കെ.എൽ 99; സർക്കാർ വാഹനങ്ങൾക്ക് ഏകീകൃത നമ്പർ
text_fieldsതിരുവനന്തപുരം: സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയാൻ ഏകീകൃത നമ്പർ സംവിധാനമേർപ്പെടുത്തുന്നതിന് ഗതാഗത വകുപ്പിന്റെ പച്ചക്കൊടി. ‘കെ.എൽ 99’ ശ്രേണിയിലുള്ള നമ്പറുകൾ സർക്കാർ വാഹനങ്ങൾക്ക് മാത്രമായി നിജപ്പെടുത്താൻ ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തല യോഗത്തിൽ ധാരണയായി.
വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയമായതിനാൽ മുഖ്യമന്ത്രിയാകും അന്തിമ തീരുമാനം കൈക്കൊള്ളുക. ഗതാഗത വകുപ്പിന്റെ ശിപാർശ മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറും.
സർക്കാർ വാഹനങ്ങൾ തിരിച്ചറിയാൻ പൊതുവായി കെ.എൽ 99 എന്ന നമ്പറും വിവിധ വിഭാഗങ്ങൾക്ക് ഇതിനൊപ്പം എ,ബി,സി,ഡി എന്നീ അക്ഷരങ്ങളും നൽകാനാണ് ശിപാർശ. ഇതനുസരിച്ച് ‘കെ.എൽ 99 എ’ സർക്കാർ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് നൽകും. ‘കെ.എൽ 99 ബി’ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും ‘കെ.എൽ 99 സി’ തദ്ദേശ സ്ഥാപനങ്ങൾക്കും ‘കെ.എൽ 99 ഡി’ പൊതുമേഖല സ്ഥാപനങ്ങൾക്കും നൽകും. ഇതിനായി മോട്ടോര്‍ വാഹനച്ചട്ടം ഭേദഗതി ചെയ്യേണ്ടിവന്നു.
നിലവിൽ ഓരോ വകുപ്പിന്റെയും പേരിലാണ് വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നത്. മാത്രമല്ല, നമ്പറുകൾ വിവിധ ശ്രേണിയിലായതിനാൽ സംസ്ഥാനത്ത് സർക്കാർ ഉടമസ്ഥതയിൽ എത്ര വാഹനങ്ങളുണ്ടെന്ന കണക്കുപോലും സർക്കാറിലില്ല. ഈ പോരായ്മ പരിഹരിക്കലിനൊപ്പം അനാരോഗ്യ പ്രവണതകളില്ലാതാക്കാൻ കൂടിയാണ് പുതിയ നീക്കം. സർക്കാർ വാഹനങ്ങളുടെ ‘ഗവൺമെന്റ് ഓഫ് കേരള’ ബോർഡ് ഇല്ലെങ്കിലും നമ്പർ നോക്കി ഔദ്യോഗിക വാഹനം തിരിച്ചറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.