എബ്രഹാമിന്‍െറ വസതിയിലെ പരിശോധന: ദുരൂഹമെന്ന് വിജിലന്‍സ് ഇന്‍റലിജന്‍സ്
text_fieldsതിരുവനന്തപുരം: ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന്‍െറ വസതിയില്‍ പരിശോധന നടത്തിയ സ്പെഷല്‍ സെല്‍ എസ്.പി രാജേന്ദ്രന്‍െറ ഭാഗത്തുനിന്ന് ഗുരുതരവീഴ്ച സംഭവിച്ചെന്ന് വിജിലന്‍സ് ഇന്‍റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട്. എബ്രഹാമിനെതിരെ കോടതി നിര്‍ദേശപ്രകാരമാണ് അന്വേഷണം ആരംഭിച്ചതെങ്കിലും വസതിയില്‍ പരിശോധന നടത്താന്‍ തിടുക്കംകാണിച്ചെന്നും നടപടിയില്‍ രഹസ്യസ്വഭാവം പുലര്‍ത്തിയില്ളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉന്നതരുടെ വീട്ടില്‍ പരിശോധന നടത്തുമ്പോള്‍ വിജിലന്‍സ് ഡയറക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് ചട്ടം. പരിശോധനക്ക് വനിതാ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടണമായിരുന്നു. ഇതെല്ലാം അവഗണിച്ചതിനുപിന്നില്‍ ദുരൂഹതയുണ്ടെന്നാണ് ഇന്‍റലിജന്‍സ് വിഭാഗം പറയുന്നത്.
ദീര്‍ഘകാലം വിജിലന്‍സില്‍ പ്രവര്‍ത്തിച്ചിട്ടുള്ള രാജേന്ദ്രന് നടപടിക്രമങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. ഈ സാഹചര്യത്തില്‍ വീഴ്ച സംഭവിക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍, എബ്രഹാമിന്‍െറ വസതിയില്‍ പരിശോധന നടത്തിയതുമായി ബന്ധപ്പെട്ട് സംഭവിച്ച വീഴ്ച ബോധപൂര്‍വമാണോയെന്നും വിജിലന്‍സ് വൃത്തങ്ങള്‍ സംശയിക്കുന്നു. വീഴ്ചയുടെ ഉത്തരവാദിത്തം വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസിന്‍െറ തലയില്‍ കെട്ടിവെക്കാനും അതിലൂടെ അദ്ദേഹത്തിനെതിരായ നീക്കങ്ങള്‍ ശക്തമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നു.
സംഭവുമായി ബന്ധപ്പെട്ട് എ.ജി.ഡി.ജി ഷേഖ് ദര്‍വേഷ് സാഹിബ് നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിന് എസ്.പി രാജേന്ദ്രന്‍ മറുപടി നല്‍കിയിട്ടുണ്ട്. അവധിയിലുള്ള ജേക്കബ് തോമസ് ചൊവ്വാഴ്ച മടങ്ങിയത്തെിയാലുടന്‍ അദ്ദേഹം മറുപടി പരിശോധിച്ച് തുടര്‍നടപടികള്‍ക്കായി സര്‍ക്കാറിന് കൈമാറും.
ഇതോടൊപ്പം, അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ തൊഴില്‍വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ നടപടി ആവശ്യപ്പെട്ട് ജേക്കബ് തോമസ് സര്‍ക്കാറിന് കത്ത് കൈമാറുമെന്നും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.