കുട്ടിയമ്മയും പിള്ളേരും പിന്നെ കുടുംബ കോൺഗ്രസും
text_fieldsകാലം കുറച്ചു പിന്നോട്ടാണ്. പത്ത് നാൽപത്തഞ്ചുവർഷം മുമ്പ്. അടിയന്തരാവസ്ഥയെ എതിർത ്ത് അറസ്റ്റു വരിക്കാൻ വരെ തയാറായ കേരള കോൺഗ്രസുകാർ ഒടുവിൽ അച്യുതമേനോൻ മന്ത്രി സഭയിൽ ചേരാൻ തീരുമാനിക്കുന്നു. ഇതോടെ, കൂട്ടയടിയായി. പാർട്ടി ചെയർമാനായിരുന്ന കെ. എം. ജോർജിനെ മന്ത്രിയാക്കി, കെ.എം. മാണിയെ ചെയർമാനാക്കാനായി തീരുമാനം. എന്നാൽ, മാണിക്ക് മന്ത്രിയായാൽ മതി. തർക്കം മൂത്തതോടെ മാണിയുടെ അഭ്യുദയകാംക്ഷിയും പാർട്ടി നേതാവുമായ കെ.വി. കുര്യൻ അദ്ദേഹത്തെ ഉപദേശിച്ചു.
‘ഒന്നുകൂടി ആലോചിക്ക്, മന്ത്രിയാവണോ ചെയർമാ നാവണോ. തീരുമാനിക്കും മുമ്പ് പള്ളിയിൽ പോകണം. കുമ്പസരിച്ച് കുർബാന കൊള്ളണം. എന്നിട്ട് പ്രാർഥനാനിരതനായിരുന്ന് ചിന്തിച്ച് തീരുമാനമറിയിക്കണം.’ കുമ്പസരിച്ച് പ്രാർഥിച്ചിട്ടും ‘എനിക്ക് മന്ത്രിയാവണം’ എന്ന പല്ലവി മാണി ആവർത്തിച്ചതോടെ, കുര്യൻ വീണ്ടും പറഞ്ഞു, ഒന്നുകൂടി ചിന്തിക്കൂ.
അതോടെ മാണി കാര്യം തുറന്നുപറഞ്ഞു. ‘ഇനി ആലോചിക്കാനൊന്നുമില്ല, ഞാൻ വേണ്ടപ്പെട്ടവരുമായി ആലോചിച്ചു. കുട്ടിയമ്മയും പിള്ളേരും പറയുന്നത് ചെയർമാൻ സ്ഥാനത്തെക്കാൾ നല്ലത് മന്ത്രിസ്ഥാനമെന്നാണ്’.(മാണിയുടെ ഭാര്യയാണ് കുട്ടിയമ്മ)-(അനുഭവങ്ങൾ, അടിയൊഴുക്കുകൾ -ജോർജ് ജെ.മാത്യു)
അന്നത്തെക്കഥ ഇപ്പോൾ ഒാർക്കാൻ കാരണം പാർട്ടിയുടെ വർക്കിങ് ചെയർമാനായ പി.ജെ. ജോസഫിെൻറ ആഗ്രഹം തള്ളി തോമസ് ചാഴികാടനെ കോട്ടയത്ത് സ്ഥാനാർഥിയാക്കാനുള്ള മാണിയുടെ തീരുമാനം വന്നതോടെയാണ്. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും സ്ഥിരം നാടകവേദിയിലേതുപോലെ കഥ തുടരുകയാണ്. അന്ന് കുട്ടിയമ്മയും പിള്ളേരും തീരുമാനിച്ചു, ഇന്ന് ജോസ് മോനും നിഷയും പിള്ളേരും തീരുമാനിച്ചു. മാണിയും കുട്ടിയമ്മയും അത് അംഗീകരിച്ചു എന്ന വ്യത്യാസം മാത്രം.
സത്യത്തിൽ അതിന് കുറ്റംപറയാനൊന്നുമില്ല. കേരള കോൺഗ്രസ് എന്ന പേര് അബദ്ധത്തിൽ സംഭവിച്ചുപോയതാണ്. ശരിക്കും ഇടേണ്ടിയിരുന്നത് കുടുംബ കോൺഗ്രസ് എന്നായിരുന്നു. പാലാ, പൂഞ്ഞാർ, പിറവം, ചാമംപതാൽ, കൊട്ടാരക്കര, മൂവാറ്റുപുഴ, തൊടുപുഴ മേഖലയിലെ ചില കുടുംബക്കാർക്കു വേണ്ടിയുള്ള ഏർപ്പാട് മാത്രമാണിത്.
പിതാക്കന്മാരുടെ പേരിൽ ജോസ് കെ. മാണിക്കും ഷോൺ ജോർജിനും അനൂപ് ജേക്കബിനും പി.സി. തോമസിനും ഗണേഷ് കുമാറിനും ഫ്രാൻസിസ് ജോർജിനും കുടിയിരിക്കാനുള്ള ഒരു പാർട്ടി. അതിൽ ഇതുവരെ വ്യത്യസ്തനായിനിന്ന ജോസഫിനും ഒരു മോഹം. മകൻ അപുവിനും വേണം ഒരു ഇരിപ്പിടം. അതു കണ്ടെത്താനുള്ള കലഹങ്ങളാണ് ഇക്കാണുന്നതെല്ലാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.