എൻഡോസൾഫാൻ സമരം; കുഞ്ഞുങ്ങളെ പ്രദർശിപ്പിക്കുന്നതിന് എതിരെ മന്ത്രി; മറുപടിയുമായി ദയാബായി
text_fieldsതിരുവനന്തപുരം: സെക്രേട്ടറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരമിരിക്കുന്ന എൻഡോസൾഫാൻ ഇരകളെ പരസ്യമായി തള്ളി മന്ത്രി കെ.കെ. ശൈലജ. കുഞ്ഞുങ്ങളെ പ്രദർശിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ആരുടെ താൽപര്യപ്രകാരമാണ് ഇവർ ഇവിടെ ഇരിക്കുന്നതെന്ന് അറിയില്ലെന്നും അവർ പറഞ്ഞു. സമരക്കാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്തു, പിന്നെ എന്തിനാണ് സമരമെന്നും വാർത്തസമ്മേളനത്തിൽ മന്ത്രി ചോദിച്ചു.
നിരാഹാരമനുഷ്ഠിക്കുന്ന ദയാബായി മന്ത്രിക്ക് മറുപടിയുമായി എത്തി. മനഃസാക്ഷിയുണ്ടെങ്കില്‍ മന്ത്രിക്ക് സമരം എന്തിനെന്ന് മനസ്സിലാകുമെന്ന് അവർ പറഞ്ഞു. സമരക്കാരെ അറിയില്ലെങ്കില്‍ മന്ത്രി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയതെങ്ങനെയെന്നും അവർ ചോദിച്ചു.
ദുരിതബാധിതരായ എല്ലാവർക്കും സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ എൻഡോസൾഫാൻ സമരസമിതി രാപകൽ സമരം തുടങ്ങിയിരുന്നു. ദുരിതബാധിതർക്ക് 11 പഞ്ചായത്ത് എന്ന പരിധി അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സമരം. സമരം തീർക്കാൻ മന്ത്രി ഇ. ചന്ദ്രശേഖരൻ നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇതേ തുടർന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്താനും എൻഡോസൾഫാൻ സമരസമിതി തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.