ഇരയല്ല, അതിജീവിതയെന്ന് ഒരു പെൺകുട്ടി പറയുന്നത് വലിയ മാറ്റം -കെ.കെ. ശൈലജ
text_fieldsകൊച്ചി: താൻ ഇരയല്ല, അതിജീവിതയാണെന്ന് ഒരു പെൺകുട്ടി പറയാൻ തയാറായത് വലിയ മാറ്റമാണെന്ന് കെ.കെ. ശൈലജ എം.എൽ.എ. താരസംഘടനയായ 'അമ്മ'യുടെ വനിത ദിനാഘോഷം "ആർജവ-2022' ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.
കുടുംബത്തിലൊരാൾക്ക് ബുദ്ധിമുട്ട് ഉണ്ടായാൽ ആ സമയത്ത് ഒപ്പം നിൽക്കേണ്ടത് മറ്റു കുടുംബാംഗങ്ങളാണ്. അന്നേരം ന്യായമെന്ത്, അന്യായമെന്ത് എന്നൊന്നും നോക്കേണ്ടതില്ല, അതൊക്കെ പിന്നീട് നോക്കിയാൽ മതിയെന്നും സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് ഒപ്പം നിൽക്കാൻ താരസംഘടനകൾക്ക് കഴിയണമെന്നും ശൈലജ കൂട്ടിച്ചേർത്തു. സിനിമ മേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ തുറന്നുപറയാൻ സ്ത്രീകളും അതുകേൾക്കാൻ സംഘടനകളും തയാറാകണം. പരാതി പറയാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടതില്ല. അനുഭവിക്കുന്ന കാര്യങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ ഉടൻ പരാതിപ്പെടണമെന്നും അവർ കൂട്ടിച്ചേർത്തു.
കലൂർ 'അമ്മ' ഓഫിസിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് ശ്വേത മേനോൻ അധ്യക്ഷത വഹിച്ചു. മുൻ ഡി.ജി.പി ആർ. ശ്രീലേഖ, ഷബാനിയ അജ്മൽ, രചന നാരായണൻകുട്ടി എന്നിവർ സംസാരിച്ചു. സിനിമ മേഖലയിലെ പോഷ് ആക്ട് സംബന്ധിച്ച് അഡ്വ. ടീന ചെറിയാൻ സംസാരിച്ചു. നടിമാരുടെ നേതൃത്വത്തിൽ നടത്തിയ കലാപരിപാടികൾ അമ്മ പ്രസിഡന്റ് മോഹൻലാൽ ഉദ്‌ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.