഴിയുന്നവരെയോ ശുശ്രൂഷിക്കേണ്ടെന്നാണ് ആയുർവേദ, ഹോമിയോ ചികിത്സകരോട് പറഞ്ഞത്. എന്നാൽ, സാധാരണക്കാരുടെ ഇടയിൽ രോഗ പ്രതിരോധ ശുശ്രൂഷ തുടരാമെന്ന് ഇരുവിഭാഗത്തോടും പറഞ്ഞിരുന്നു. രോഗം വരുന്നതിന് മുമ്പ് പ്രതിരോധ ശേഷി വർധിപ്പിക്കാനും രോഗമുക്തരായവർക്ക് പ്രതിരോധ ശേഷി തിരികെ ലഭിക്കാനുമുള്ള ചികിത്സ ആയുർവേദ, ഹോമിയോ വിഭാഗങ്ങൾ നൽകുന്നുണ്ടെന്നും മന്ത്രി ശൈലജ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.