Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഞ്ചു വർഷത്തെ...

അഞ്ചു വർഷത്തെ ആരോഗ്യവകുപ്പിന്‍റെ ഭരണനേട്ടം എണ്ണിപ്പറഞ്ഞ് കെ.കെ. ശൈലജ

text_fields
bookmark_border
kk shailaja
cancel

കോഴിക്കോട്: കഴിഞ്ഞ അഞ്ചു വർഷത്തെ ആരോഗ്യ വകുപ്പിലെ ഭരണനേട്ടങ്ങൾ വിവരിച്ച് മുൻ മന്ത്രി കെ.കെ. ശൈലജ. കേരളത്തിന്‍റെ ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞത് സർക്കാർ നയത്തിന്‍റെയും ഇച്ഛാശക്തിയുടെയും ഫലമായിട്ടാണെന്ന് ശൈലജ ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു. രണ്ടാം പിണറായി സർക്കാറിൽ ആരോഗ്യവകുപ്പ് കൂടുതൽ കരുത്തുറ്റ കരങ്ങളിലാണ്. ആശ്വാസത്തോടെ സംതൃപ്തിയോടെ ഒരിക്കൽ കൂടി എല്ലാവർക്കും നന്ദിയെന്നും ശൈലജ ടീച്ചർ വ്യക്തമാക്കി.

കെ.കെ. ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ്:

സംഭവബഹുലമായ 5 വർഷങ്ങളാണ് കഴിഞ്ഞു പോയത്. സഖാവ് പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതു സർക്കാറിന്‍റെ ഭാഗമാകാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും അഭിമാനിക്കാവുന്ന ഒരദ്ധ്യായമായി കരുതുന്നു. നിപ വൈറസും ഓഖിയും, കോവിഡും എല്ലാം ചേർന്ന് കോളിളക്കമുണ്ടാക്കിയ കാലഘട്ടങ്ങളിൽ ആരോഗ്യവകുപ്പിന്‍റെ ചുമതല വഹിക്കുക എന്നത് ഏറെ ദുഷ്കരമായ പ്രക്രിയ ആയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ കൂട്ടായ്മയും സഹമന്ത്രിമാരും വകുപ്പ് ഉദ്യോഗസ്ഥരുടെയും നിസീമമായ സഹകരണവും ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിന് ഏറെ സഹായകരമായി. ലോകത്തിന്‍റെ മറ്റു പല ഭാഗങ്ങളെയും അപേക്ഷിച്ച് കോവിഡിന്‍റെ ആഘാതം കുറച്ചു കൊണ്ടു വരുന്നതിന് കഴിഞ്ഞു. ഗവൺമെൻറ് പ്രഖ്യാപിച്ച നാല് മിഷനുകളായ ഹരിത കേരളം, ലൈഫ്, പൊതുവിദ്യാഭ്യാസം, ആർദ്രം എന്നിവ ജനജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ആശാവഹമാണ്. കേരളത്തിൻ്റെ ആരോഗ്യ രംഗത്ത് വിപ്ലവകരമായ അനുഭവങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞത് ഗവൺമെൻറ് നയത്തിൻ്റെയും ഇച്ഛാശക്തിയുടെയും ഫലമായിട്ടാണ്.

1957ലെ ഒന്നാം ഇടത് ഗവൺമെന്‍റിന്‍റെ കാലത്ത് തുടങ്ങിയ പരിഷ്കാരങ്ങൾ കേരളത്തിന്‍റെ ആരോഗ്യമേഖലയെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാക്കിയിരിക്കുന്നു. വളരെ വിപുലമായ പൊതുജനാരോഗ്യ ശൃംഖലയായിരുന്നു വലിയ പ്രത്യേകത. 2016ൽ പിണറായി ഗവൺമെന്‍റ് അധികാരത്തിൽ വരുമ്പോൾ പി.എച്ച്.സികൾ ഇല്ലാത്ത പഞ്ചായത്തുകൾ ഉണ്ടായിരുന്നില്ല. 5000 ജനസംഖ്യ ഒന്ന് എന്ന നിലയിൽ സബ്സെൻറുകൾ ഉണ്ടായിരുന്നു. സി.എച്ച്.സികൾ താലൂക്ക് ജില്ല ജനറൽ ആശുപത്രികൾ എന്നിവ ഓരോ ജില്ലയിലുമുണ്ട്. ശിശുമരണനിരക്ക് മാതൃമരണനിരക്ക് കുറവും രാജ്യത്തിന് മാതൃകയായിരുന്നു. അടിയന്തരമായി പരിഹരിക്കേണ്ട ചില പ്രശ്നങ്ങളും ആരോഗ്യമേഖലയിൽ ഉണ്ടായിരുന്നു. 2016 പരിശോധിക്കുമ്പോൾ കേരള ജനതയുടെ 67 ശതമാനവും സ്വകാര്യമേഖലയെയാണ് ആരോഗ്യ സംരക്ഷണത്തിന് ആശ്രയിക്കുന്നത് എന്നാണ് കണ്ടത്. ചികിത്സാ ചെലവ് താങ്ങാനാവാതെ ഇടത്തരം കുടുംബങ്ങൾ പോലും പാപ്പരാകുമെന്ന സ്ഥിതി.

പലവിധത്തിലുള്ള പകർച്ചവ്യാധികളും ജീവിതശൈലി രോഗങ്ങളും വൻതോതിൽ സമൂഹത്തെ ഗ്രഹിച്ചിരുന്നു. ഇന്ത്യയുടെ പ്രമേഹ തലസ്ഥാനം എന്നാണ് കേരളം അറിയപ്പെട്ടിരുന്നത്. ഉയർന്ന രക്തസമ്മർദ്ദം, കാൻസർ, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങൾക്ക് കീഴ്പ്പെടാത്തവരുടെ എണ്ണം വിരളമായിരുന്നു. ഈയൊരു ദുരവസ്ഥയിൽ നിന്ന് കര കയറാതെ കേരളത്തിൻറെ ആരോഗ്യമേഖല മെച്ചപ്പെട്ടു എന്ന് പറയാൻ കഴിയുമായിരുന്നില്ല. നിരവധി സ്ഥാപനങ്ങളും ഉപകരണങ്ങളും ഉണ്ടായിട്ട് കാര്യമില്ല. അവയുടെ വിന്യാസത്തിലും ജനങ്ങൾക്ക് പ്രാപ്യമായ രീതിയിൽ അവ ഉപയോഗിക്കപ്പെടെണ്ടതിലുമാണ് ശ്രദ്ധിക്കേണ്ടത് എന്ന് തോന്നി. വിദഗ്ധദ്ധരുടെ ഉപദേശങ്ങളും വിവിധ വകുപ്പുകളുടെ കൂട്ടായ്മയും വഴി പിണറായി ഗവൺമെന്‍റ് ആരോഗ്യമേഖലയിൽ നടത്തിയ ഇടപെടലുകൾ ചരിത്ര നേട്ടങ്ങളിലേക്കാണ് വഴിതെളിച്ചത്.

ആർദ്രം മിഷൻ വഴി പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി. തങ്ങളുടെ ഗ്രാമത്തിലെ ആശുപത്രിയിൽ മികച്ച ലാബുകൾ ഉൾപ്പെടെയുള്ള ആധുനിക ആശുപത്രിയായി മാറുന്നത് ജനങ്ങൾ വിസ്മയത്തോടെ കണ്ടു നിൽക്കുക മാത്രമല്ല പൊതുജനാരോഗ്യമേഖലയെ വിശ്വാസത്തിലെടുത്ത് നേരത്തെ തന്നെ രോഗങ്ങൾ കണ്ടുപിടിച്ച് ചികിത്സ തേടുന്നതിലേക്ക് തിരിയുകയും ചെയ്തു. 33 ശതമാനത്തിൽനിന്ന് ഗവൺമെൻറ് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം 51 ശതമാനമായി ഉയർന്നു. ശിശുമരണനിരക്ക് 2016 ആയിരം പ്രസവത്തിൽ 12 ആയിരുന്നത് 6 ആയി കുറഞ്ഞു. മാതൃമരണനിരക്ക് 67 നിന്ന് 30 ആയി കുറഞ്ഞു.

കിഫ്ബിയുടെ സഹായത്തോടെ നമ്മുടെ താലൂക്ക് ആശുപത്രികളും ജില്ലാ ആശുപത്രികളും ഏതു കോർപ്പറേറ്റ് ആശുപത്രിയേയും വെല്ലുന്ന ആധുനിക സൗകര്യങ്ങളോടെ ഉയർന്നുവരികയാണ്. ചിലത് പൂർത്തിയായിക്കഴിഞ്ഞു. മഹാഭൂരിപക്ഷം ആശുപത്രികളുടെയും നിർമ്മാണം നടന്നു കൊണ്ടിരിക്കുകയാണ്. വിദഗ്ധദ്ധ സമിതി രൂപീകരിച്ചു നിരവധി തവണ പരിശോധിച്ച് ഉറപ്പുവരുത്തിയാണ് ഓരോ ആശുപത്രിയുടെയും മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. പ്രതിപക്ഷത്തിന് ഒന്നും നടക്കുന്നില്ലെന്ന് ആക്ഷേപിക്കാൻ അവസരം കൊടുക്കാതെ ഓരോ പ്രദേശത്തും ജനങ്ങളുടെ കണ്മുൻപിൽ ആധുനിക ആശുപത്രി ഉയർന്നുവരികയാണ്. രണ്ടുവർഷത്തിനകം അവ മിക്കതും പൂർത്തിയാകുമ്പോൾ ലോകത്തിനുതന്നെ വിസ്മയമാകുന്ന ഒന്നായിരിക്കും നമ്മളുടെ പൊതുജനാരോഗ്യ മേഖല. ഇപ്പോൾ തന്നെ നിരവധി പേർ ഈ സംവിധാനം പഠിക്കാൻ ആഗ്രഹിച്ച് എത്തുന്നുണ്ട്. നമ്മളുടെ മെഡിക്കൽ കോളേജുകൾ ആധുനിക കാലഘട്ടത്തിനനുസരിച്ച് സൗകര്യങ്ങളുടെ അപര്യാപ്തത മൂലം അസ്വസ്ഥമായിരുന്നു. അവയെ മികവിൻ്റെ കേന്ദ്രമാക്കി മാറ്റാനുള്ള സദുദ്ദേശ പ്രവർത്തനമാണ് നടന്നത്. വിശദമായ പദ്ധതി രൂപരേഖ എല്ലായിടത്തും തയ്യാറാക്കപ്പെട്ടു.

അത്യാധുനിക ഉപകരണങ്ങൾ അടങ്ങിയ മികച്ച സംവിധാനങ്ങളോടെ മികവിന്‍റെ കേന്ദ്രമായി മെഡിക്കൽ കോളേജ് മാറുന്നത് ആർക്കും നിഷേധിക്കാനാവാത്ത കാഴ്ചയാണ്. മാസ്റ്റർ പ്ലാനുകൾ അനുസരിച്ച് തുടങ്ങിയ ഈ നിർമ്മാണ പ്രക്രിയ പൂർത്തിയാകുമ്പോൾ നാം ആരോഗ്യ മേഖലയിൽ നടത്തിയ നിക്ഷേപം എത്രവലുതാണെന്ന് എല്ലാവർക്കും മനസ്സിലാകും. മെഡിക്കൽ കോളേജിനെ പഠന മികവിന്‍റെയും ഗവേഷണത്തിന്‍റെയും കേന്ദ്രങ്ങൾ ആക്കാനുള്ള തുടക്കവും കുറിച്ചു. കൊറോണ വൈറസിൻ്റെ ജനിതക മാറ്റത്തെക്കുറിച്ച് കേരളം നടത്തിയ പഠനം ശ്രദ്ധേയമായിരുന്നു. അത്യാഹിതങ്ങൾക്കുള്ള ചികിത്സയുടെ കാര്യങ്ങളിൽ നാം പിറകിലായിരുന്നു. റോഡ് അപകടങ്ങളും മറ്റും കൂടുതലാവാൻ അത് കാരണമായി. കഴിഞ്ഞ ഗവൺമെന്‍റിന്‍റെ കാലത്ത് സമ്പൂർണ്ണ ട്രോമാ കെയർ പദ്ധതി തുടങ്ങിയത് ഈ പശ്ചാത്തലത്തിലാണ്. മികച്ച ട്രെയാജ് സംവിധാനവും ഓപ്പറേഷൻ തിയേറ്ററുകളും അടക്കമുള്ള അടിയന്തര ചികിത്സാ വിഭാഗം എല്ലാ മെഡിക്കൽ കോളേജുകളിലും ജില്ലാ താലൂക്ക് ആശുപത്രികളിലും ആരംഭിച്ചു. നിലവിലുള്ള കാഷ്വാലിറ്റി കൾ പരിഷ്കരിക്കുകയോ പുതുതായി നിർമിക്കുകയോ ആണ് ചെയ്തത്. ചില ഇടങ്ങളിൽ നിർമ്മാണം നടന്നു വരികയാണ്.

315 ബി എൽ എസ് ആംബുലൻസുകൾ കേരളത്തിൽ വിന്യസിച്ചു ഓരോ 30 കിലോമീറ്ററുകൾക്കുള്ളിലും 108 ആംബുലൻസുകൾ ഇപ്പോൾ ലഭ്യമാണ്. കോവിഡ് കാലത്തെ കൃത്യസമയത്ത് രോഗികളെ ആശുപത്രികളിൽ എത്തിച്ച് പതിനായിരങ്ങളുടെ ജീവൻ രക്ഷിക്കാൻ ഈ ആംബുലൻസുകൾ കാരണമായിട്ടുണ്ട്. തിരുവനന്തപുരത്ത് നിലവിൽ വന്ന അപ്പക്സ് ട്രെയിനിങ് ആൻഡ് റിസർച്ച് സെന്‍റർ അഭിമാനകരമായ നേട്ടമാണ്.

ആശുപത്രികളിലെ ക്യൂ നിയന്ത്രിക്കുന്നതിനും ആശുപത്രി ഭരണം സുഗമമാക്കുന്നതിനും രോഗികൾക്ക് കാലതാമസമില്ലാതെ ചികിത്സ കിട്ടുന്നതിനും കാരണമാകുന്ന ഇ ഹെൽത്ത് സംവിധാനം വിപുലമായി നടപ്പിലാക്കിവരുന്നു. രോഗികൾക്ക് ഇലക്ട്രോണിക് ഹെൽത്ത് കാർഡ് നൽകി വരികയാണ് മുന്നൂറിലേറെ ആശുപത്രികളിൽ നടപ്പിലാക്കിയ പദ്ധതി മുഴുവൻ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുകയാണ് ലോകത്ത് തന്നെ അപൂർവ്വമാണ് പൊതുജനാരോഗ്യ രംഗത്ത് ഈ ആധുനികവൽക്കരണം.

ഹീമോ ഗ്ലോപ്പിനോപതീസ് എന്നറിയപ്പെടുന്ന ഗുരുതര രോഗങ്ങൾക്ക് പരിഹാരം കാണാൻ വയനാട്ടിൽ സ്ഥാപിക്കുന്ന ചികിത്സാ ഗവേഷണകേന്ദ്രം ഭാവിയിൽ വലിയ ആശ്വാസമാകും. സിക്കിൾസെൽ അനീമിയ തലസേമിയ ഹീമോഫീലിയ തുടങ്ങിയ രോഗമുള്ളവരുടെ പ്രതീക്ഷയാണ് ഈ കേന്ദ്രം. സമ്പൂർണ ആരോഗ്യ രക്ഷാപദ്ധതി പ്രഖ്യാപിച്ച് 42 ലക്ഷം കുടുംബങ്ങളെ അതിൻ്റെ പരിധിയിൽ കൊണ്ടുവന്നു. ഇൻഷുറൻസ് കമ്പനികളെ ഒഴിവാക്കി കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആരോഗ്യവകുപ്പ് നേരിട്ട് നടത്താൻ തുടങ്ങി. ഇതിനായി സ്റ്റേറ്റ് ഹെൽത്ത് അതോറിറ്റി എസ്.എച്ച്.എ രൂപീകരിച്ചു. കൊവിഡ് കാലത്ത് നിരവധി സ്വകാര്യ ആശുപത്രികളെ കാസ്പിന് കീഴിൽ കൊണ്ടുവരാനും നിരവധി പേർക്ക് ഗവൺമെൻറ് ചെലവിൽ ചികിത്സ കൊടുക്കാനും എസ്.എച്ച്.എ വഴി ഇടപെട്ടു.

ഹൃദയത്തിന് ജനിതക തകരാർ ഉള്ള കുട്ടികളുടെ ജീവൻ രക്ഷിക്കാനുള്ള ഹൃദ്യം പദ്ധതി, മുഴുവൻ ജനതയുടെയും ജീവിതശൈലിരോഗങ്ങൾ കണ്ടെത്താനുള്ള അമൃതം ആരോഗ്യം പദ്ധതി, ക്ഷയരോഗ നിർമ്മാർജ്ജനത്തിന് അശ്വമേധം, കുഷ്ഠരോഗ നിർമാർജന പദ്ധതി, പകർച്ചവ്യാധി നിയന്ത്രണത്തിനുള്ള ആരോഗ്യജാഗ്രത പ്രോഗ്രാം, കാൻസർ ചികിത്സ ഉറപ്പുവരുത്താൻ സമ്പൂർണ്ണ കാൻസർ നിയന്ത്രണ രൂപരേഖയും പ്രായോഗിക പ്രവർത്തനങ്ങളും തുടങ്ങി. നിരവധി പദ്ധതികൾ നടന്നുകൊണ്ടിരിക്കുന്നു. മുഖ്യമായ ആരോഗ്യശീലങ്ങളും വ്യായാമ ശീലങ്ങളും ഉറപ്പുവരുത്താനുള്ള പദ്ധതികളും ആരംഭിച്ചു.

ആയുഷ് വിഭാഗത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണകേന്ദ്രത്തിൻ്റെ നിർമ്മാണം തുടങ്ങി. കാരുണ്യ ഫാർമസികൾ, ഡയാലിസിസ് സെൻററുകൾ, സ്ട്രോക്ക് യൂണിറ്റുകൾ, കാത്ത് ലാബുകൾ എന്നിവ വ്യാപകമാക്കാൻ കഴിഞ്ഞു. പുതിയ ആശുപത്രികളുടെ പ്ലാനിൽ ഓക്സിജൻ നിർമ്മാണ പ്ലാന്റുകളും ഉണ്ട്. 125 ലേറെ ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അക്രെഡിറ്റേഷൻ അവാർഡ് ലഭ്യമായത് ചരിത്രനേട്ടമാണ്.

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ അല്ല രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനാണ് നാം ശ്രദ്ധിക്കേണ്ടത്. ഓരോ വ്യക്തികളുടെയും മാനസിക ശാരീരിക ആരോഗ്യ പ്രശ്നങ്ങൾ വിലയിരുത്തിയുള്ള ഇടപെടലുകളാണ് ലക്ഷ്യമാക്കുന്നത്. ഈ ലക്ഷ്യം വെച്ച് തുടങ്ങിയ നൂറുകണക്കിന് പ്രവർത്തനങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനോടൊപ്പം പുതിയ പുതിയ സംവിധാനങ്ങൾ ആരംഭിക്കുന്നതിനും നമുക്ക് കഴിയണം. ആരോഗ്യമേഖലയിൽ ചരിത്ര നേട്ടമുണ്ടാക്കാൻ കഴിഞ്ഞത് കൂട്ടായ്മയുടെ വിജയമാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും ഓരോ ജില്ലയിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഇടപെടലുകൾ ശക്തമാക്കിയ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും സാമ്പത്തിക സഹായം നൽകിയ ധനകാര്യ മന്ത്രിയും എംഎൽഎമാരും നഗരസഭ അധ്യക്ഷൻമാരും പഞ്ചായത്ത് പ്രസിഡണ്ടുമാരും ഡി.എം.ഒ ഡി.പി.എം മറ്റ് ജില്ലാതല ഉദ്യോഗസ്ഥർ, മെഡിക്കൽ ഓഫീസർമാർ, നഴ്സുമാർ ആശാവർക്കർമാർ, ലാബ് ടെക്നീഷ്യന്മാർ, ഫാർമസിസ്റ്റുകൾ, ആശുപത്രിയിലെ ശുചീകരണ ജീവനക്കാർ അടക്കമുള്ള ആരോഗ്യ മേഖലയിലെ പ്രവർത്തകരും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. അവരോടുള്ള കടപ്പാടും നന്ദിയും രേഖപ്പെടുത്തുന്നു. ആരോഗ്യവകുപ്പിലെ സെക്രട്ടറിമാർ, ഡയറക്ടർമാർ, മെഡിക്കൽ സർവീസ് കോർപ്പറേഷന്‍റെ ഭാരവാഹികൾ തുടങ്ങിയവരോടുള്ള സ്നേഹവും നന്ദിയും പറഞ്ഞറിയിക്കാനാവാത്തതാണ്.

വിശ്രമമില്ലാതെ കൂടെ നിന്ന് പ്രവർത്തിച്ച ഓഫീസിലെ ജീവനക്കാർ എനിക്ക് കുടുംബാംഗങ്ങളെ പോലെയാണ്. പ്രതിസന്ധിഘട്ടങ്ങളിൽ എന്തിനും താങ്ങായി നിന്നവർ കഠിനപ്രയത്നം നടത്തിയ അവരുടെയൊക്കെ പരിശ്രമത്തിന് നന്ദി പറഞ്ഞു തീർക്കാൻ കഴിയില്ല. എല്ലാറ്റിലുമുപരി മുഖ്യമന്ത്രിയും മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും, പാർട്ടിയും എൽ.ഡി.എഫ് മുന്നണിയും നൽകിയ പിന്തുണയുമാണ് ആരോഗ്യവകുപ്പിലെ പ്രവർത്തനങ്ങൾക്ക് കരുത്തുപകർന്നത്. കൂടുതൽ കരുത്തുറ്റ കരങ്ങളിലാണ് ആരോഗ്യവകുപ്പ് എന്ന ആശ്വാസത്തോടെ സംതൃപ്തിയോടെ ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldf govtKK Shailaja Teacherhealth department
News Summary - KK Shailaja teacher enumerates the achievements of the health department in the last five years
Next Story