കെ.എം. ബഷീറിന്റെ മരണം: അന്വേഷണ സമിതിക്ക് മുന്നിലും കുറ്റം നിഷേധിച്ച് ശ്രീറാം
text_fieldsതിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ച് മരിച്ച കേസില്‍ സസ്പെന്‍ഷനിൽ കഴിയുന്ന െഎ.എ.എസുകാരൻ ശ്രീറാം വെങ്കിട്ടരാമന് സർക്കാർ നിയോഗിച്ച അന്വേഷണ സമിതി മുമ്പാകെയും കുറ്റം നിഷേധിച്ചു. സർക്കാർ ഉദ്യോഗസ്ഥരടങ്ങിയ അന്വേഷണ സമിതി തലവൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്ഗിന് മുന്നില്‍ ഹാജരായാണ് ശ്രീറാം തെൻറ വാദം ആവർത്തിച്ചത്. കേസിലെ പരാതിക്കാരനും സിറാജ് ഡയറക്ടറുമായ എ. സൈഫുദ്ദീന് ഹാജിയില്‍നിന്ന് സമിതി മൊഴിയെടുത്തു.
വകുപ്പുതല അന്വേഷണത്തിെൻറ ഭാഗമായി നല്കിയ കുറ്റപത്രത്തിന് നല്കിയ വിശദീകരണം ശ്രീറാം വെങ്കിട്ടരാമന് സമിതിക്ക് മുന്നില്‍ ആവര്‍ത്തിക്കുകയായിരുന്നു. അപകടസമയത്ത് താന്‍ വാഹനമോടിച്ചില്ലെന്ന വാദമാണ് ശ്രീറാം ഉന്നയിച്ചത്. ഇത് തള്ളുന്ന തെളിവുകള്‍ നിരത്തിയാണ് സിറാജ് ഡയറക്ടര്‍ എ. സൈഫുദ്ദീന് ഹാജി മറുപടി നല്‍കിയത്. സംഭവം നടക്കുേമ്പാൾ ശ്രീറാം തന്നെയാണ് വാഹനമോടിച്ചിരുന്നതെന്നും അദ്ദേഹം അപ്പോൾ മദ്യപിച്ചിരുന്നെന്നും അപകടസമയത്ത് കാറിലുണ്ടായിരുന്ന ശ്രീറാമിെൻറ സുഹൃത്ത് വഫാ ഫിറോസ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(5)ല്‍ നല്കിയ മൊഴി സൈഫുദ്ദീന് ഹാജി സമിതിക്ക് മുമ്പാകെ സമര്‍പ്പിച്ചു.
എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ നിലവില്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇതുസംബന്ധിച്ച് ശേഖരിച്ച മൊഴികളും മറ്റ് രേഖകളുംകൂടി സമിതി പരിശോധിക്കണമെന്നും ഹാജി ആവശ്യപ്പെട്ടു. സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് ആയിരുന്ന ശ്രീറാം വെങ്കിട്ടരാമന് ഇത്തരത്തില്‍ തെറ്റായ മൊഴി നല്കിയ സാഹചര്യത്തില്‍ അദ്ദേഹത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി തുടരാൻ അവകാശമില്ലെന്നും പരാതിക്കാരന് ബോധിപ്പിച്ചു.
പരാതിക്കാരനെ ക്രോസ് ചെയ്യാനുണ്ടോ എന്ന ചോദ്യത്തിന് പിന്നീട് അറിയിക്കാമെന്ന് ശ്രീറാം മറുപടി നല്കി. നിലവിലെ മ്യൂസിയം എസ്.ഐയില്‍നിന്ന് കഴിഞ്ഞദിവസം സമിതി തെളിവെടുത്തു. ബഷീറിെൻറ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായ ശ്രീറാം വെങ്കിട്ടരാമനെ സസ്പെന്‍ഡ് ചെയ്ത ശേഷം ചീഫ് സെക്രട്ടറിയാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്.
സംസ്ഥാന പട്ടികജാതി-വര്‍ഗ പിന്നാക്ക വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായ സഞ്ജയ് ഗാര്‍ഗിനാണ് മുഖ്യ അന്വേഷണ ചുമതല. ഊര്‍ജ വകുപ്പ് സെക്രട്ടറിയായ ഡോ. ബി. അശോകാണ് പ്രസൻറിങ് ഓഫിസര്‍.
ശ്രീറാം വെങ്കിട്ടരാമന് നല്കിയ വിശദീകരണ കുറിപ്പ് അന്വേഷണ സമിതി പരിശോധിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്ന വിശദീകരണമാണ് ശ്രീറാം കുറിപ്പില്‍ നല്‍കിയിരുന്നത്. ഒപ്പമുണ്ടായിരുന്ന വഫാ ഫിറോസാണ് വാഹനമോടിച്ചിരുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിശദീകരണം. കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് പുലർച്ച 12.55നാണ് ശ്രീറാം സഞ്ചരിച്ച വാഹനമിടിച്ച് കെ.എം. ബഷീര്‍ കൊല്ലപ്പെട്ടത്.
മാധ്യമങ്ങളില്‍നിന്ന് ഓടിയകന്ന് ശ്രീറാം
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ച് മരിച്ച കേസില്‍ പ്രതിയായി സസ്പെന്‍ഷനിലുള്ള ശ്രീറാം വെങ്കിട്ടരാമന് മാധ്യമങ്ങൾക്ക് പിടികൊടുക്കാതെ ഒാടിയകന്നു. ചൊവ്വാഴ്ച രാവിലെ 10.30യോടെ സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ രണ്ടാം നിലയിലെ അന്വേഷണ സമിതി തലവൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്ഗിെൻറ ഓഫിസിന് മുന്നിലെത്തി. മാധ്യമപ്രവര്‍ത്തകര്‍ക്ക് പിടികൊടുക്കാതെയാണ് എത്തിയത്. തെളിവെടുപ്പിനുശേഷം താഴെയിറങ്ങിയ ശ്രീറാമിനെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞപ്പോള്‍ സെക്രട്ടേറിയറ്റിനുള്ളിലേക്ക് മടങ്ങി. പിന്നീട് നോര്‍ത്ത് ബ്ലോക്കില്‍നിന്ന് മെയിന്‍ ബ്ലോക്കിലേക്ക് കടന്ന് അവിടെനിന്ന് സൗത്ത് ബ്ലോക്കിലെ സൗത്ത് ഗേറ്റിലൂടെ പുറത്തുകടക്കുകയുമായിരുന്നു. പ്രതികരണം ആരാഞ്ഞെങ്കിലും മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.