കാണികളിൽനിന്ന് കുറിപ്പെത്തി; മസിൽപിടിത്തം നിർത്തി ഹസ്തദാനം
text_fieldsതൃശൂർ: ഒരേ വേദിയിൽ ഒരു കസേരക്ക് അപ്പുറവും ഇപ്പുറവുമായി കാനം രാജേന്ദ്രനും കെ.എം. മാണിയും പരസ്പരം മിണ്ടാതെ കഴിച്ചുകൂട്ടിയത് രണ്ടര മണിക്കൂർ. ഇരുവരെയും കാമറയിൽ പകർത്താൻ മാധ്യമപ്രവർത്തകർ കാത്തിരുന്നു. നേതാക്കളുടെ പിരിമുറുക്കം കണ്ട് ആകാംഷയോടെ സദസ്സും. പിന്നെപ്പിന്നെ എല്ലാവരുടെയും ക്ഷമ നശിച്ചു. തുടർന്ന് സദസ്സിൽനിന്ന് ഇരുനേതാക്കൾക്കും കുറിപ്പ് കിട്ടി. നിങ്ങൾ സംസാരിക്കുന്നതും കൈ കൊടുക്കുന്നതും കാണാൻ ഞങ്ങൾക്ക് താൽപര്യമെന്നായിരുന്നു കുറിപ്പ്. അത് ലഭിച്ചയുടൻ എസ്. രാമചന്ദ്രൻപിള്ള ഇടപെട്ടു. ഉടൻ കാനം രാജേന്ദ്രൻ കെ.എം. മാണിക്ക് നേരെ കൈനീട്ടി. ഇരുവരും ഹസ്തദാനം നടത്തി. അതോടെ എല്ലാവരും ‘ഹാപ്പി’... സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകീട്ട് തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച ‘കേരളം -ഇന്നലെ, ഇന്ന്, നാളെ’ സെമിനാറിലാണ് ഇൗ രംഗങ്ങൾ അരങ്ങേറിയത്.
ഉദ്ഘാടകനായ സി.പി.എം പി.ബി. അംഗം എസ്. രാമചന്ദ്രൻപിള്ളക്ക് ഇരുവശത്തുമായിട്ടായിരുന്നു മാണിക്കും കാനത്തിനുമുള്ള കസേര. മാണിയെ ഇടതുമുന്നണിയിൽ എടുക്കുന്നത് സംബന്ധിച്ച വിവാദം നിലനിൽക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ പരിപാടിയായിരുന്നു ഇത്.മുന്നണി വിപുലീകരണ ചർച്ചകൾക്ക് വാതിൽ തുറന്നിട്ടുള്ള പ്രസംഗമായിരുന്നു എസ്.ആർ.പിയുടേത്. തുടർന്ന് സംസാരിക്കാനായെത്തിയ കാനം രാജേന്ദ്രൻ വിഷയത്തിൽ ഒതുങ്ങിനിൽക്കുന്നുവെന്ന ആമുഖത്തോടെയാണ് തുടങ്ങിയതെങ്കിലും മുന്നണിയിലേക്ക് മാണിയെ കൊണ്ടുവരരുതെന്ന് ഒടുവിൽ പരോക്ഷമായി പറഞ്ഞുെവച്ചു.
പ്രസംഗം സസൂക്ഷ്മം കേട്ട് കുറിപ്പെഴുതിയ മാണിയിൽനിന്ന് കാനത്തിനുള്ള മറുപടിയായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ രാഷ്ട്രീയം പൂർണമായും ഒഴിവാക്കി കൃഷി, തൊഴിലില്ലായ്മ, കടമെടുക്കൽ തുടങ്ങിയ വിഷയങ്ങളിൽ മാത്രം കേന്ദ്രീകരിച്ച് മാണി പ്രസംഗം നിർത്തി. തുടർന്ന് മാത്യു ടി. തോമസ് സംസാരിക്കുേമ്പാഴും ഇരുവരും പരസ്പരം മിണ്ടിയില്ല. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സംസാരിക്കാനായെത്തിയപ്പോഴാണ് സദസ്സിൽനിന്ന് കുറിപ്പുകൾ എത്തിയത്.
താൻ ഒരു കൂലിപ്പണിക്കാരനാണെന്നും നിങ്ങളെയൊക്കെ ബഹുമാനിക്കുന്ന ആളാണെന്നും ഒരു വേദിയിൽ ഇരുന്നിട്ട് നിങ്ങൾ മിണ്ടാതെ പോകുന്നത് ഞങ്ങൾക്ക് വിഷമമാകുമെന്നുമൊക്കെ ചുണ്ടിക്കാട്ടിയുള്ളതായിരുന്നു കുറിപ്പ്. അത് ലഭിക്കുന്നതിന് മുമ്പ് പോകാനുള്ള ഒരുക്കത്തിലായിരുന്നു മാണി. എന്നാൽ കുറിപ്പ് ലഭിച്ചതോടെ എസ്.ആർ.പിയും ഇടപെട്ടു. ഉടൻ തന്നെ കാനം മാണിക്ക് നേരെ കൈനീട്ടി. ഫ്ലാഷുകൾ തുരുതുരാ മിന്നി. സദസ്സിൽ നിന്ന് കൂട്ടച്ചിരി... കൈയ്യടി... അതിനിെട ആകാംഷയോടെ കാത്തിരുന്ന ദൃശ്യസൗഭാഗ്യത്തിനിടയിൽ ഇനി തെൻറ പ്രസംഗത്തിന് എന്ത് പ്രസക്തിയെന്ന് കടന്നപ്പള്ളിയുടെ കമൻറ്. കുറച്ചുകൂടെ കഴിഞ്ഞ് പോയാൽ പോരെയെന്ന സി.പി.എം ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണെൻറ അഭ്യർഥനയെ തുടർന്ന് മാണി 15 മിനിറ്റുകൂടി വേദിയിലിരുന്നു. തുടർന്ന് കാനത്തിന് നമസ്കാരം പറഞ്ഞ് മാണി വേദിവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.