ചുരം കയറിയ KL 10 ഓഫ് റോഡ് ക്ലബ്
text_fieldsഒരടിപോലും മുന്നോട്ടുവെക്കാൻ കഴിയാതെ സർവവും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ ചളിനിറഞ്ഞ പ്രദേശത്ത് രക്ഷാപ്രവർത്തകരുടെ ഹൃദയം കവർന്ന കൂട്ടായ്മയാണ് മലപ്പുറത്തെ KL 10 Off Road club. വയനാട് മുണ്ടക്കൈയിലെ ദുരന്തബാധിത പ്രദേശത്തും സൂചിപ്പാറ വെള്ളച്ചാട്ടവും കുതിച്ചെത്തിയ ചാലിയാർ പുഴയോരത്തും കൂട്ടായ്മയിലെ ഓഫ് റോഡ് ജീപ്പുകൾ രക്ഷാ പ്രവർത്തനത്തിൽ പങ്കാളിയായി. സ്വന്തം കൈയിൽനിന്നും പണമെടുത്ത് വാഹനത്തിൽ ഇന്ധനം നിറച്ച് ആരും കടന്നുചെല്ലാൻ കഴിയാത്ത ഭാഗങ്ങളിലേക്ക് ഒന്നിന് പിറകെ ഒന്നായി വാഹനങ്ങൾ ഓടിച്ചുകയറിയത് മലയാളികളുടെ കൂടി മനസ്സിലേക്കായിരുന്നു. 2018ലായിരുന്നു മലപ്പുറം കവളപ്പാറയിൽ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ ദുരന്തം. അതിനും രണ്ടുവർഷം മുമ്പ് 2016ലാണ് ജീപ്പുകൾ മാത്രം ഇഷ്ടപ്പെടുന്നവരുടെ കൂട്ടായ്മക്ക് തുടക്കമിടുന്നത്. പടപ്പറമ്പ് സ്വദേശിയായ ഷാമിലിന്റേതായിരുന്നു ആശയം. പിന്നാലെ 2018ൽ കവളപ്പാറയിലും 2019ൽ കോവിഡ് കാലത്തും സർക്കാർ സംവിധാനത്തോടെ പൊലീസ്, അഗ്നിശമന സേന, വനംവകുപ്പ്, ദുരന്തനിവാരണ സേന തുടങ്ങിയ വിഭാഗങ്ങളുമായി സഹകരിച്ച് പ്രവർത്തിച്ചു. പിന്നീട് 2019ൽ എൻ.വൈ.കെയുടെ കീഴിൽ മലപ്പുറം കേന്ദ്രമാക്കി ക്ലബായി രൂപവത്കരിച്ചു.
വർഷങ്ങൾക്കിപ്പുറം വനിതകൾ കൂടി ഉൾപ്പെടുന്ന സ്വദേശികളും വിദേശികളുമായി 196 പേരടങ്ങുന്ന അംഗങ്ങളുടെ കൂട്ടായ്മയായി ഇത് മാറി. 1942 മോഡൽ ഫോർഡ് വില്ലീസ് മുതൽ 2024 വരെയുള്ള 160ൽപ്പരം വാഹനങ്ങളുള്ള സ്വതന്ത്രമായൊരു സംഘടന. ഡിഗ്രി വിദ്യാർഥികൾ മുതൽ 70ന്റെ ആവേശത്തിലുള്ള കരുത്തരായ അംഗങ്ങൾ. മലപ്പുറം സ്വദേശിയായ സവാദ് പാമ്പുപിടിത്തത്തിലും പ്രാവീണ്യം നേടിയ വ്യക്തിയാണ്. സ്വന്തമായി തോണിയും ഉള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയാൽ രക്ഷാപ്രവർത്തനത്തിനും കർമനിരതനാണ്. താനൂർ സ്വദേശിനിയായ ഷമീനയും വണ്ടൂരിലെ സുഹ്റയുമാണ് വനിത അംഗങ്ങൾ. ഇരുവരും മത്സരരംഗത്തും സന്നദ്ധ പ്രവർത്തന മേഖലയിലും മികവ് പുലർത്തുന്നവർ. വർഷങ്ങളായി വയനാടുള്ള ഷമീന മുണ്ടക്കൈ രക്ഷാദൗത്യത്തിൽ മുൻനിരയിലുണ്ടായിരുന്നു.
ചാലിയാറിൽ മൂന്നുദിവസമാണ് രക്ഷാദൗത്യത്തിൽ ടീം പങ്കാളികളായത്. മുണ്ടക്കൈ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും പുഴയോരത്ത് കണ്ടെത്തിയെന്ന വാർത്തയാണ് ആദ്യം കേൾക്കുന്നത്. ഇതോടെ അംഗങ്ങൾക്ക് അലർട്ടാകാൻ ജാഗ്രതാ സന്ദേശം നൽകി. 71 വാഹനങ്ങൾ റെഡിയാണെന്നുള്ള മറുപടിയും വന്നു. പിന്നാലെ വയനാട് ചൂരൽമലയിലേക്ക് കോഴിക്കോടുനിന്നും അറുപത് ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ ടീമിനെ എത്തിക്കാനുള്ള സന്ദേശം ലഭിക്കുന്നത്. കേരള മോട്ടോർ സ്പോർട്സ് സൊസൈറ്റി എന്ന പേരിലുള്ള കേരളമുടനീളമുള്ള കൂട്ടായ്മ വഴി വിവരമറിഞ്ഞ അംഗങ്ങൾ മൂന്നു വാഹനങ്ങളുമായി ചുരംകയറി. ഒരുതരത്തിലും കടന്നുചെല്ലാൻ കഴിയാത്ത ഭാഗങ്ങളിലേക്ക് വാഹനങ്ങളിൽ ആരോഗ്യ പ്രവർത്തകരെ എത്തിച്ചതോടെ മേപ്പാടി പൊലീസ് ഇൻസ്പെക്ടറുടെ വിളിവന്നു. ‘ഇമ്മാതിരിയുള്ള’ പത്തു വാഹനങ്ങൾ കൂടി വേണമെന്ന്. സൈന്യവും ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ ഉപയോഗിച്ചിരുന്നത് ഈ വാഹനങ്ങളായിരുന്നു.
ഇതിനിടയിലും ചാലിയാറിൽ തിരച്ചിൽ പുരോഗമിച്ചു. ഇവിടത്തെ പ്രധാന പ്രശ്നം മഴക്കുപിന്നാലെ രണ്ടു കിലോമീറ്ററോളം കാൽനടയായിരുന്നു. ഫാമിനോടുചേർന്ന് വാഹനങ്ങളിൽ എത്തുന്ന സന്നദ്ധ പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും പ്രധാന വെല്ലുവിളിയും ഇതായിരുന്നു. ചളിനിറഞ്ഞുകിടക്കുന്ന ചെമ്മൺപാതയിലൂടെ പിക്കപ് ലോറി, ട്രാക്ടർ, അതുമല്ലെങ്കിൽ ഉയരം കൂടിയ വാഹനങ്ങൾ ഇതായിരുന്നു ഏക ആശ്രയം. ഇതറിഞ്ഞ മന്ത്രി ആർ. ബിന്ദുവിന്റെ മകനും മഞ്ചേരി കോടതിയിലെ അഭിഭാഷകനും കൂടിയായ ഹരികൃഷ്ണൻ വഴിയാണ് ടീം മുണ്ടേരിയിൽ എത്തുന്നത്. ചാലക്കുടിയിലെ സന്തോഷ് വഴി ലഭിച്ച ഫോൺ നമ്പറിലൂടെ കൂട്ടായ്മയുടെ ചെയർമാനായ മാലിക് സാദിനെ ഹരി വിളിച്ചുപറഞ്ഞത് എത്രയും പെട്ടെന്ന് അഞ്ച് ഓഫ് റോഡ് വാഹനങ്ങൾ വേണമെന്നായിരുന്നു. മണിക്കൂറുകൾക്കകം പത്തു വാഹനങ്ങളെത്തി. ഇവർ തലങ്ങും വിലങ്ങും ഓടി. മഴ കനത്തതോടെ കരുവാരകുണ്ടിൽ നിന്നും ആദിവാസി കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് എത്തിക്കാനുള്ള നിർദേശം ലഭിച്ചതോടെ 12 വാഹനങ്ങൾ കാടുകയറി. സ്വദേശിയും അംഗവുമായ ഷാഫിയെ വിവരമറിയിച്ചതോടെയാണ് ശ്രമകരമായ ദൗത്യം ഏറ്റെടുത്തത്.
ഇവരുടെ കൈയിലുള്ളതെല്ലാം ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങളാണ്. മലപ്പുറത്തെ അംഗമായ ഷിമിലി വെള്ളത്തിൽ നിന്നും വാഹനം ഓടിച്ചുകയറുന്ന വിഡിയോ വൈറലായിരുന്നു. ദിവസങ്ങൾക്കുമുമ്പ് മലപ്പുറം-കോഴിക്കോട് പാത വെള്ളത്തിനടിയിലായപ്പോൾ രക്ഷാപ്രവർത്തനത്തിനെത്തിയത് ഷിമിലിയും തന്റെ ഓഫ് റോഡ് ജീപ്പുമായിരുന്നു. ചെറുതും വലുതുമായി നിരവധി മത്സരങ്ങളിൽ കഴിവുതെളിയിച്ചവരാണ് കൂട്ടത്തിൽ പലരും. മത്സരത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ നിരത്തിൽ ഇറക്കാറില്ല. മത്സരവേദികളിലേക്ക് ലോറികളിൽ കയറ്റിയാണ് എത്തിക്കുക. മാത്രമല്ല, വാഹനങ്ങളുടെ രൂപവ്യത്യാസം ചെറിയ പിഴ അടക്കേണ്ട സ്ഥിതിയും വരാറുണ്ട്. നിയമവശങ്ങളെ ബഹുമാനിച്ചാണ് പ്രവർത്തനമെങ്കിലും വിദേശ രാജ്യങ്ങളിലെപോലെ നമ്മുടെ നാട്ടിലും ഇത്തരം വാഹനങ്ങൾക്കായി നിയമ ഭേദഗതികൾ വരുത്തണമെന്ന അഭിപ്രായവും ഇവർക്കുണ്ട്.
പുൽപള്ളി ഓഫ് റോഡ്, വയനാട് ജീപ്പേഴ്സ്, ചെറുവാടി അഡ്വഞ്ചർ ക്ലബ് എന്നിവർ മുണ്ടക്കൈയിൽ സേവനരംഗത്ത് തങ്ങളുടെ സാന്നിധ്യമറിയിച്ച കൂട്ടായ്മകളാണ്. സമൂഹത്തിന്റെ ഓരോ സ്പന്ദനവും മനസ്സിലാക്കി തങ്ങൾക്ക് ചെയ്യാൻ കഴിയുന്നതാണെങ്കിൽ രാത്രിയോ പകലോ വ്യത്യാസമില്ലാതെ ഇവർ വാഹനങ്ങളുമായി ഇറങ്ങും. കൃത്യമായി മോണിറ്റർ ചെയ്യാൻ കാവനൂർ സ്വദേശിയായ, സെക്രട്ടറി ടി.കെ. ഷംസുദ്ദീനും പത്തപ്പിരിയത്തെ മാലിക് സാദ് എന്ന ചെയർമാനുമുണ്ട്. രക്ഷാപ്രവർത്തനത്തിന് ഉപകരണങ്ങളടക്കമുള്ള സംവിധാനങ്ങൾ ഉള്ളതിനാൽ ഏത് ആപത്ഘട്ടത്തിലും സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ തയാറാണെന്നുമുള്ള നിവേദനം കലക്ടർക്ക് നൽകാനുള്ള തയാറെടുപ്പിലാണ് ഇവരിപ്പോൾ.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.