അവയവ കച്ചവടം തടയുമെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് അവയവ കച്ചവടം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും ഉണ്ടെങ്കിൽ തടയാനും പ്രത്യേക സംവിധാനമുണ്ടാക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. അവയവ കച്ചവടം സംബന്ധിച്ചുണ്ടാകുന്ന ചില പ്രചാരണങ്ങൾ അവയവദാനത്തിന് മന്ദതയുണ്ടാക്കിയിട്ടുണ്ട്. ഇത് പ്രോത്സാഹിപ്പിക്കുന്നതിന് ചലച്ചിത്രതാരം മോഹന്‍ലാലിനെ അംബാസഡര്‍ ആക്കിയതായും സി. മമ്മൂട്ടിയുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നല്കി. ബന്ധുക്കള്ക്കിടയിെല അവയവദാനത്തിനെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. മരണാനന്തര അവയവ കൈമാറ്റം മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമാണ്. ഒരു വ്യക്തി സമ്മതിച്ചാലും ബന്ധുക്കളുടെ കൂടി അനുമതിയുണ്ടെങ്കില്‍ മാത്രമേ മരണശേഷമുള്ള അവയവകൈമാറ്റം നടത്താനാകൂ.
മസ്തിഷ്ക മരണം സംഭവിച്ചശേഷമുള്ള അവയവകൈമാറ്റം സംബന്ധിച്ചാണ് വ്യാപകമായ പ്രചാരണമുണ്ടായത്. സര്‍ക്കാറിന് പരാതി ലഭിച്ചില്ലെങ്കിലും പ്രമുഖർ ഉള്‍പ്പെടെ പ്രചാരണത്തില്‍ പങ്കുചേര്‍ന്നു. ഇതിനെത്തുടര്‍ന്ന് മസ്തിഷ്കമരണം സ്ഥിരീകരിക്കുന്ന കമ്മിറ്റി കൂടുതല്‍ ശക്തമാക്കി. അതില്‍ നാലു ഡോക്ടര്‍മാരെ നിര്‍ബന്ധിതമാക്കി. രണ്ടുപേര്‍ മരണം നടക്കുന്ന ആശുപത്രിക്ക് പുറത്തുള്ളവരാകണം. അതില്‍ ഒരാള്‍ സര്‍ക്കാര്‍ ഡോക്ടറാകണം. ഇതിനായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പാനല്‍ തയാറാക്കി.
അവര്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്. ആറു മണിക്കൂര്‍ ഇടവിട്ട് പരിശോധന. ഈ കമ്മിറ്റിയാണ് മസ്തിഷ്കമരണം സ്ഥിരീകരിക്കേണ്ടത്. അത് വിഡിയോയില്‍ പകര്‍ത്തി സൂക്ഷിക്കണമെന്നും ഉത്തരവിലുണ്ട്.
നടപടികളില്‍ സംശയം പ്രകടിപ്പിച്ച് ചില ഡോക്ടര്‍മാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ ഇതൊക്കെ നിര്‍ബന്ധമാണെന്ന നിലപാടാണ് സര്‍ക്കാറിനെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.